കാലയവനികയ്ക്കുള്ളിലെ നീഗൂഢതയില്‍ എന്നും നന്ദിത

നന്ദിത… ഈ പേര് തന്നെ ഒരു നിഗൂഢതയാണ്. മരണം ഒന്നിനും ഒരു പരിഹാരം അല്ലെന്നു അറിഞ്ഞിട്ടും എന്തിനു നിങ്ങള്‍ മരണത്തെ സ്‌നേഹിച്ചു.

തന്റെ കോളേജിലെ മികച്ച ഒരു അധ്യാപികയായിരുന്നു നന്ദിത ടീച്ചര്‍. ജീവിച്ചിരുന്ന കാലയളവിലൊന്നും താന്‍ എഴുതിയ ഒരു വരികള്‍പോലും ആരും തന്നെ കണ്ടിട്ടില്ല. നന്ദിതയുടെ മരണശേഷമാണ് ആരേയും കാണിക്കാതെ ഒരു ഡയറിയില്‍ നന്ദിത കുറിച്ചിട്ടിരുന്ന കവിതകള്‍ അച്ഛനും അമ്മയും കണ്ടത്. പിന്നീട് അത് എല്ലാം ചേര്‍ത്തുവച്ച് ‘നന്ദിതയുടെ കവിതകള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.


നന്ദിതയെക്കുറിച്ച് വന്ന ലേഖനങ്ങളും, പുസ്തകങ്ങളും അവരുടെ മറക്കാനാവാത്ത ഓര്‍മ്മകളുമായി വയനാട്ടിലെ വീട്ടില്‍ അവരുടെ അച്ഛനും അമ്മയും ജീവിക്കുന്നു.


ആ വിടര്‍ന്ന കണ്ണുകളില്‍ അസാധാരണമായ തിളക്കവും മിഴിവാര്‍ന്ന സൗന്ദര്യവുമുണ്ടായിരുന്നു. എന്നിട്ടും കവിതകളുടെ സ്ഥായിഭാവം വിഷാദമായിരുന്നു. മരണത്തെ ഇത്രമേല്‍ സ്‌നേഹിച്ചിരുന്നുവോ. എന്തിനായിരിക്കും അവര്‍ തന്റെ ജീവിതം അവസാനിപ്പിച്ചത്? ഉത്തരമില്ലാത്ത ഒരു ചോദ്യംപോലെ അവരെ സ്‌നേഹിച്ചിരുന്നവരുടെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നു. ജീവിതം ചിലര്‍ക്ക് പലതും നിഷേധിക്കും. എന്നാല്‍ നന്ദിത ജീവിതത്തില്‍ നിന്നും പലതും നിഷേധിച്ചാണ് കടന്നുപോയത്. ഇനിയും എഴുതിതീര്‍ക്കാന്‍ എത്രയോ വരികള്‍ ഹൃദയത്തിന്റെ കോണില്‍ സൂക്ഷിച്ചുവെച്ച സ്‌നേഹം എല്ലാം… നന്ദിത കടന്നുപോയിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും അവരുടെ അക്ഷരങ്ങള്‍ ഇന്നും നമ്മുടെ മനസ്സുകളില്‍ മായാതെ നിലനില്‍ക്കുന്നു. വിങ്ങുന്ന പ്രണയവും മരണത്തിന്റെ ഗന്ധവുമാണ് നന്ദിതയുടെ കവിതകള്‍ക്ക്. കലാലയത്തിന്‍റെ ചുവരുകളില്‍ കോറിയിട്ട വരികളില്‍ പലതും നന്ദിതയുടേതാണ്.

നിങ്ങള്‍ക്കിഷ്ടപ്പെട്ട അരളിപ്പൂക്കളെയും വയലറ്റുപൂക്കളെയും തനിച്ചാക്കി നിങ്ങളുടെ വേരുകള്‍ തേടി ഏത് ലോകത്തേക്കാണ് യാത്രയായത്. പൗര്‍ണമിയുടെ നിറമുള്ള കണ്ണുകള്‍ക്കു നിലാവിന്‍റെ ശോഭയുള്ള മായാത്ത സൗന്ദര്യമേ… ഈ കണ്ണുകള്‍ക്കു ഇനി ഒരു പുനര്‍ജനി ഉണ്ടാകുമെങ്കില്‍ എന്നും മായാതെ മനസ്സില്‍ ഒരു നോവായി ഒരു ചോദ്യമായി നന്ദിത ടീച്ചര്‍…. പ്രണാമം.

അശ്വതി രൂപേഷ്

Leave a Reply

Your email address will not be published. Required fields are marked *