യൂസി കോളജിന്‍റെ പ്രീയപ്പെട്ട മ്യൂസ് മേരി
ഞാൻ നിങ്ങളെ ഓർത്ത് കൊണ്ടേയിരിക്കുന്നു. എന്തെങ്കിലും കാരണങ്ങൾ ഓടി വരും
തുമ്പി
ഒരു കവിത
മഴയുടെ കഷ്ണം
നിലാവിന്‍റെ ഇഴ
ഫെമിനിസത്തിലെ കാഴ്ച
പൂത്ത അരിമുല്ല
അമ്മയുടെ മണമുള്ള
കോട്ടൻസാരി………….
മ്യൂസ് മേരിയെ കുറിച്ച് അവരുടെ വിദ്യാര്‍ത്ഥിനി സിമിത എഴുതിയ കവിതയുടെ ആദ്യഭാഗങ്ങള്‍ മാത്രാമാണിത് . കലാലയ ജീവിതം അവസാനിച്ചിട്ടും പ്രീയപ്പെട്ട ടീച്ചറുടെ പേരും നാളും വിശേഷ ദിനങ്ങളും ഓര്‍ത്തുവെച്ച് സമ്മാനങ്ങളുമായി ഓടിയെത്തുന്ന വിദ്യാര്‍ത്ഥികളാണ് മ്യൂസ് മേരി എന്ന ടീച്ചറുടെ അധ്യാപനജീവിതത്തിലെ സമ്പത്ത്. ക്ലാസ്സ് മുറിയുടെ നാലു ചമരുകളില്‍ ഒതുങ്ങുന്നതല്ല മ്യൂസ് മേരി എന്ന ടീച്ചറിന്‍റെ വാക്കുകള്‍. ടീച്ചറിന്റെ ക്ലാസ്സിൽ ഇരുന്ന കുട്ടികൾ സ്വന്തം ജീവിതത്തിലെ ജീവിതത്തിലെ പ്രതിന്ധി ഘട്ടങ്ങളില്‍ പ്രതിരോധിക്കാനുള്ള ആര്‍ജവം നേടികൊടുക്കാറുണ്ട്. ടീച്ചറിന്‍റെ വാക്കുകളിലെ ഈ ശക്തിയാകാം വായനക്കാരുടെ പ്രീയപ്പെട്ട എഴുത്തുകാരിയാക്കുന്നത്.
എഴുത്തിലേക്ക് തിരിഞ്ഞത് എന്ന് മുതൽക്കാണ് ?
എഴുത്തിലേയ്ക്ക് സജീവമായി വരുന്നത് 1997 മുതലാണ്. അതിനുമുമ്പ് പ്രാദേശികമായ മാസികകളിലും ദീപികപത്രത്തിന്‍റെ ഞായറാഴ്ചപതിപ്പിലും ആകാശവാണി യുവവാണി പ്രോഗ്രാമിലുമൊക്കെ എഴുതിയിരുന്നു. 1997-ല്‍ ഭാഷാപോഷിണി മാസികയില്‍ ‘വെള്ളരി മുറിക്കുമ്പോള്‍’ എന്ന കവിത പ്രസിദ്ധീകരിച്ചു. പിന്നീട്, മലയാളം വാരിക, മാധ്യമം വാരിക, കലാകൗമുദി വാരിക എന്നിവയില്‍ 2000 മുതല്‍ തുടര്‍ച്ചയായി എഴുതി.
