താമരശ്ശേരിചുരവും കരിന്തണ്ടനും

ഒരിക്കലെങ്കിലും താമരശ്ശേരി ചുരം കടക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. അതിന് കാരണക്കാരനാകട്ടെ ചിരിയുടെ ആശാന്‍ കുതിരവട്ടം പപ്പുവും. വെള്ളാനകളുടെ നാട്ടില്‍ താമരശ്ശേരി ചുരംത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ തള്ളല്‍ നമ്മെ കുറച്ചൊന്നുമല്ല രസിപ്പിച്ചിട്ടുള്ളത്.
എന്നാല്‍ താമരശ്ശേരി ഇന്ന്കാണുന്ന ചുരമാക്കി തീര്‍ക്കുവാന്‍ ചോരയും നീരും നല്‍കി ഒടുവില്‍ ചതിക്കപ്പെട്ട് ജീവന്‍ബലിയര്‍പ്പിച്ച ഒരു പാവം ചെറുപ്പക്കാരന്‍ നമുക്ക് ഉണ്ട് കരിന്തണ്ടന്‍…പന്ത്രണ്ട് കിലോമീറ്റര്‍ നീളവും ഒന്‍പത് ഹെയര്‍പിന്‍ വളവുകളായി കിടക്കുന്ന ആ മലമ്പാത യാഥാര്‍ത്ഥ്യമായിതീരുവാന്‍ കാരണഭൂതനായ ചെറുപ്പക്കാരന്‍ ഇന്നിതാ വിസ്മൃതിയലാണ്ടുപോയിരിക്കുന്നു.
ലക്കിടിയില്‍ ചങ്ങല ചുറ്റിയ മരം കാണാം. അവ നമ്മോട് മന്ത്രിക്കുന്നതും ഇതാണ് മന്ത്രവാദിയാല്‍ ബന്ധിക്കപ്പെട്ട കരിന്തണ്ടന്‍റെ ആത്മാവിനെ കുറിച്ചും അദ്ദേഹത്തിന്‍റെ രക്തസക്ഷിത്വത്തെ കുറിച്ചും…


കരിന്തണ്ടനെ കുറിച്ച് പ്രതിപാദിക്കുന്ന രേഖകളോ ചരിത്രമോ ഇല്ല.
ആകെയുള്ളത് വായ്മൊഴിയും കെട്ടുകഥകളും മാത്രം. വായ്മൊഴി ചരിത്രത്തില്‍ 1750-99 വരെയുള്ള കാലഘട്ടമാണ് കരിന്തണ്ടന്‍ ജീവിച്ചിരുന്നതായി കരുതുന്നത്.വയനാടന്‍ അടിവാരത്തുള്ള ചിപ്പിലിത്തോട് ഭാഗത്ത് ആദിവാസി വിഭാഗത്തിന്‍റെ തലവനായിരുന്നു കരിന്തണ്ടന്‍.


അക്കാലത്ത് ബ്രീട്ടീഷുകാര്‍ക്ക് വയനാട്ടിലെ സുഗന്ധവസ്തുക്കള്‍ കടത്താന്‍ വിലങ്ങുതടിയായി നിന്നത് വയനാടന്‍ കാടുകള്‍ ആയിരുന്നു. വായനാടന്‍ പാതയെന്നത് അവരില്‍ മോഹമായി തന്നെ അവശേഷിച്ചു. മലമുകളിലേക്ക് വളരെയെളുപ്പം ആടുകള്‍ക്ക് ഒപ്പം നടന്ന് കയറുന്ന കരിന്തണ്ടനെ കുറിച്ച് കേട്ടറിഞ്ഞ വെള്ളക്കാര്‍ അദ്ദേഹത്തോട് സഹായം അഭ്യര്‍ത്ഥിച്ചു.


കരിന്തണ്ടന്‍റെ സഹായത്തോടെ ഇംഗ്ലണ്ടില്‍ നിന്നെത്തിയ എഞ്ചിനീയറുടെ നേതൃത്വത്തില്‍ പാതതേടി മുന്നേറി. അടിവാരത്തില്‍ നിന്നും ലക്കിടിയിലേക്കുള്ള ആ എളുപ്പവഴി കണ്ടെത്തിയപ്പോള്‍ ബ്രട്ടീഷ് സംഘത്തിന് സന്തോഷം അടക്കാനായില്ല. വയനാടന്‍ കാടിനെയറിഞ്ഞ കരിന്തണ്ടന്‍റെ സഹായത്തോടെ പുതിയൊരു ചരിത്രപാത അവിടെ തുറക്കുകയായിരുന്നു. ടിപ്പുവിന്‍റെ സാമ്രാജ്യമായ ശ്രീരംഗപട്ടണം കീഴടക്കാനുള്ള മാര്‍ഗ്ഗമായാണ് അവര്‍ ഈ പാതയെ നോക്കിക്കണ്ടതും.

പിന്നീട് വെള്ളക്കാരുടെ ചതിയാല്‍ ജീവന്‍ നഷ്ടപ്പെട്ട കരിന്തണ്ടനും അവന്‍റെ നിയോഗങ്ങളും ഓര്‍മ്മയായി. കരിന്തണ്ടന്‍റെ ആത്മാവ് തളച്ചെന്ന് വിശ്വസിക്കപ്പെടുന്ന ലക്കിടിയിലെ ചങ്ങലചുറ്റിയ മരമല്ലാതെ കരിന്തണ്ടന്‍റെ സ്മാരകമായി മറ്റൊന്നും തന്നെ അവിടെയില്ല.

Leave a Reply

Your email address will not be published. Required fields are marked *