ഗൗരിയമ്മ 102ന്‍റെ നിറവില്‍

കേരളത്തിന്‍റെ വിപ്ലവനായികയ്ക്ക് 102-ാം പിറന്നാള്‍


സിബി അനീഷ്(അധ്യാപിക)

കേരള രാഷ്ട്രീയത്തിലെ ധീരവനിത എന്നും ഉരുക്കുവനിത എന്നും വിശേഷിപ്പിക്കാവുന്ന കെ.ആര്‍. ഗൗരിയമ്മ 102 ന്‍റെ നിറവില്‍. 1919 ജൂലൈ 14 നാണ് കെ.ആര്‍. ഗൗരിയമ്മ ജനിച്ചതെങ്കിലും നാളനുസരിച്ച് മിഥുന മാസത്തിലെ തിരുവോണത്തിലാണ് ഗൗരിയമ്മ പിറന്നാള്‍ ആഘോഷിക്കുന്നത്. ജാതീയവും അസമത്വങ്ങളും ചൂഷണങ്ങളും ജന്മിത്വവും കൊടികുത്തി വാണിരുന്ന കാലത്ത് ഇതൊന്നും ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതികരിച്ച വിപ്ലവ വനിത


വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ ഗൗരിയമ്മ സജീവമായിരുന്നു. ഏത് പ്രതിസന്ധിയേയും നേരിടാന്‍ തക്ക മനക്കരുത്താര്‍ജ്ജിച്ച ധീര സ്ത്രീ. കേരളത്തിലെ അല്ല ലോകത്തിലെ തന്നെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാറില്‍ അംഗമായ ആദ്യ വനിത. അതേ കേരളം കണ്ടതില്‍വെച്ച് നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമുള്ള ആദ്യ വനിതാ മന്ത്രി.


ഗൗരിയമ്മയുടെ ജീവിതം ആശ്ചര്യം നിറഞ്ഞതു തന്നെയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയായിരുന്നു ഗൗരിയമ്മയുടെ മന്ത്രിസഭയിലേക്കുള്ള കാല്‍വെയ്പ്പ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ഗൗരിയമ്മ പാര്‍ട്ടിയേയും പാര്‍ട്ടിനയങ്ങളേയും സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെയാവാം ഗൗരിയമ്മ 1957 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും മന്ത്രിസഭയിലെ സഹഅംഗവുമായ ടി.വി. തോമസിനെ വിവാഹം കഴിച്ചത്.

ടി.വി തോമസും കെ.ആര്‍ ഗൗരിയമ്മയും (ഫയല്‍ ചിത്രം)


1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഎം സ്ഥാപിക്കപ്പെട്ടപ്പോള്‍ കെ.ആര്‍. ഗൗരിയമ്മ സിപിഎമ്മില്‍ ചേര്‍ന്നു. അങ്ങനെ ഗൗരിയമ്മ വനിതാ മുഖ്യമന്ത്രിയാകുമെന്ന ഘട്ടം വന്നപ്പോള്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ സിപിഎമ്മില്‍ നിന്നു പുറത്താക്കി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഗൗരിയമ്മ പിന്നീട് ജെഎസ്എസ് എന്ന പാര്‍ട്ടി രൂപീകരിച്ചു. പിന്നീടെ ജെഎസ്എസ് യുഡിഎഫിന്റെ ഭാഗമാവുകയും ചെയ്തു.

2001-2006 കാലത്ത് എ.കെ. ആന്‍റണി ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ പ്രധാന വകുപ്പുകളുടെ ചുമതല കെ.ആര്‍. ഗൗരിയമ്മ വഹിക്കുകയും ചെയ്തു. പിന്നീട് അഡ്വ. എ.എം. ആരീഫിനോട് നിയമസഭ ഇലക്ഷനില്‍ മത്സരിച്ച് പരാജയപ്പെട്ട ഗൗരിയമ്മ രാഷ്ട്രീയ രംഗത്ത് നിന്ന് പ്രത്യക്ഷത്തില്‍ വിടവാങ്ങി എന്നിരുന്നാലും പരോക്ഷമായി ഗൗരിയമ്മ ഇന്നും രാഷ്ട്രീയത്തില്‍ നിലകൊള്ളുന്നു. ഇന്നും ഗൗരിയമ്മ തന്റേതായ രാഷ്ട്രീയ നിലപാടുകളില്‍ ഉ റച്ച് നില്‍ക്കുന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ ശരീരത്തിനുണ്ടെങ്കിലും മനസ്സില്‍ യൗവനത്തിന്‍റെ ഊര്‍ജ്ജ്വസ്വലതയും തീക്ഷ്ണതയും കുടികൊള്ളുന്നുണ്ട്.


സ്വാതന്ത്ര്യാനന്തര കാലത്തെ കേരള സംസ്ഥാനത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചരിത്രഗതിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയമ്മ എന്ന കെ.ആര്‍. ഗൗരിയമ്മ. ആധുനിക കേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഡയായ വനിതാഭരണാധികാരിയായിരുന്ന ഗൗരിയമ്മ കേരള രാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യം തന്നെയാണ്. ആ സാന്നിദ്ധ്യം ഇന്നും നിലനില്‍ക്കുന്നു. എല്ലാവിധ ആയുരാരോഗ്യസൗഖ്യവും കേരളത്തിന്‍റെ വിപ്ലവ വനിതയ്ക്ക് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!