എഴുത്തിലേക്ക് കൈപിടിച്ച് നടത്തിയത് ആര്
എഴുത്തുകാരിയാകണമെന്ന് ആഗ്രഹിച്ച ആദ്യ വ്യക്തി എന്‍റെ മമ്മിയാണ്. മമ്മി സാമാന്യം നല്ലവണ്ണം എഴുതുന്ന ആളായിരുന്നു. സ്കൂളുകളിലെയും വീട്ടിലേയും ജോലിതിരക്കുകളില്‍ മമ്മിയുടെ എഴു്ത്ത് ഞെരിഞ്ഞമര്‍ന്ന് പോയി. മമ്മിക്ക് സാധിക്കാത്തത് മൂത്ത മോളായ എന്നിലൂടെ നിറവേറുന്നത് കാണാൻ മമ്മി ആഗ്രഹിച്ചു. എന്നില്‍ എഴുത്തുകാരി ഉണ്ടെന്ന് തിരിച്ചറിഞ്ഞതും മമ്മി തന്നെയാണ്. പപ്പയും കിട്ടുന്ന വരുമാനത്തിന്‍റെ ഒരു പങ്കില്‍ നിന്നും ഞങ്ങൾ ക്ക് പുസ്തകം വാങ്ങിത്തന്നു. മൂത്ത ആങ്ങളയും ഞാനും കവിത എഴുമായിരുന്നു. എഴുതിയ കവിതകളൊക്കെ തന്നെ അവന്‍ ഉറക്കെ ചൊല്ലുമായിരുന്നു. അക്കാലത്തെ ഒട്ടുമിക്ക കവിതകളൊക്കെ തന്നെ ഞങ്ങള്‍ ഇങ്ങനെ ഉറക്കെ ചൊല്ലുമായിരുന്നു. അയ്യപ്പ പണിക്കര്‍, കടമ്മനിട്ട, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സുഗതകുമാരി, ഒ.എന്‍.വി, കക്കാട് തുടങ്ങിയ കവികൾ അവരുടെ കവിതകളിലൂടെ ഞങ്ങളുടെ പ്രീയപ്പെട്ട വീട്ടുകാര്‍ ആയിരുന്നു. വിവാഹാനന്തരമാണ് എന്‍റെ രചനകള്‍ കൂടുതലായി പ്രസിദ്ധീകരിച്ചു വന്നത് . എന്നെ അറിയില്ലാത്ത പരിചയമില്ലാത്ത എഡിറ്ററന്മാരാണ് എന്‍റെ എഴുത്തിടത്തെ പ്രസിദ്ധമാക്കിയത്.
ഏതുമേഖലയിലാണ്(എഴുത്ത്) കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് എഴുതിയത് ?
നിരൂപണം, ചെറുകുറിപ്പുകള്‍, കവിത, കോളമെഴുത്ത് എന്നിവയൊക്കെ ചെയ്യുന്നു. കവിത എക്കാലത്തെയും ആത്മമിത്രമാണ്. പഠനങ്ങള്‍, നിരൂപണങ്ങള്‍ എന്നിവയൊക്കെ അക്കാദമിക വായനയുടെ ഭാഗമായി എഴുതിയതാണ്. സ്ത്രീപക്ഷമാധ്യമ പഠനങ്ങള്‍ (എഡിറ്റര്‍) ആണ് ആദ്യപുസ്തകം. ഈ മേഖലയിലെ ആദ്യകാലപഠനങ്ങളിലൊന്നാണ്. പിന്നീട് 2008-ല്‍ ഇസ്‌പേഡു റാണി (കവിതാസമാഹാരം) 2013-ല്‍ രഹസ്യ ഇന്ദ്രിയങ്ങള്‍ (കവിതാസമാഹാരം) 2015-ല്‍ ഉടലധികാരം (ലേഖനങ്ങള്‍). 2010 ല്‍ പഴയകൃതി പുതിയ വായന (എഡി). 2016-ല്‍ സ്ത്രീയേ എനിക്കും നിനക്കും എന്ത് (സ്ത്രീപക്ഷദൈവശാസ്ത്രം) 2017-ല്‍ മെര്‍ക്കുറി- ജീവിതത്തിന്‍റെ രസമാപിനി, 2008-ല്‍ ഡിസ്ഗ്രെസ് നോവൽ വിവർത്തനം എന്നിവയൊക്കെയാണ് പുസ്തകങ്ങള്‍. ഏകദേശം 200 ലേഖനങ്ങള്‍, പലതരം കോളമെഴുത്തുകള്‍ ഒക്കെയാണ് ചെയ്തിട്ടുള്ളത്. ചെറിയ ചെറിയ പുസ്തകങ്ങളും കൊച്ചുകൊച്ചു കുറിപ്പുകളും ഒക്കെയായി ലോകത്തിന്‍റെ കോണില്‍ ഒതുങ്ങി ജീവിക്കുന്നു. ഈ എഴുതിയ വര്‍ഷങ്ങളില്‍ പിശകുണ്ടോ എന്ന് സംശയം ഉണ്ട്.
