മാംഗല്യത്തിനു വേണ്ടത് മനപൊരുത്തം
പത്തു പൊരുത്തവും നോക്കി വിവാഹജീവിതം തിരഞ്ഞെടുക്കുന്ന പലർക്കും പക്ഷെ മനപൊരുത്തം ഉണ്ടാവാറില്ല എന്നാണ് കഴിഞ്ഞ കുറേ വർഷങ്ങളായുള്ള കേരളത്തിലെ വിവാഹ മോചന കേസുകൾ സൂചിപ്പിക്കുന്നത്. ഞാൻ എന്ന ചിന്തയ്ക്ക് അപ്പുറം ദമ്പതികൾ തമ്മിലുള്ള സഹിഷ്ണുത മനോഭാവം ഇല്ലാതാവുന്നതാണ് വിവാഹമോചന കേസുകൾ കൂടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.
തൊണ്ണൂറുകളുടെ തുടക്കത്തിൽ രണ്ടായിരത്തോളം വിവാഹ മോചന കേസുകളാണ് സംസ്ഥാനത്ത് കുടുംബ കോടതിയിൽ റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇപ്പോഴത് അരലക്ഷത്തിനടുത്ത് കേസുകളിലേക്ക് എത്തിയിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സ്ത്രീയും പുരുഷനും തുല്യരാണെന്ന സത്യം അംഗീകരിക്കാൻ പറ്റാത്ത പുരുഷമേധാവിത്വമുള്ള ചിലരുടെ മനോഭാവവും പലപ്പോഴും വിവാഹ മോചന കേസുകളിൽ എത്തിപ്പെടാറുണ്ട്. വിവാഹേതര ബന്ധങ്ങളും പലപ്പോഴും വിവാഹ മോചന കേസുകൾക്ക് ആധാരമാവുന്നു.
അമിത മദ്യാസക്തിയും,മയക്കു മരുന്നിന്റെ ഉപയോഗവും കുടുംബ ബന്ധങ്ങൾ തകർത്ത കഥകൾ ഒട്ടേറെ നാം ദിനം പ്രതി കാണുന്നുമുണ്ട്. ഇതെല്ലാം വിവാഹ മോചനത്തിലേക്ക് വഴിവയ്ക്കാറുമുണ്ട്. മദ്യ പാനിയായ ഭർത്താവ് കൂട്ടുകാർക്ക് ഭാര്യയെ കാഴ്ചവയ്ക്കുന്നത് വരെ കേരളം മരവിപ്പോടെ കണ്ടു നിന്നതാണ്.
ഭാര്യാ ഭർതൃബന്ധത്തിൽ ഭർതൃവീട്ടുകാരുടെയും ഭാര്യ വീട്ടുകാരുടെയും അമിത ഇടപെടലുകൾ ചിലപ്പോഴെങ്കിലും വിവാഹ മോചന കേസുകളിൽ എത്തിക്കുന്നത് നാം കണ്ടിട്ടുണ്ട്. അമ്മായിയമ്മ പോരും, അവിഹിതവും കുത്തിനിറച്ച സീരിയലുകളും ഒരു പരിധിവരെ പല ബന്ധങ്ങളേയും ആകറ്റാൻ എരിതീയിൽ എണ്ണയെന്നപ്പോൾ പ്രവത്തിക്കാറുമുണ്ട്.
പരസ്പരം മാനസികമായി അകന്ന്, കുട്ടികളെ ഓർത്ത് വിവാഹ ബന്ധം നിലനിർത്തുന്ന ഒട്ടേറെ പേരെയും നമുക്ക് സമൂഹത്തിൽ കാണാം. കുട്ടികളുടെ വിവാഹ ശേഷം വിവാഹ മോചനം നേടുന്ന ദമ്പതികളുമുണ്ട്.ലൈംഗിക അതൃപ്തിയും ഒരു പരിധിവരെ വിവാഹമോചന കേസുകൾക്ക് കാരണമാവാറുണ്ട്.
വിവാഹമോചന കേസുകളിൽ കുടുംബ കോടതിയിൽ എത്തുന്നവരിൽ യുവാക്കളുടെ കേസുകൾ അധികമായി വരുന്നതായും റിപ്പോർട്ടുകൾ കണ്ടിട്ടുണ്ട്. പുതു തലമുറയുടെ സഹിഷ്ണുത മനോഭാവത്തിലുള്ള കുറവും, സമൂഹജീവിതത്തിലുള്ള അപര്യാപ്തതയുമെല്ലാം ഇതിനും കാരണമാവുന്നുണ്ട് എന്ന് അനുമാനിക്കാം.
ഓർക്കുക ജാതിയും മതവും സ്ത്രീധനവും ലിംഗവും ഒന്നുമല്ല, മനസിന്റെ പൊരുത്തം തന്നെയാണ് വിവാഹ ജീവിതത്തിൽ ഏറ്റവും പ്രധാന്യമർഹിക്കുന്നത്. കേരളത്തിലെ ആദ്യ സ്വവർഗ്ഗ ദമ്പതികളായ നിഗേഷും-സോനുവും തെളിയിക്കുന്നതും അതു തന്നെയാണ്.
ആർഭാടമായി കല്യാണം നടത്തുന്നതിലല്ല , ഒരുമിച്ചുള്ള ജീവിതത്തിൽ പരസ്പരം താങ്ങും തണലുമായി ഒത്തൊരുമയോടെ ജീവിച്ചു കാണിക്കുന്നതാണ് ഹീറോയിസം.
ജി.കണ്ണനുണ്ണി.