നാടകാചര്യന്‍ എൻ.എൻ. പിള്ളയുടെ 27ാം ചരമവാര്‍ഷികം

മലയാള നാടകലോകത്തെ അസാധാരണ പ്രതിഭയാണ് എൻ.എൻ. പിള്ള. വികാരവും വിചാരവും വിശപ്പുമുള്ള സാധാരണമനുഷ്യരുടെ പക്ഷത്തു നിന്നുകൊണ്ട് ഉന്നയിച്ച ചോദ്യങ്ങളുടെ പരമ്പരയാണ് അദ്ദേഹത്തിന്റെ നാടകങ്ങൾ.
ക്രോസ്ബെൽറ്റ്, കണക്ക് ചെമ്പകരാമൻ, ഈശ്വരൻ അറസ്റ്റിൽ, വിഷമവൃത്തം, ഞാൻ സ്വർഗത്തിൽ, കാപാലിക, ഗറില്ല, ഭാവത്രയം, മന്വന്തരം, സുപ്രീംകോർട്ട്, ദി പ്രസിഡന്റ്, ഡാം, ദ ജഡ്ജ്മെന്റ് തുടങ്ങി 28 നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും നാടകദർപ്പണം, കർട്ടൻ എന്നീ പഠനഗ്രന്ഥങ്ങളും ഞാൻ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു.


“നിങ്ങളെന്നെ കമ്മ്യൂസ്റ്റാക്കി പോലെയുള്ള നാടകങ്ങൾ കാലത്തെ അതിജീവിക്കാതിരിക്കുമ്പോഴും എൻ.എൻ. പിള്ളയുടെ നാടകങ്ങൾ ആധുനികലോകത്തും പ്രസക്തമാണ് അദ്ദേഹത്തിന്റെ എല്ലാ നാടകങ്ങൾക്കും കാലത്തെ അതിജീവിക്കുന്ന കാന്തികശക്തിയുണ്ട്. സർവസാധാരണക്കാർക്ക് വേണ്ടി നല്ലകാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ കഴിയുന്ന നാടകമെന്ന കലാരൂപത്തിനോട് ഏറ്റവും ചേർന്നു നിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റ നാടകങ്ങളെന്നും ഒരു മൂളലിന്റെ വ്യത്യസ്തഭാവങ്ങളിലൂടെ ഒരേവാക്കിനെ പലതായി വ്യാഖ്യാനിക്കാമെന്ന് താൻ പഠിച്ചതും അദ്ദേഹത്തിൽ നിന്നാണെന്നും”
ആലപ്പുഴ എസ്.ഡി. കോളേജിൽ പ്രസംഗിക്കാൻ വന്ന എൻ.എൻ.പിള്ളയെക്കണ്ടതും വിദ്യാർഥികളുടെ സ്ഥിരം കൂവൽ ആരംഭിച്ചു. ആരായാലും പതറും. പക്ഷേ തെല്ലും പതറാതെ അദ്ദേഹം പറഞ്ഞു. കുട്ടികളായാൽ നന്നായി കൂവണം പക്ഷേ നാളെ ജീവിതമെന്ന മഹാസമസ്യയുമായി പൊരുതുമ്പോഴും ഇത് പോലെ കൂവാൻ കഴിയണം’’. അതോടെ കുട്ടികളുടെ കൂവൽ നിന്നു. നമുക്കൊന്നും സങ്കല്പിക്കാൻ കഴിയാത്ത ജീവിതയാഥാർത്ഥ്യങ്ങളിലൂടെ കടന്നുവന്ന ആ ജീവിതം നമ്മളെ അദ്‌ഭുതപ്പെടുത്തുകയല്ല അദ്‌ഭുതാദരവുണ്ടാക്കുകയാണെന്നും ആ നിർഭയത്വം താൻ നേരിൽ കണ്ട അനുഭവം കോളേജ് കാലത്തുണ്ടായിട്ടുണ്ടെന്നും ‘ ഒരിക്കൽ നെടുമുടി വേണു പറഞ്ഞിട്ടുണ്ട്.


1918 ഡിസംബർ 23 ന് നാരായണപിള്ളയുടെയും പാർവതി അമ്മയുടെയും മകനായി വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളെജിൽ പഠിച്ചു. ഇന്റർമീഡിയറ്റ് പരീക്ഷയിൽ തോറ്റതോടെ നാടുവിട്ട് മലയയിൽ എത്തി.
രണ്ടാം ലോകയുദ്ധകാലത്ത് ഐ.എൻ.എ യുടെ പ്രചാരണവിഭാഗത്തിൽ പ്രവർത്തിച്ചു. 1945-ൽ നാട്ടിൽ തിരിച്ചെത്തി. ഒരു വർഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവർഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയിൽ താമസമാക്കി. ഒട്ടേറെ നാടകങ്ങൾ രചിക്കുകയും 1952-ൽ വിശ്വകേരള കലാസമിതി സ്ഥാപിച്ചു.

