ജീവിതം
ഡോ.ശങ്കരന്‍ നമ്പൂതിരി .പി
ഒഴുകുന്നു നദിപോലെ ജീവിതമെപ്പൊഴും
മരണമാമാഴക്കടലിൽ ഒടുങ്ങുവാൻ
അറിയാമതവനിയിൽ ജാതനാം മർത്യനും
എങ്കിലും മാറില്ല കഷ്ടം! ഈ ചിന്തകൾ
ഒരുവനിൽ കാണുന്നു ഭീതി തൻ കൂത്തുകൾ
അവനിവനുയർന്നു തലപ്പൊക്ക മെത്തുമോ?
നന്നായതെന്നൊന്നു ചൊല്ലുവാനാകില്ല
നല്ലതു ചെയ്കിലോ എറുന്നവജ്ഞയും
മാറുന്നു സോദര സൗഹൃദ ബന്ധവും
ക്രോധമായ് ദ്വേഷമായ് സമ്പന്നനാവുകിൽ
ഒരുവനുണ്ടവനവനിൽ ഇല്ലാത്ത തെങ്കിലോ
തെല്ലില്ല ലജ്ജയോ കുറ്റം പറയുവാൻ
ഇങ്ങനെ ചെയ് വതു തുച്ഛം അസൂയമേൽ
എങ്കിലും കേൾക്കുവാൻ ആളുണ്ട് കൂട്ടമായ്
നീട്ടില്ല കൈകൾ സഹായ ഹസ്തങ്ങളായ്
നീട്ടുകിൽ ചിന്തയോ ലാഭമെന്തെന്നതും
ആധാരമാണതിന്നാധാരം നിന്നുടെ
പെറ്റവരോടുള്ള സ്നേഹമാം നാടകം
ഓർക്കുക എപ്പൊഴും നാളെയെന്നുള്ളതു
കേവലം നമ്മുടെ പ്രതീക്ഷ മാത്രം
എന്തിനീ വ്യർത്ഥമാം മത്സരം മാനുഷാ
ഭൂമിയിൽ നീ വെറും അതിഥിയല്ലോ
നാം ചെയ്ത നന്മയും തിന്മയും മാത്രമേ
മാനസത്തിങ്കൽ നീ ബാക്കി വയ്പൂ….