വർത്തമാനകാലം വിസ്മരിച്ച സമര നായിക

ജിബി ദീപക്ക്

അദ്ധ്യാപിക, എഴുത്തുകാരി

യുക്തിവാദി പ്രസ്ഥാനത്തിന്റെ ആദ്യ സാരഥികളില്‍ ഒരാളായിരുന്ന എന്‍. രാമവര്‍മ്മ തമ്പാന്റെ മകളാണ് ലക്ഷ്മി എന്‍. മേനോന്‍. ഇവര്‍ ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയായിരുന്നു. 1899 മാര്‍ച്ച് 27ന് തിരുവനന്തപുരത്താണ് ലക്ഷ്മി എന്‍. മേനോന്‍ ജനിക്കുന്നത്.


ക്ഷത്രീയര്‍ക്കിടയില്‍ ഉണ്ടായിരുന്ന സംബന്ധ സമ്പ്രദായം അവസാനിപ്പിക്കുകയും, സ്വജാതി വിവാഹം നടപ്പിലാക്കാനുള്ള നിയമവശങ്ങള്‍ക്ക് മുന്‍കൈ എടുക്കുകയും ചെയ്ത എന്‍. രാമവര്‍മ്മ തമ്പാന്‍ വടക്കന്‍ പറവൂര്‍, പല്ലംതുരുത്ത് സ്വദേശിയാണ്. യുക്തിവാദി, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, പുരോഗമന ചിന്തകന്‍, പത്രാധിപന്‍, നവോത്ഥാന നായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ രാമവര്‍മ്മ തമ്പാന്റെ മകള്‍ സ്വാതന്ത്ര്യവാദിയായ ഒരു സ്ത്രീയായി വളര്‍ന്നു വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ…


അടുക്കളയുടെ ഇത്തിരി കോണുകളെ ആകാശമായി കണ്ട് ജീവിതം പുകച്ച് തീര്‍ക്കാന്‍ വിധിക്കപ്പെട്ട സ്ത്രീകള്‍ക്ക് സാമൂഹ്യരംഗത്ത് കടന്നുവരാന്‍ കരുത്ത് പകര്‍ന്ന് നല്‍കിയതില്‍ ലക്ഷ്മി എന്‍. തമ്പാന്‍ വഹിച്ച പങ്ക് മാതൃകാപരമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മറയക്കുടക്കുള്ളിലെ മഹാനരകത്തില്‍ നിന്നും മോചനം നേടുന്നതിനുള്ള സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ ലക്ഷ്മി എന്‍. മേനോനെപ്പോലുള്ള സ്ത്രീ വ്യക്തിത്വങ്ങളുടെ പങ്ക് ചെറുതായിരുന്നില്ല.


തന്റെ മുപ്പതാം വയസ്സിലാണ് ലക്ഷ്മി നന്ദന്‍ മേനോനെ വിവാഹം കഴിച്ചത്. 1952 മുതല്‍ 1957 വരെ വിദേശകാര്യമന്ത്രാലയത്തില്‍ പാര്‍ലമെന്ററി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ആ സമയത്ത് ബീഹാറിലെ നിരക്ഷരരായ ഗ്രാമീണ ജനങ്ങള്‍ക്കിടയിലേക്ക് അക്ഷരവെളിച്ചവുമായി ഇവര്‍ ഇറങ്ങി ചെന്നു. സാക്ഷരതാപ്രവര്‍ത്തനത്തിലൂടെ അബാലവൃദ്ധം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയും, അവരില്‍ സ്വാതന്ത്ര്യമോഹത്തിന്‍റെ തീജ്വാല പകര്‍ന്ന് കൊടുക്കാനും ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. നിസ്വാര്‍ത്ഥപരമായ ഇവരുടെ സേവനപരമ്പരകളെ മാനിച്ചുകൊണ്ട് 1957-ല്‍ ഭാരത സര്‍ക്കാര്‍ പത്മഭൂഷണ്‍ നല്‍കി ഇവരെ ആദരിച്ചു. 1994 നവംബര്‍ 30നാണ് ഇവര്‍ അന്തരിച്ചത്.

കേസരിയെപ്പോലുള്ള മഹാരഥന്മാര്‍ക്ക് യുക്തിചിന്തയുടെ തേജസ്സ് പകര്‍ന്ന് കൊടുത്തതില്‍ ലക്ഷ്മിയുടെ പിതാവായ രാമവര്‍മ്മ തമ്പാന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഫാബിയന്‍ സോഷ്യലിസ്റ്റ് ആയ നെഹ്‌റുവിന് തന്‍റെ അതെ ചിന്തകള്‍വെച്ചു പുലര്‍ത്തുന്ന തമ്പാനോട് തോന്നിയ താല്‍പര്യം തന്നെയാവാം തന്‍റെ മന്ത്രിസഭയില്‍ ലക്ഷ്മി എന്‍ മേനോനെ പങ്കാളിയാക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ ‘കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിത’ എന്ന ഖ്യാതിക്ക് ലക്ഷ്മി എന്‍. മേനോന്‍ അര്‍ഹയായി.


സാമൂഹ്യപ്രവര്‍ത്തനരംഗത്ത് തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് മികച്ച സേവനം കാഴ്ചവെച്ച ഒരു മഹിളാരത്‌നം തന്നെയാണ് ലക്ഷ്മി എന്‍. മേനോന്‍. എന്നാല്‍ സ്ത്രീ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളോ സാമൂഹ്യ നവോത്ഥാന ചരിത്രകാരന്മാരോ ഈ വ്യക്തിത്വത്തെ കാര്യമായി പരാമര്‍ശിച്ച് കണ്ടിട്ടില്ല. ഇവരുടെ പിതാവായ നവോത്ഥാന നായകനായ എന്‍. രാമവര്‍മ്മ തമ്പാനും നമ്മുടെ ചരിത്രത്തില്‍ കിട്ടേണ്ടതായ സ്ഥാനം ലഭിച്ചിട്ടുണ്ടോ എന്നത് സന്ദേഹമാണ്. അദ്ദേഹത്തിന്റെ അവസാന നാളുകളുടെ അവസ്ഥയും, മരണാനന്തര കാര്യങ്ങളുടെ വിശദീകരണവും ലക്ഷ്മി ടി. ഗോവിന്ദന്‍പിള്ളയോട് പങ്കുവെച്ചിട്ടുണ്ട്.

ആ വിവരങ്ങള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഏതായാലും രാമവര്‍മ്മ തമ്പാന്‍ എന്ന നവോത്ഥാന നായകന്റെ ജീവചരിത്രം പറവൂര്‍ ബാബു എന്ന എഴുത്തുകാരന്‍ പുസ്തകരൂപത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. അതുപോലെതന്നെ, മിഴിവാര്‍ന്ന സ്വപ്‌നങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ലക്ഷ്മി എന്‍. മേനോനെപ്പോലുള്ള സാമൂഹ്യപ്രവര്‍ത്തകര്‍, ജനനായികമാര്‍ നമുക്കിടയില്‍ സ്മര്‍ക്കപ്പെടേണ്ടതാണ്. ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *