ജനങ്ങൾക്ക് പ്രയോജനപ്പെടാത്ത ‘മൾട്ടി സൗകര്യങ്ങൾ’
എറണാകുളം ജനറൽ ആശുപത്രിയിൽ എല്ലാ ആധുനിക സൗകര്യവുമുണ്ട്. അതിൽ തർക്കവുമില്ല. പക്ഷേ, സാധാരണക്കാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്തി രോഗമുക്തി നേടാനാകുന്നുണ്ടോ?
നൂറ് രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ക്യാന്‍സര്‍ സെന്റര്‍, സംസ്ഥാനത്തെ ജനറല്‍ ആശുപത്രികളിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ്, കുട്ടികള്‍ക്കായി പാര്‍ക്ക്, കോടികളുടെ മുടക്കില്‍ ബോണ്‍സ് ഐ.സി.യു, ഇങ്ങനെ നിരവധി സൗകര്യങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ ഉണ്ട്. ഇതൊക്കെ സാധാരണക്കാരയ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നുണ്ടോ… ഇല്ല എന്ന് ഒറ്റവാക്കില്‍ പറയേണ്ടി വരും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ വരുന്ന രോഗികളെ നേരെ തന്നെ കളമശ്ശേരി മെഡിക്കല്‍കോളജിലേക്ക് അയക്കുകയാണ് ഇപ്പോഴത്തെ പതിവ്. അഡ്മിറ്റ് ചെയ്യുന്നവരോടാണെങ്കിലോ സ്റ്റാഫുകളുടെ പെരുമാറ്റം ചിറ്റമ്മ നയവും. ജനറല്‍ ഹോസ്പിറ്റലിലെ ജീവനക്കാര്‍ക്ക് രോഗികളോടും ബന്ധുക്കളോടും തങ്ങള്‍ നല്‍കുന്ന സേവനം ഔദാര്യമാണെന്ന ഭാവമാണ് ഉള്ളത്.
ഗുരുതരാവസ്ഥയിലുള്ള പത്ത് രോഗികൾ അത്യാഹിത വിഭാഗത്തിലെത്തിയെന്ന് കരുതുക (നൂറുകണക്കിന് രോഗികൾ ഒരു ദിവസം അത്യാഹിത വിഭാഗത്തിൽ എത്തുന്നുണ്ട്). കിടത്താൻ ഐസിയുവിൽ ബെഡില്ലെന്ന് പറഞ്ഞ് ഈ പത്ത് രോഗികളെയും മറ്റ് ആശുപത്രിയിലേക്ക് വിടാനാണ് ഡോക്ടർമാരുടെ ആദ്യ ശ്രമം. ഇതിൽ രണ്ടു പേർ രാഷ്ട്രീയക്കാരോടൊ മറ്റ് അധികാരികളുടെയോ ശുപാർശയിൽ ഐസിയുവിൽ കയറിപ്പറ്റും. ബാക്കിയുള്ളവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അത്യാധുനിക സൗകര്യമുള്ള ആശുപത്രിയിൽ ചികിത്സ ലഭിക്കുമെന്ന ഉറപ്പോടെയെത്തി എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന സാധാരണക്കാർ. ചിലർ മറ്റൊരു ആശുപത്രിയെത്തും മുമ്പേ മരണമടയും. ഇനി ആശുപത്രിയിലെത്തിയാലോ ബെഡില്ലയെന്ന സ്ഥിരം പല്ലവി… കേരളത്തിൽ ഇതാണ് അവസ്ഥയെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ ഇതിലും പരിതാപകരമായിരിക്കും…
ചികിത്സയിൽ കഴിയുന്ന സേവ്യറിന്റെ ഭാര്യയും കൂട്ടിരിപ്പുകാരിയുമായ തങ്കമ്മ (പേര് യാഥാർഥ്യമാണ്) മോർണിങ് കെയറിങ്ങിനായി എംഐസിയു രണ്ടിലേക്ക് കയറുന്നു. മിനിറ്റുകൾക്കുള്ളിൽ അവർ കരഞ്ഞ് കൊണ്ട് പുറത്തേക്ക് വരുന്നു. സേവ്യർ ചോരയിൽ മുങ്ങി കിടക്കുകയാണെന്ന്. നിലത്തും ചോര തളം കെട്ടി കിടക്കുന്നുണ്ടെന്ന്. ചോരയിൽ കുളിച്ച് കിടക്കുന്ന സേവ്യറിനെ കണ്ടതോടെ തകർന്നുപോയ തങ്കമ്മ ഡ്യൂട്ടിക്കുണ്ടായിരുന്ന നേഴ്സുമാരോട് ഇതെന്താ പറ്റിയതെന്ന് ചോദിച്ചു. ചോരയിൽ കുതിർന്ന പുതപ്പും തുണിയുമെല്ലാം കഴുകി നൽകാമെന്നായിരുന്നു മറുപടി.