കവിതകളുടെ പേരുകളിലെ വൈചിത്ര്യം ഏവരേയും ഒരേപോലെ അതിശയിപ്പിക്കുന്നു മഷിപ്പച്ച, ഉച്ചമഴ….. കര്‍ക്കിടകത്തിലെ കടല്‍ ?
കവിതകളില്‍ കുറെയെണ്ണം പ്രകൃതയനുഭവങ്ങളില്‍ നിന്ന്സാമൂഹ്യാനുഭവങ്ങളിലേയ്ക്ക് നീളുന്നതാണ്. കര്‍ക്കിടകത്തിലെ കടല്‍ ആളൊഴിഞ്ഞ ഇടമാണ്. എല്ലാ സന്തോഷങ്ങള്‍ക്കും ശേഷം ആളൊഴിഞ്ഞ ഇടം പോലെ. മഴക്കാലത്ത് കടല്‍ കാണാന്‍ ഞാന്‍ പോകും. ബാലികാ പീഡന വാർത്തകളും കടലും ചേര്‍ത്തുവെച്ചാണ് കര്‍ക്കിടകത്തിലെ കടല്‍ ഉണ്ടാകുന്നത്. ഒരു ദൃശ്യം അതിനോട് പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത ഒന്നിനോട് ചേര്‍ത്തുവെച്ച് എഴുതുമ്പോള്‍ അത് പ്രണയത്തിന്‍റയോ ചൂഷണത്തിന്‍റെയോ ആഹ്ലാദത്തിന്‍റെയോ ഒക്കെ ആഖ്യാനങ്ങളാകുന്നു. മഷിപ്പച്ച കാണുമ്പോള്‍ അതിന്‍റെ സുതാര്യമായ തണ്ട് വളരെ സുതാര്യമായ മനുഷ്യബന്ധങ്ങളുള്ള കാലത്തിന്‍റെ ചിത്രങ്ങളായി തോന്നാറുണ്ട്.
മ്യൂസ് മേരി എന്ന വ്യക്തി എഴുത്തുകാരി എന്നതിനേക്കാൾ ഉപരി അധ്യാപികയാണല്ലോ… അധ്യാപനജീവിതത്തെ കുറിച്ച് ഒരു ചെറിയ വിവരണം ?
ഞാന്‍ ഇപ്പോഴും യു.സി. കോളേജിലെ മലയാളം അധ്യാപികയാണ്. കുറെയധികം നല്ല കുട്ടികളെ കാണാനും ഇടപെടാനും സാധിച്ചു. കുറച്ചധികം നല്ല മനുഷ്യരെയും എഴുത്തുകാരെയും പരിചയപ്പെടാന്‍ സാധിച്ചു. ഞാന്‍ ഒരു സാധാരണക്കാരി. കുറച്ചൊക്കെ എഴുതി. കുറച്ചു വിദ്യാര്‍ത്ഥികളുമായി ഇടപെട്ടു. അവരില്‍ പലരും എന്നെ സ്‌നേഹിച്ചു. ഞാന്‍ അവരെയും. എന്‍റെ പല വിഷാദങ്ങളെയും സങ്കടങ്ങളെയും അവര്‍ നീക്കിക്കളഞ്ഞിട്ടുണ്ട്. അവരത് അറിയണമെന്നില്ല. എന്‍റെ വിദ്യാര്‍ത്ഥികള്‍ എന്‍റെ ആവശ്യമായിരുന്നു പലപ്പോഴും. എഴുത്തിടത്തില്‍ ധാരാളം നിന്ദയും അവമതിയും ഏറ്റുവാങ്ങിയിട്ടുണ്ട്. ഏതോ ഒരു കാഞ്ഞിരപ്പള്ളിക്കാരി, ഏതോ ഒരു മേരിക്കുട്ടി- ആരൊക്കെയോ സഹായിച്ച് എഴുതുന്നവള്‍ (ഇതൊക്കെ അവര്‍ പറഞ്ഞതിന്‍റെ മാന്യമായ രൂപമാണ്) ഇങ്ങനെയൊക്കെ എഴുതുന്നവരും പറഞ്ഞവരും ഉണ്ട്. ആദ്യമൊക്കെ ഇതൊക്കെ നല്ല വിഷമം തോന്നിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇതൊന്നും അങ്ങനെ വിഷമിപ്പിക്കാറില്ല. എഴുത്തിന്‍റെ ഭാഗമായിട്ട് ഇതിനെ കാണുന്നു. മുമ്പൊരിക്കല്‍ പറഞ്ഞതുപോലെ ഒരു മുന്‍ പരിചയവും ഇല്ലാത്ത പത്രാധിപന്മാര്‍ ഇല്ലായിരുന്നെങ്കില്‍ ഇന്നും നോട്ടുബുക്കിന്‍റെ പിന്‍പേജില്‍ കുറിപ്പുകള്‍ സൂക്ഷിക്കുന്ന ഒരാള്‍ മാത്രമായിരുന്നേനേ ഞാന്‍. കാരണം എന്നെയൊക്കെ റെക്കമന്റ് ചെയ്യാന്‍ ആരാണുണ്ടായിരുന്നത്. പ്രസിദ്ധീകരിച്ച് വന്ന രചനകളുടെ പേരില്‍ കത്തെഴുതിയവരും കാണാന്‍ വേണ്ടി കോളേജില്‍ എത്തിയവരും ഫോണിൽ സംസാരിച്ചവരും ഉണ്ട്. അവർ എന്നെ വളർത്തിയ വായനക്കാരാണ്. അവരുടെ ആ വാക്കുകള്‍ എന്നിലെ എഴുത്തുകാരിക്ക് ജീവൻ ടോൺ ആണ്.
അടുപ്പം പുലര്‍ത്തുന്ന എഴുത്തുകാര്‍ ? ആരുടെ കൃതികളാണ് പ്രീയപ്പെട്ടവ?
പരിചയം ഉള്ള ചിലരുണ്ട്. പക്ഷേ അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരെഴുത്തുകാരും ഇല്ലെന്നു പറയാം. എഴുത്തുകാരി ഗ്രേസിയുമായി ഇടയ്ക്കു ഫോണില്‍ സംസാരിക്കാറുണ്ട്. അന്‍വര്‍ അലി (കവി), ഉണ്ണിക്കൃഷ്ണന്‍ ബി (സിനിമ സംവിധായകന്‍, നിരൂപകന്‍) എ.ജെ. തോമസ് (വിവര്‍ത്തകന്‍) എന്നിവര്‍ സഹപാഠികളാണ്. നകുൽ വി ജി യെപ്പോലുള്ള യുവ എഴുത്തുകാരുമായി കുറച്ച് അടുപ്പമുണ്ട്. ബിജു സി.പി, മനോജ് കുറൂർ, ഗിരിജ പാതേക്കര, സ്മിത ഗിരീഷ്, രമേശന്‍ ബ്ലാത്തൂര്, മനോജ് തുടങ്ങിയ യുവനിരയുമായി ചെറിയ അടുപ്പങ്ങളുണ്ട്.
കുറേ എഴുത്തുകാരെ ഇഷ്ടമാണ്. കുമരനാശാന്‍, ആനന്ദ്, ബഷീര്‍, അയ്യപ്പണിക്കര്‍, ചങ്ങമ്പുഴ, സുഗതകുമാരി, രാജലക്ഷ്മി, മാധവിക്കുട്ടി, സച്ചിദാനന്ദന്‍, അഷിത, വിനയചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് അങ്ങനെ ചിലരോട് സ്ഥായിയായ ഇഷ്ടം. പുതിയ എഴുത്തുകാരിലും കുറേപ്പേരെ ഇഷ്ടമാണ്. പി.പി. രാമചന്ദ്രന്‍, അന്‍വര്‍ അലി, സിത്താര, ശിഹാബുദ്ദീൻ പൊയ്തും കടവ്, ഡോ. കെ.എം. അനില്‍ തുടങ്ങിയവരെ വായിക്കാനിഷ്ടമാണ്.
പ്രീയ നിമിഷങ്ങള്‍ ഒന്നു പങ്കുവയക്കാമോ ?
