കോട്ടയം പ്രദീപ് അന്തരിച്ചു
തന്റെ സംസാരശൈലി കൊണ്ട് മലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റിയ പ്രിയ നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പുലർച്ചെ സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കോട്ടയം കുമാരനല്ലൂർ സ്വദേശിയായ ഇദ്ദേഹം ചെറുപ്പകാലം മുതൽ തന്നെ അഭിനയരംഗത്ത് സജീവമായിരുന്നു. നാടക അഭിനയത്തിലൂടെയാണ് അഭിനയ പടവുകൾ കയറുന്നത്. വിദ്യാഭ്യാസ കാലഘട്ടത്തിൽ കലോത്സവ വേദികളുടെ നിറസാന്നിധ്യമായിരുന്നു. എൻ. എൻ പിള്ള സംവിധാനം ചെയ്ത “ഈശ്വരൻ അറസ്റ്റിൽ” യെന്ന നാടകത്തിലൂടെയാണ് തുടക്കം. കാരാപ്പുഴ സർക്കാർ സ്കൂൾ, ബസേലിയസ് കോളേജ്, കോപ്പറേറ്റീവ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി.
അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിന് ബാലതാരങ്ങളെ ആവശ്യമുണ്ടെന്ന് കണ്ട് തന്റെ മകനെയുംകൂട്ടി സെറ്റിൽ എത്തിയപ്പോഴാണ് മകന് പകരം അച്ഛന് സീരിയലിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ ലഭിക്കുന്നത്. 1999 ൽ ഐ.വി ശശി സംവിധാനം ചെയ്ത ” ഈ നാട് ഇന്നലെ വരെ” എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. ഹാസ്യതാരമെന്ന നിലയിൽ മലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റിയ പ്രദീപ് തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.ഒപ്പം ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു.
“ഫിഷുണ്ട്…… മട്ടനുണ്ട്…… ചിക്കനുണ്ട്…… കഴിച്ചോളൂ….. കഴിച്ചോളൂ…..” എന്ന ഒറ്റ ഡയലോഗിൽ ശ്രദ്ധേയനായ ഇദ്ദേഹത്തെ പ്രേക്ഷകർ ഒരിക്കലും മറക്കില്ല. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൽ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം, രാജാറാണി, നൻപനട, തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. എൽഐസി ഉദ്യോഗസ്ഥനായ പ്രദീപ് കഴിഞ്ഞ വർഷമാണ് വിരമിച്ചത്. അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞാലും അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകമനസ്സുകളിൽ എന്നും ജീവിക്കും
ഭാര്യ: മായ, മക്കൾ : വിഷ്ണു, വൃന്ദ. സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ വെച്ച് നടക്കും.