വിശ്വകേരളാ സമിതിയിലൂടെ അരങ്ങിലെത്തിക്കുകയും ചെയ്തു. ഭാര്യ ചിന്നമ്മയും നടിയായിരുന്നു. മകൻ വിജയരാഘവൻ നാടക-ചലച്ചിത്രനടനാണ്.1995 നവംബർ 14 ന് അന്തരിച്ചു. എൻ.എൻ പിള്ളയുടെ നാടകങ്ങൾ പൊതുവേ സംഗീത നാടകങ്ങൾ ആയിരുന്നില്ലെങ്കിലും, നാടകങ്ങളിൽ അനിവാര്യമായി വന്നിരുന്ന പാട്ടുകളിൽ എല്ലാം തന്നെ അദ്ദേഹമായിരുന്നു എഴുതിയത്. 1962 ൽ ‘ആത്മബലി’ എന്ന നാടകത്തിനുവേണ്ടി എൻ.എൻ. പിള്ള എഴുതി ജയവിജയൻമാർ ഈണം പകർന്ന ‘കാട്ടരുവിയും കടലും’ എന്ന അതിമനോഹരമായ ഗാനം അക്കാലത്ത് നാടകത്തിൽ പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നത് നടൻ ജോസ് പ്രകാശായിരുന്നു. പിന്നീട് ജോസ് പ്രകാശിന് സിനിമകളിൽ തിരക്കേറിയപ്പോൾ ആ കഥാപാത്രമായി അഭിനയിക്കാനെത്തിയ ടി .കെ ജോണി (വൈക്കം ജോൺ) നുവേണ്ടി പിന്നണിയിൽ ഈ പാട്ടുപാടിയിരുന്നതു പ്രമുഖ ഗായകനായ തോപ്പിൽ ആന്റോ ആയിരുന്നു . 1967 ൽ എൻ.എൻ പിള്ള– ജയവിജയൻ ടീമിന്റെ രണ്ടു നാടകഗാനങ്ങൾ ഗ്രാമഫോൺ റെക്കോർഡായി HMV പുറത്തിറക്കിയ ഈ രണ്ടു ഗാനങ്ങളും പാടിയതാകട്ടെ യേശുദാസും . ‘ആത്മബലി’യിലെ ‘കാട്ടരുവിയും കടലും’ എന്നു തുടങ്ങുന്ന ഗാനം ‘പ്രേതലോകം’ എന്ന നാടകത്തിലെ ഗാനമായി തെറ്റായിട്ടാണ് റെക്കോർഡിൽ രേഖപ്പെടുത്തിയിരുന്നത്.രചനാപരമായി ഉയർന്ന ഗുണനിലവാരം പുലർത്തിയിരുന്ന ഗാനങ്ങൾ തന്നെയാണ് രചിച്ചത്.


സ്വന്തം നാടകമായ ‘കാപാലിക’ ജനപ്രീതിയിൽ വളരെ മുന്നേറിയ സമയത്ത് 1974 ൽ സിനിമയായി പുനഃസൃഷ്ടിക്കപ്പെട്ടപ്പോൾ നാടകത്തിലെ അവതരണ ഗാനം സിനിമയിലേയ്ക്ക് കൂട്ടിച്ചേർക്കപ്പെട്ടു. അങ്ങനെ എൻ.എൻ. പിള്ള ചരിത്രത്തിൽ ഒരു ചലച്ചിത്രഗാന രചയിതാവുകൂടിയായി രേഖപ്പെടുത്തപ്പെട്ടു .നാടകത്തിന്റെ സംഗീതസംവിധാനം കുമരകം രാജപ്പനായിരുന്നുവെങ്കിലും ‘കാപാലിക’ സിനിമയായപ്പോൾ എ.ആർ.റഹ്മാന്റെ അച്ഛൻ ആർ.കെ. ശേഖറായിരുന്നു സംഗീത സംവിധായകൻ.ഒരു ഇംഗ്ളീഷ് ഗാനംകൂടി എൻ.എൻ. പിള്ള ഈ സിനിമയ്ക്കായി എഴുതി. ആ ഗാനരംഗത്തു പാടി അഭിനയിച്ചിരിക്കുന്നത് ഈ സിനിമയിലൂടെ തന്നെ അരങ്ങേറ്റം കുറിച്ച മകൻ വിജയരാഘവനും.


courtesy Saji Abhiramam

Leave a Reply

Your email address will not be published. Required fields are marked *