പ്രിയപ്പെട്ട നിമിഷങ്ങള്‍ എന്നു പറയുമ്പോള്‍ എല്ലാവരുടെയും ജീവിതത്തില്‍ കാണുമല്ലോപെണ്‍കുട്ടി, യുവതി, അമ്മ എന്ന നിലയിലും പലതരത്തിലുള്ള സന്തോഷങ്ങള്‍ മനസ്സില്‍ പ്രിയമായി സൂക്ഷിക്കുന്ന നിമിഷങ്ങളുണ്ട്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കൂട്ടത്തില്‍ നമ്മള്‍ ചിലവഴിച്ച വീട്ടകത്തെ ചില നിമിഷങ്ങള്‍ ഇപ്പോഴും ഒരു ഛായാചിത്രം എന്നപോലെ എന്‍റെ മനസ്സിലുണ്ട്. സാധാരണ വരുമാനമുള്ള അധ്യാപകരുടെ മക്കളായിട്ടാണ് ഞങ്ങള്‍ വളര്‍ന്നത്. വീട്ടിൽ എല്ലാവരും ഒന്നിച്ചിരുന്ന വൈകുന്നേരങ്ങളെ ഓർക്കുന്നു. എന്‍റെ വല്യമ്മച്ചിയുടെ വയറില്‍ ചാരിക്കിടക്കുന്ന ആ ഒരു ബാല്യവും കൗമാരവും എനിക്കുണ്ടായിരുന്നു. യുവതിയായിട്ടുപോലും എനിക്ക് തോന്നുന്നു. വല്യമ്മച്ചിയുടെ കൂട്ടത്തില്‍ അടുത്തുകിടക്കാന്‍… പ്രായമായിക്കഴിഞ്ഞ് ഞാന്‍ അമ്മയും ഭാര്യയുമൊക്കെ ആയ ശേഷം മമ്മിയുടെ അടുത്ത് ഇതുപോലെ കിടന്നത്, മമ്മിയുടെ ശരീരത്തിന്‍റെ ആ മണം ഒക്കെ ഉണ്ട്. അതൊക്കെ കേട്ട് മമ്മിയോട് വളരെ ഇന്‍റിമേറ്റ് ആയിട്ട് വര്‍ത്തമാനം പറഞ്ഞിരുന്ന നിമിഷങ്ങളുണ്ട്. എന്‍റെ പപ്പാ എപ്പോഴും ഇത്ര പ്രായം ആയാല്‍ പോലും മോളേ എന്ന് വിളിച്ച് ഒരു മണിക്കൂറിലധികം സംസാരിക്കും. എനിക്ക് തോന്നുന്നു അത് വളരെ പ്രിയപ്പെട്ട കാര്യമാണ്. പിന്നെ ഞാനും എന്‍റെ ജീവിത പങ്കാളിയായ എന്‍റെ അജിച്ചായനും വിവാഹ പൂർവ പ്രണയകാലം ഉണ്ട്. ഞങ്ങളിങ്ങനെ ഒന്നിച്ച് ബേക്കറിയിൽ അദ്ദേഹത്തിനൊരു കാപ്പികുടിക്കണം എനിക്ക് ഐസ്‌ക്രീം വേണം, ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നൊരു മൊമന്‍റ്. ചോക്കോബാര്‍ അടര്‍ന്ന് വീഴുമ്പോള്‍ എന്‍റെ സാരിയില്‍ ഇങ്ങനെ അടര്‍ന്ന് വീണ്, അപ്പം പുള്ളിയുടെ തുവാലകൊണ്ട് പതുക്കെ ഒപ്പികളഞ്ഞ നമുക്ക് വളരെ സ്വാഭാവികമായിട്ടുള്ളൊരു കെയറിംഗിന്‍റെ ഫീല്‍ വന്നു. ഇന്നും ആ സ്ഥലത്ത് പോകുമ്പോള്‍ അത് ഞാന്‍ ഓര്‍ക്കും.