ഇത് കേട്ടതോടെ എന്ത് ചെയ്യണമെന്നറിയാതെ ചോര വാർന്ന് മരവിച്ച സേവ്യറിനെ ദയനീയമായി നോക്കി പുറത്തേക്ക് ഇറങ്ങി.
“നിങ്ങൾ കഴുകണ്ട… ഞാൻ ഇതും കൊണ്ട് സൂപ്രണ്ടിന് പരാതി നൽകും… ആറ് കുപ്പി ചോര കേറ്റിയതാണ്… അതാണ് നിങ്ങൾ കാരണം ഈ മനുഷ്യന്റെ ശരീരത്തിൽ നിന്ന് ചോർന്നു പോയത്. ഇതിനാണോ എല്ലാ ദിവസവും വെളുപ്പാം കാലത്ത് ചോരയെടുക്കുന്നതും പരിശോധിക്കാൻ നൽകുന്നതും. ” അവർ എംഐസിയുവിന് സമീപത്തിട്ടിരിക്കുന്ന കസേരയിലിരുന്ന് കരഞ്ഞു.
എംഐസിയുവിൽ ചികിത്സയിൽ കഴിയുന്നവരുടെ രക്തം പുലർച്ചെ രണ്ടു മുതൽ പരിശോധനയ്ക്കായി കൂട്ടിരിപ്പുകാർക്ക് എടുത്തു നൽകും. അത്തരത്തിൽ രക്തമെടുത്തപ്പോൾ സംഭവിച്ച പിഴവ് മൂലമാണ് സേവ്യറിന്റെ കയ്യിൽ നിന്ന് രക്തമൊഴുകിയതെന്നാണ് തങ്കമ്മയുടെ വാദം. തങ്കമ്മ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഇക്കാര്യം അറിയുന്നത്. നാലിലധികം പേർ ഡ്യൂട്ടിയിലുണ്ടായിരുന്നിട്ടും എങ്ങനെ ഇത്തരം പിഴവുകൾ സംഭവിക്കുന്നു. പാവങ്ങൾ കരഞ്ഞും പൊട്ടിത്തെറിച്ചും പരിതപിച്ചും ഇതെല്ലാം മറന്നുകളയുമെന്നുമാണോ ആശുപത്രി അധികൃതരുടെ വിചാരം?
തങ്കമ്മ ഇത് സംബന്ധിച്ച് ചോരയിൽ മുങ്ങിയ മുണ്ട് തെളിവായി ഹാജരാക്കി പരാതി നൽകി. അതോടെ നഷ്ടപ്പെട്ട രക്തം സേവ്യറിലേക്ക് കയറ്റി നൽകി. ശുഭം. ഓരോ മണിക്കൂറിലും കൂട്ടിരിപ്പുകാരൻ ഐസിയുവിൽ കയറി ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്ന നേഴ്സുമാർ കൂട്ടിരിപ്പുകാരെ കയറ്റില്ലെന്ന് പറഞ്ഞ് ഐസിയു വാതിൽ കുറ്റിയിട്ടു. അതായിരുന്നു പരാതി നൽകിയതിനുള്ള പ്രതികാര നടപടി.