നന്ദിഹില്‍സിലേക്കൊരു പ്ലഷര്‍ ട്രിപ്പ്
ജ്യോതി ബാബു
വരുന്ന ഞായറാഴ്ച എന്തുചെയ്യണമെന്ന ചിന്തയില്‍ നിന്നുടലെടുത്തതാണ് നന്ദി ഹില്‍സിലേക്കുള്ള ഞങ്ങളുടെ യാത്ര. ബാംഗ്ലൂര്‍ ഫ്ലാറ്റിലേക്കുള്ള അനിയന്‍ ജോയലിന്‍റെ അപ്രതീക്ഷിത വരവുകൂടിയായപ്പോള്‍ ട്രിപ്പിനെകുറിച്ചുള്ള ആലോചന ഒന്നുടെ ഉഷാറായി. നന്ദി ഹില്‍സിലേക്കുള്ള പൊളി അനുഭവങ്ങളും യാത്രവിവരണവുമാണ് എനിക്ക് നിങ്ങളോട് പങ്കുവെയ്ക്കാനുള്ളത്.
ബാഗ്ലൂര്‍ നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് ചിക്കബെല്ലാപ്പൂര്‍. മനോഹരമായ പ്രകൃതിദൃശ്യങ്ങളും ക്ഷേത്രങ്ങളും നഗരവും എല്ലാമുണ്ട് ചിക്കബെല്ലാപ്പൂരില്‍. പ്രശസ്തമായ നന്ദിഹില്‍സ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച അതിരാവിലെ ഞങ്ങൾ നന്ദി ഹിൽസ് ലക്ഷ്യമാക്കി യാത്ര ആര൦ഭിച്ചു. ബ൦ഗലുരു നഗരത്തിന്‍റെ സൌന്ദര്യം ആവോളം നുകരണമെങ്കില്‍ അതിരാവിലെ സിറ്റിയിലൂടെ ഒന്നു കറങ്ങിയാൽ മതി. ഞങ്ങളുടെ യാത്ര നഗരം പിന്നിട്ട് ബാംഗ്ലൂർ- ഹൈദരാബാദ് ദേശിയപാതയിലൂടെയാണ്. കിടു, എന്നല്ലാതെ ആയാത്രയെ വിവരിക്കാൻ വേറെ വാക്കുകളില്ല.
യാത്രയില്‍ ബ൦ഗലുരു അന്താരാഷ്ട്ര വിമാനത്താവളവു൦ ഞങ്ങള്‍ കണ്ടു. മൂടൽമഞ്ഞ് ഇടക്കിടെ അകമ്പടി സേവിക്കുന്നുണ്ട്. രണ്ട് മണിക്കൂറത്തെ യാത്രക്ക് ശേഷ൦ ഞങ്ങൾ നന്ദി ഹിൽസിന്‍റെ അടിവാരത്തെത്തി. കോടമഞ്ഞിൽ അലിഞ്ഞൊരു യാത്രയുടെ തുടക്ക൦ അവിടെ നിന്നാരംഭിച്ചു. ഇത് സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്നും വര്‍ണാഭമായ കാഴ്ചയുടെ പൂരം മുകളില്‍ ഞങ്ങളെ കാത്ത് ഇരിപ്പുണ്ടെന്നും അറിയാമായിരുന്നു.
അടിവാരത്തു നിന്നും 3 കിലോമീറ്റർ യാത്ര ചെയ്താൽ മുകളിലെ പ്രവേശന കവാടത്തിൽ എത്താം. സമുദ്ര നിരപ്പിൽ നിന്നും 4700 അടി ഉയരത്തിലാണ് നന്ദി ഹിൽ സ്ഥിതി ചെയ്യുന്നത്. ഹെയർ പിൻ വളവുകളിലൂടെയാണ് യാത്ര. ഇടക്ക് താഴേക്ക് വാഹനങ്ങളു൦ ഇറങ്ങി വരുന്നുണ്ട്. റോഡിനിരുവശവു൦ പാറക്കൂട്ടങ്ങൾ കാണാ൦. മരച്ചില്ലകളില്‍ കരണം മറിയുന്ന വാനരകൂട്ടത്തെയും ഞങ്ങള്‍ കണ്ടു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി സന്ദര്‍ശകര്‍ പാലിക്കണമെന്നുള്ള അറിയിപ്പുകള്‍ അവിടെ കാണാം.
ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസമാണ് സന്ദർശനത്തിന് അനുയോജ്യമായ സമയ൦. പിന്നെ മഞ്ഞു കാലമായ സെപ്തംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയവും ഇവിടെ സന്ദര്‍ശിക്കുന്നതിന് അനുയോജ്യമായ കാലഘട്ടമാണ്.
