ആരോഗ്യ ഇന്‍ഷുറന്‍സ് ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ചികിത്സാ ചെലവുകള്‍ ഏറിവരുന്ന ഇന്നത്തെ കാലത്ത് ആരോഗ്യഇന്‍ഷുറന്‍സിനെക്കുറിച്ച് സാമാന്യ ധാരണയുണ്ടാക്കുന്നത് നല്ലതാണ്. സാമ്പത്തികഭദ്രതയുളള കുടുംബമാണെങ്കില്‍പ്പോലും അപ്രതീക്ഷിതമായുണ്ടാകുന്ന ചികിത്സാ ചെലവുകള്‍ കുടുംബ ബജറ്റിനെ വല്ലാതെ പിടിച്ചുലക്കും. ഹെല്‍ത്ത് ഇന്‍ഷുറന്‍സിനെക്കുറിച്ച് പലരും ഇന്ന് ബോധവാന്മാരാണ്. എന്നാല്‍ വായിച്ചാല്‍ പെട്ടെന്നു മനസ്സിലാകാത്ത തരത്തിലുളള ക്ലോസുകളും പരിധികളും ഉള്‍പ്പെടുന്നതാണ് പല ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളും. ഇക്കാര്യങ്ങളൊക്കെ വിശദമായി പഠിച്ച ശേഷം കുടുംബത്തിന് യോജിച്ച ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതാവും ഉചിതം. അത്തരം ചില കാര്യങ്ങളിലേക്ക്…

ആരോഗ്യ ഇന്‍ഷുറന്‍സ് എപ്പോള്‍ എടുക്കണം ?

അസുഖം വരട്ടെ അപ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാമെന്ന് ചിന്തിക്കല്ലേ. അങ്ങനെ ചിന്തിച്ചാല്‍ പോളിസി പ്രകാരമുളള ആനുകൂല്യങ്ങള്‍ ലഭിക്കാതെ വന്നേക്കാം. ആദ്യമായി പോളിസി എടുക്കുമ്പോ്ള്‍ അപകടങ്ങള്‍ക്കൊഴികെ മറ്റ് അസുഖങ്ങള്‍ക്ക് കാത്തിരിപ്പുകാലാവധിയായ 30 ദിവസം പൂര്‍ത്തിയാകാതെ ആനുകൂല്യങ്ങള്‍ കിട്ടില്ല.

കവറേജ് തെരഞ്ഞെടുക്കുമ്പോള്‍

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കുന്നതിന് മുമ്പ് കവറേജ് തുക ഏത്രയെന്ന് ഉറപ്പിക്കണം. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വ്യത്യസ്ഥ കവറേജ് ആണെന്ന് ഓര്‍ക്കുക. പ്രീമിയം ലാഭിക്കാന്‍ കവറേജ് തുക കുറയ്‌ക്കേണ്ടതില്ല. സ്വകാര്യ കമ്പനികള്‍ നല്‍കുന്നതിന് സമാനമായ മെഡിക്ലെയിം സേവനങ്ങള്‍ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികളും നല്‍കുന്നുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്

പണം നല്‍കാതെ ചികിത്സ തേടാം

പണം നല്‍കാതെ ചികിത്സ തേടാനുളള സൗകര്യം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ആശുപത്രികളുമായി നേരിട്ട് ചികിത്സാ ചെലവുകള്‍ കൈമാറും. അത്തരം സംവിധാനമില്ലെങ്കില്‍ ചികിത്സാചെലവ് ഉപഭോക്താവ് സ്വയം വഹിച്ച ശേഷം പിന്നീട് ക്ലെയിം ചെയ്‌തെടുക്കാം. തെരഞ്ഞെടുത്ത ഇന്‍ഷുറന്‍ പോളിസിയില്‍ ഉള്‍പ്പെട്ടിട്ടുളള ആശുപത്രികളെക്കുറിച്ചും അറിഞ്ഞിരിക്കണം.

പോളിസി പുതുക്കുക

ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്താല്‍ മുടങ്ങാതെ എല്ലാ വര്‍ഷവും പുതുക്കാന്‍ ശ്രദ്ധിക്കണം. ഇതുകൊണ്ട് പല ഗുണങ്ങളുമുണ്ട്. ചില രോഗങ്ങള്‍ക്ക് ആദ്യത്തെ രണ്ടോ മൂന്നോ വര്‍ഷത്തെ കാലയളവിനുളളില്‍ ക്ലെയിം ചെയ്യാന്‍ സാധിക്കില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പോളിസി മുടങ്ങാതെ പുതുക്കിയാല്‍ മാത്രമെ നിശ്ചിതകാലത്തിന് ശേഷം ക്ലെയിം ചെയ്യാനാവൂ.

പരിരക്ഷ ഉറപ്പാക്കുന്ന രോഗങ്ങള്‍

ഇന്‍ഷുറന്‍സ് പ്ലാനില്‍ ഏതൊക്കെ രോഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശദമായി പരിശോധിക്കണം. ക്ലെയിമിനായി കമ്പനിയെ സമീപിക്കുമ്പോഴായിരിക്കും പലരും ഇക്കാര്യങ്ങള്‍ മനസ്സിലാക്കുന്നത്

പരാതികളുണ്ടെങ്കില്‍

ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് പരാതികളുണ്ടായാല്‍ പോളിസി എടുത്ത ഓഫീസുമായി ബന്ധപ്പെടാം. തൃപ്തികരമായ മറുപടി ലഭിക്കാത്തപക്ഷം കമ്പനിയുടെ റീജിയണല്‍, സോണല്‍ ഓഫീസുകളില്‍ പരാതിപ്പെടാം. കമ്പനിയുടെ പരാതി പരിഹാര സെല്ലിലും അപേക്ഷ നല്‍കാം. തുടര്‍ന്നും പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ ആവശ്യമായ രേഖകള്‍ സഹിതം ഉപഭോക്തൃ പരിഹാരസമിതികളെ സമീപിക്കാം. ക്ലെയിമിന് യോഗ്യതയുണ്ടെങ്കില്‍ അര്‍ഹമായ തുക ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല

തയ്യാറാക്കിയത്
സൂര്യ സുരേഷ്

Leave a Reply

Your email address will not be published. Required fields are marked *