യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പിന്നിൽ സ്വർണ കടത്ത് സംഘം; ആറ് പേര്‍ അറസ്റ്റില്‍.

കണ്ണൂർ കൂത്തുപറമ്പിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ സ്വർണ കടത്ത് സംഘം. സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി. വിദേശത്ത് നിന്ന് കൊടുത്തയച്ച സ്വർണം യുവാവ് മറിച്ച് വിറ്റതായി അറസ്റ്റിലായവരുടെ മൊഴിയുണ്ട്. സംഘത്തിലുള്ള മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

ഗൾഫിൽ നിന്ന് വന്ന പേരാമ്പ്ര സ്വദേശി ദിൻഷാദിനെയാണ് കൂത്തുപറമ്പിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മലപ്പുറത്ത് നിന്ന് മൂന്ന് വാഹനങ്ങളിലായാണ് സംഘമെത്തിയത്. തട്ടിക്കൊണ്ടുപോകാനുള്ള നീക്കം ദിൻഷാദിനൊപ്പമുള്ള മറ്റൊരു സംഘം തടയുകയും ചെയ്തു.

ഇരുഭാഗങ്ങളിലും പെട്ട ആറ് പേരെയും തട്ടിക്കൊണ്ടുപോകാനെത്തിയവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ് പേർ ഓടി രക്ഷപെട്ടു. മലപ്പുറത്ത് നിന്നുളള സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് സ്വർണക്കടത്ത് മാഫിയയുടെ പങ്കിനെ കുറിച്ച് സൂചന ലഭിച്ചത്. ദുബായിൽ നിന്ന് മലപ്പുറത്തെ ഒരാൾക്ക് നൽകാനായി കൊടുത്തുവിട്ട 38 ലക്ഷം രൂപയുടെ സ്വർണം ദിൻഷാദ് മറിച്ച് വിറ്റതായും ഇതിനെ തുടർന്നാണ് ഇയാളെ തട്ടിക്കൊണ്ട് പോകാൻ ക്വട്ടേഷൻ ലഭിച്ചതെന്നുമായിരുന്നു ഇവരുടെ മൊഴി. ഇതിന് പിന്നിലുള്ള സംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ സ്വർണമൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!