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന നന്ദി ഹിൽസ് കാണികളെ ഏറ്റവും അധികം ആകര്‍ഷിക്കുന്ന കാഴ്ചയാണ്.കേട്ടറിവിനേക്കാള്‍ മനോഹരമാണ് നന്ദി ഹിൽസ് എന്നതാണ് സത്യ൦. ബാംഗ്ലൂർ പട്ടണത്തിനകത്ത് ഇതുപോലൊരു സ്ഥലം, സത്യത്തിൽ ഞാൻ അത്ഭുതപ്പെട്ടു പോയി. മുകളിൽ നിന്ന് നോക്കിയാൽ പട്ടണങ്ങൾ വെള്ള മുത്തു പോലെ കാണാൻ കഴിയു൦
പച്ചപ്പ്നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് ഇവിടം. ക്ലബ്ബ് ഹൌസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടുത്തെ ആകര്‍ഷണങ്ങളില്‍ ചിലത് മാത്രം.
ടിപ്പു സുൽത്താൻ തന്‍റെ വേനൽക്കാല വസതി യായി നന്ദി ഹിൽസിലെ കൊട്ടാരം ഉപയോഗിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
സൂര്യോദയത്തിന് മുന്‍പ് നന്ദിഹില്‍സില്‍ എത്തിയാല്‍ മാത്രമേ കാഴ്ചയുടെ പരമകോടിയില്‍ എത്തിക്കുന്ന വസന്തം സന്ദര്‍ശകര്‍ക്ക് ലഭ്യമാകുകയുള്ളു. സഞ്ചാരികളെ ഏറ്റവും അധികം ആകർഷിക്കുന്നത് നന്ദി ഹിൽസിൽ പെയ്തിറങ്ങുന്ന കോടമഞ്ഞു തന്നെയാണ്. വര്‍ണാഭമായ ശലഭങ്ങളും പക്ഷികളും ഇവിടുത്തെ മനോഹാരിതയ്ക്ക് മുതല്‍കൂട്ടാണ്. വേനല്‍ കാലത്ത് 25 മുതൽ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതൽ 10 ഡിഗ്രിവരെയുമാണ് ഇവിടുത്തെ താപനില.
രാവിലെ 6നോടടുത്ത് സഞ്ചാരത്തിനു തുറന്നു തരുന്ന നന്ദി ഹിൽസ് ഒരു അത്ഭുത൦ തന്നെയാണ്. ടൂറിസം വകുപ്പിന്‍റെ റെസ്റ്റോറന്‍റ് ഇവിടെയുണ്ട്. അതുകൊണ്ട് അതിരാവിലെ എത്തിയാലു൦ ഭക്ഷണം കഴിക്കാതെ ഇവിടെ എത്തിയാലും അന്നത്തിന് മുട്ടുണ്ടാകില്ലെന്ന് സാരം
എങ്ങോട്ട് പോയാലും വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ കാഴ്ചകള്‍ ഒരുക്കി വെച്ചിരിക്കുന്ന സംസ്ഥാനമാണ് കർണ്ണാടകം. ചിലത് മറഞ്ഞുപോയ കാലത്തിന്‍റെ കഥകള്‍ പറയുമ്പോള്‍ ചിലത് പാരമ്പര്യത്തിന്‍റെ മഹിമയായിരിക്കും വിളിച്ചോതുന്നത്. ചിലയിടങ്ങളിലാകട്ടെ എല്ലാം കൂടി ചേർന്നൊരു ഫാമിലി പാക്കേജ് ആയിരിക്കും. അത്തരത്തിലൊരു സ്ഥലമാണ് ഇത്.
പ്രകൃതിദത്തമായതും മനുഷ്യനിര്‍മ്മിതമായതുമായ ഒട്ടേറെ കാര്യങ്ങള്‍ നന്ദി ഹിൽസ് സഞ്ചാരികൾക്കായി ഒരുക്കി വെച്ചിട്ടുണ്ട്. കുന്നിന്‍മുകളിലെ യോഗനന്ദീശ്വര ക്ഷേത്രത്തില്‍ അനുദിനം എത്തുന്ന സഞ്ചാരികൾക്ക് കൈയും കണക്കുമില്ല.
