മറവി
ഷാജി ഇടപ്പള്ളി
തലകറങ്ങി വീണ ഭാര്യയെ ഓട്ടോയിൽ ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോൾ അയാൾ ആകെ അസ്വസ്ഥനായിരുന്നു
ഒരു ജലദോഷം പോലും വരാത്ത ഭാര്യക്കിതെന്തു പറ്റി?
ഇനി സീരിയസായി വല്ലതും …?
അയാളുടെ തൊണ്ട വരണ്ടു..
ചിന്തകൾ നിയന്ത്രണമില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു.
കാഷ്വാലിറ്റിയിലേക്ക് ഭാര്യയെ കയറ്റി കിടത്തുമ്പോൾ അയാളുടെ നെഞ്ച് പടപടാന്ന് ഇടിച്ചു കൊണ്ടിരുന്നു.
ഭാര്യയെ പരിശോധിച്ച ശേഷം ഡോക്ടർ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
ആകാംക്ഷയോടെ അയാൾ ചെവി കൂർപ്പിച്ചു.
അപ്പോൾ ഡോക്ടർ തല കുമ്പിട്ട് പേപ്പറിൽ എന്തെക്കെയോ കുത്തിക്കുറിച്ചുകൊണ്ടിരുന്നു.
അപ്പോഴേക്കും സിസ്റ്റർ
രജിസ്ട്രേഷനിൽ പോയി ചീട്ടെടുക്കാൻ പറഞ്ഞു.
അയാൾ രജിസ്ട്രേഷൻ കൗണ്ടറിലേക്കോടി
ഭാഗ്യം വേറെ ആരുമില്ല
കൗണ്ടറിലിരുന്ന കന്യാസ്ത്രീ പേരും വിലാസവും ചോദിച്ചു.
പക്ഷെ
അയാൾക്ക് ടെൻഷൻ കാരണം മറുപടി പറയാൻ പറ്റാത്ത അവസ്ഥ
പരിഭ്രമിക്കണ്ടാ സാവധാനം പറഞ്ഞാൽ മതീന്ന് അവർ പറഞ്ഞു
എത്ര ആലോചിച്ചിട്ടും ഭാര്യയുടെ പേര് അയാൾക്ക് ഓർമ്മ വരുന്നില്ല
പേരൊഴിച്ച് ബാക്കിയൊക്കെ പറഞ്ഞു.
അയാളുടെ അവസ്ഥ കണ്ടപ്പോൾ ഒന്നുകൂടി ഓർത്തു നോക്കുന്ന് കന്യാസ്ത്രീ പറഞ്ഞു.
ഒരു ദിവസം അഞ്ചാറു തവണയെങ്കിലും ഭാര്യ വിളിക്കാറുള്ളതാണല്ലോന്ന് അയാളപ്പോഴാണ് ഓർത്തത്
വേഗം മൊബൈലിൽ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ അതിലും ഭാര്യയുടെ പേരില്ല
സ്നേഹം കൂടുമ്പോൾ ഭാര്യയെ വിളിക്കാറുള്ള വിളിപ്പേരായിരുന്നു ഫോണിൽ ചേർത്തിരുന്നത്.
കന്യാസ്ത്രീയുടെ നോട്ടം കണ്ടപ്പോൾ അയാൾക്ക് കണ്ണിൽ ഇരുട്ടു പടരുന്നതുപോലെ തോന്നി.
അപ്പോഴേക്കും ആശുപത്രിയിലെ വിവരം തിരക്കി ആന്റിയുടെ ഫോൾ വന്നപ്പോൾ അയാൾക്ക് ആശ്വാസമായി
സന്തോഷത്തോടെ ഭാര്യയുടെ പേരും പറഞ്ഞു കൗണ്ടറിൽ നിന്നും ഫയൽ വാങ്ങിയപ്പോൾ ചെറുമന്ദഹാസത്തോടെ കന്യാസ്ത്രീ ചോദിച്ചു.
‘ഇത് സ്വന്തം ഭാര്യ തന്നെയല്ലേ…’
അതാ പ്രശ്നമായതെന്ന് പറഞ്ഞ് ചിരിച്ച് അയാൾ കാഷ്വാലിറ്റിയിലേക്ക് വേഗത്തിലെത്തി.
ഡോക്ടർ പറഞ്ഞു.
ഒന്നും പേടിക്കണ്ടടോ , ബിപി ഇത്തിരി കുറഞ്ഞതാ
ട്രിപ്പ് ഇട്ടിട്ടുണ്ട്. അതു കഴിയുമ്പോൾ പോകാന്ന് പറഞ്ഞതോടെ അയാളുടെ മനസ് തണുത്തു.
പേര് മറന്നുപോയ വിവരം പറഞ്ഞതോടെ അയാളുടെ ഭാര്യക്ക് ബിപി കൂടിയോന്ന് സംശയം ഇല്ലാതില്ല.