വിനയചന്ദ്രന്‍ സാര്‍ എന്‍റെ അധ്യാപകനാണ്. വിനയ ചന്ദ്രൻ സർ അദ്ദേഹത്തിന്‍റെ കവിത വായിച്ചു കേൾപ്പിച്ചിരുന്നു. അദ്ദേഹം ഇങ്ങനെ കവിത വായിച്ച് കേള്‍പ്പിക്കുന്നത് ഒരു സന്തോഷമാണ്. എനിക്ക് പ്രീയപ്പെട്ട എഴുത്തുകാരന്‍ ആനന്ദ് ആണ്. അദ്ദേഹത്തെ കാണാന്‍ ഒരിക്കല്‍ പോയി. ആനന്ദിന്‍റെ കവിള്‍ ഒരു കുട്ടികളെപ്പോലെ ഒരു നിഷ്‌കളങ്കമായിട്ടുള്ള കവിളാണ്. ഞാന്‍ പയ്യെ തൊട്ട് നോക്കി. ഞാന്‍ മുതിര്‍ന്ന് പത്ത് നാല്പത്തഞ്ച് വയസ് പ്രായമായിട്ടുള്ള സ്ത്രീയാണ്. എന്‍റെ കുസൃതിയെ നിര്‍മ്മലമായ പുഞ്ചിരിയോട് അദ്ദേഹം നോക്കികണ്ടു.
എന്‍റെ കുട്ടുകാരുമൊത്തുള്ള നിമിഷങ്ങൾ വലിയ സന്തോഷം ആണ്. ഇപ്പോൾ നടൻ ശ്രീ രാമൻ രൂപം കൊടുത്ത ‘ചായ്‌പ്’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ട്. അതിൽ ഇങ്ങനെ വർത്താനം പറഞ്ഞും പാട്ട് കേട്ടും തർക്കിച്ചും ഒക്കെ ഇരിക്കും. അതൊരു സന്തോഷം ആണ്. പിന്നെ കോളജിലെ കൂട്ടുകാരി മിനിയുമൊത്ത് ചുമ്മാ കവിത ഒക്കെ ചൊല്ലി ഇരുന്ന നിമിഷങ്ങൾ, എന്‍റെ വിദ്യാർത്ഥികൾ വീട്ടിൽ വരുന്നത് സന്തോഷം ആണ്. മക്കളുമൊത്തുള്ള നിമിഷങ്ങൾ…….. മക്കൾ നൽകുന്ന സന്തോഷങ്ങൾ എന്‍റെ ജീവിതം ആണ്.
എന്‍റെ ജീവിതത്തില്‍ ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങള്‍ അല്ലെങ്കില്‍ ഇത്തരം അംശങ്ങള്‍, ഇങ്ങനെയുള്ള ഘടകങ്ങളാണ് എന്നെ സന്തോഷിപ്പിക്കുന്നത്. അതിന്‍റെ സന്തോഷത്തിന് പല പ്രകൃതമാണ് പലതരത്തിലുള്ള സന്തോഷമാണ്. സഹോദരൻമാർ, അനിയത്തി, കുട്ടുകാർ, വിദ്യാർത്ഥികൾ, മക്കൾ, അജിച്ചായൻ, മാതാപിതാക്കൾ എല്ലാം എന്‍റെ ജീവിതത്തിൽ പ്രധാനമാണ്
എല്ലാം ഒന്ന് ഓര്‍ത്തെടുക്കാന്‍ ഒന്നും എനിക്ക് അതിനുള്ള ഒരു കഴിവുമില്ല. മറന്നുപോകും. എല്ലാം ഓര്‍ത്ത് കുറച്ച് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.
കുടുംബം ?
സാഹിത്യസംഭാഷണങ്ങളുമൊക്കെയുള്ള കുടുംബാന്തരീക്ഷത്തിലാണ് വളര്‍ന്നത്. എങ്കിലും വീട്ടു ജോലികള്‍ ഒക്കെയും എടുത്തുതന്നെയാണ് കൗമാരവും മറ്റും കടന്നുപോയത്.ജീവിതപങ്കാളി അഡ്വക്കേറ്റ് മാത്യു ജേക്കബ്. രണ്ട് ആണ്‍മക്കള്‍. അജയ്, വിജയ്. മൂത്തയാള്‍ ഡോക്ടറാണ്. ഇളയ ആള്‍ എല്‍എല്‍ബിയ്ക്കു പഠിക്കുന്നു. മാതാപിതാക്കള്‍ എം.വി. വറുഗീസ്, ത്രേസ്യാമ്മ വറുഗീസ്. രണ്ടുപേരും അധ്യാപകര്‍ ആയിരുന്നു.