ഇവിടെ ഒതുങ്ങുന്നില്ല കാഴ്ചകൾ. കുറച്ച് മാറി നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ പോയാല്‍ വിവേകാനന്ദ വെള്ളച്ചാട്ടം കാണാം. മഴക്കാലം കഴിഞ്ഞയുടനെ ഇവിടെയെത്തിയാല്‍ വെള്ളച്ചാട്ടം അതിന്‍റെ എല്ലാ സൗന്ദര്യത്തോടുംകൂടി ആസ്വദിക്കാം. രംഗസ്ഥലയില്‍ വിജയനഗരസാമ്രാജ്യകാലത്ത് പണികഴിപ്പിച്ച മനോഹരമായ ശിവക്ഷേത്രമുണ്ട്. അവിടെ നിന്ന് നേരെ മുദ്ദനഹള്ളിയിലെ വിശ്വേശ്വരയ്യ മ്യൂസിയത്തിലേയ്ക്ക് പോകാം. സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചിത്രവതി, ഇല്ലോഡ് ശ്രീലക്ഷ്മി ആദിനാരായണ സ്വാമി ക്ഷേത്രം, കണ്ഡവര തടാകം തുടങ്ങി കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ച്ചകൾ നന്ദി ഹിൽസിലുണ്ട്.
അതിരാവിലെ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന നന്ദി ഹിൽസ് കാണാൻ ലോകത്തിന്‍റെ നാനകോണിൽ നിന്നും സഞ്ചാരികൾ എത്തുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് അവിടെ അനുഭവപ്പെടുന്ന തിരക്ക്. കാഴ്ചകൾ കണ്ട് വ്യാപിച്ചുകിടക്കുന്ന നന്ദി ഹിൽസിലൂടെ ഞങ്ങൾ കറങ്ങി നടന്നു. ഇടക്ക് ഫോട്ടോ എടുക്കാനും സമയ൦ കണ്ടെത്തി. വ്യൂ പോയിന്റിൽ നിന്നാൽ മഞ്ഞ് മൂടുന്നത് മനോഹരമായി കാണാൻ കഴിയും. മുകളിലെ സൌന്ദര്യ൦ ആസ്വദിച്ച് ഞങ്ങൾ താഴേക്കിറങ്ങി. ഇവിടെയാണ് ടിപ്പു സുൽത്താന്റെ വേനൽ കാല വസതി. ഏറെ പഴക്കമുള്ള കെട്ടിമാണിത്. കുറച്ചൊക്കെ നശിച്ചിട്ടുമുണ്ട്.
മറ്റൊരു കാര്യ൦,ഇവിടെയുള്ള കുന്നുകളില്‍ ചിലതില്‍ റോക്ക് ക്ലൈംബ്ബിങിനും മലകയറ്റത്തിനും സൗകര്യ മുള്ളവയാണ് എന്നതാണ്. സാഹസികത ഇഷ്ടപ്പെടുന്നതവര്‍ക്ക് അരക്കൈനോക്കാം. താമസസൌകര്യവു൦ ഇവിടെ ലഭ്യമാണ്. മടക്കയാത്രയിൽ ഫ്രെഷ് മുന്തിരിങ്ങ വിൽക്കുന്നവരെ കണ്ടു. അവരോട് അന്വേഷിച്ചപ്പോൾ അടുത്തായി മുന്തിരിത്തോട്ടം ഉള്ളതായി അറിയാൻ കഴിഞ്ഞു. പിന്നെ വണ്ടി നേരെ വിട്ടത് മുന്തിരി പാടത്തേക്കാണ്. വിളവെടുപ്പ് കഴിഞ്ഞ സമയമായിരുന്നു അത്. എന്നിരുന്നാലും പാകമായി വരുന്ന പച്ചമുന്തിരികൾ കാണാനായി.
ആഗ്രഹിച്ച സ്ഥല൦ കാണാനായതിന്‍റെ ചാരുതാർത്ഥ്യത്തോടെ ഞങ്ങൾ മടക്കയാത്ര ആര൦ഭിച്ചു. 3.30 ഓടുകൂടി ഫ്ലാറ്റില്‍ തിരിച്ചെത്തി
നഗരത്തില്‍ നിന്നും അടുത്തുകിടക്കുന്നതിനാല്‍ത്തന്നെ നന്ദി ഹിൽസിലേക്ക് എത്തുക എളുപ്പമാണ്. തീവണ്ടിമാര്‍ഗവും ബസിലും ഇവിടെയെത്താം. എപ്പോഴെങ്കിലും ബാംഗ്ലൂരിൽ എത്തിയാൽ മറക്കാതെ ഇവിടേക്ക് എത്തണേ. കണ്ണു൦ മനസ്സും നിറഞ്ഞ് തിരിച്ചുപോകാ൦.