ഉച്ചവെയിലില്‍ വനസ്ഥലി
ഒരു കൊലപാതകത്തിന്റെ കഥ
വിനോദ് നാരായണൻ
തിളയ്ക്കുന്ന നിബിഡമായ പട്ടണവും പ്രാന്തപ്രദേശങ്ങളും അതിവേഗം കടന്നു കഴിഞ്ഞപ്പോള്‍ ദൂരെ ഇളംനീലാകാശവും വെളൂത്ത മേഘത്തുണുകളും കണ്‍കുളിര്‍ക്കെ കണ്ട് സുലേഖ ദീര്‍ഘനിശ്വാസ മുതിര്‍ത്തു
“ഇനി പതിയെ വണ്ടിയോടിക്കു ഗോകുല്‍”
നീയൊന്നടങ്ങിയിരിക്ക് സുലേഖാ.”
ഗോകുല്‍ അവളെ നോക്കാതെ മുന്നില്‍ നാടപോലെ കിടക്കുന്ന ടാര്‍ നിരത്തിലേക്കു മാത്രം നോക്കി വേഗത്തില്‍ വാഹനമോടിച്ചുകൊണ്ടിരുന്നു. കറുത്ത നാടയിലൂടെ ശുഭ്ര നിറത്തിലുള്ള സുമോ തെന്നിയൊഴുകിപ്പോയി.
ചക്രവാളങ്ങളില്‍ വെയിലേറ്റുകിടക്കുന്ന പച്ചത്തഴപ്പുകള്‍ കാണ്‍കെ മനസ്സില്‍ കുളിരു കോരിയിട്ടതുപോലെ സുലേഖ ആവേശ
ത്തോടെ ഗോകുലിന്റെ കൈത്തണ്ടയില്‍ മുറുകെ പിടിച്ചു.
പ്ലീസ്, ഗോകുല്‍! സ്പീഡു കുറയ്ക്ക്.”
ഗോകുല്‍ സുലേഖയുടെ കൈകള്‍ തട്ടിമാറ്റി, ചടുലതയോടെ ഒരു ഹോളിവുഡ് നായകന്റെ ഭാവങ്ങള്‍ അനുകരിച്ച് സ്റ്റിയറിങ് തിരിച്ചു.
“ഇത് യൗവനമാണ് സുലേഖ. ചോരത്തിളപ്പിന്റെ കാലം. നിനക്കു പേടിയാണെങ്കില്‍ കണ്ണുപൊത്തിയിരിക്ക്,”
ഗോകുല്‍ പൊട്ടിച്ചിരിച്ചു.
ചിരിച്ചപ്പോള്‍ അയാളുടെ കോലന്‍ തലമുടി അപ്പാടെ ഇളകിത്തുള്ളി.
സൂര്യന് തലയ്ക്കു മുകളിലാണിപ്പോള്‍. ഇതിനെ ഉച്ചപ്രാന്തെന്നാണ് വിളിക്കേണ്ടത്. ഇതാണോ ഹണിമൂണ്‍? കാട്ടില്‍ പോകാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുവന്നിട്ട്.. ഒരുറോക്കറ്റ് വാടകയ്ക്കെടുത്താല്‍ മതിയാരുന്നല്ലോ…”
സുലേഖ പരിഭവിച്ചു.
ഗോകുല്‍ ഒരു ചെറുചിരിയോടെ അവളെ നോക്കി. എന്നിട്ടു ബ്രേക്ക് ആഞ്ഞുചവിട്ടി.
വണ്ടി പെട്ടെന്നു നിന്നപ്പോള്‍ ഡാഷ് ബോര്‍ഡില്‍ സുലേഖയുടെ തലയിടിച്ചു.
ഗോകുല്‍ വല്ലാതായി.
അയാള്‍ യാന്ത്രികമായി കാറിന്റെ എഞ്ചിന് ഓഫാക്കി.
സുലേഖ നെറ്റി തടവുകയായിരുന്നു. ഗോകുല്‍ അവള്‍ക്കടുത്തേക്ക് നീങ്ങിയിരുന്ന് അവളുടെ നെറ്റി പരിശോധിച്ചു.
മുറിഞ്ഞിട്ടില്ല. അയാംസോറി സുലേഖാ.
സുലേഖ മുഖം കനപ്പിച്ച് ഡോര്‍ തുറന്നു പുറത്തിറങ്ങി,
വലിയ വീതിയൊന്നുമില്ലാത്ത റോഡ് പിന്നിലേക്കും മുന്നിലേക്കും വളഞ്ഞുപുളഞ്ഞു കിടക്കുന്നു. പരിസരം വിജനമാണ് . വല്ലപ്പോഴും ഓരോ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. വനത്തിലേക്ക് ഇനിയധികം ദൂരമില്ല. വഴിയോരങ്ങളില്‍ ഇടക്കിടെ പഴക്കമുള്ള വന്മരങ്ങള് കാണാം. നാഗങ്ങള്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്നതുപോലെ അവയില്‍ വള്ളികള്‍ തൂങ്ങിക്കിടന്നു. പിന്നെ ഒട്ടുമുക്കാലും പരന്നുകിടക്കുന്ന അരയാള്‍ ഉയരമുള്ള കുറ്റിക്കാടുകളും കാണാം.
സുലേഖ മുടിയിഴകള്‍ മാടിയൊതുക്കി.സാരിയുടെ ചുളിവുകള്‍ നിവര്‍ത്തി നാലഞ്ചുചുവടു നടന്നു.
ഉച്ചവെയിലില്‍ തണുത്ത കാറ്റടിച്ചപ്പോള്‍ സുഖം തോന്നി.
നെറ്റിയിലെ വേദന പോയി.
സുലേഖാ.”
ഗോകുല്‍ സുമോയുടെ ബോണറ്റില്‍ ചാരി നിന്നുകൊണ്ട് ഒരു സിഗരറ്റിനു തീ കൊളുത്തി.
അയാള്‍ പറഞ്ഞു
ഈ ട്രിപ്പിലെ സകല ബോറടികളുടെയും ഉത്തരവാദിത്വം നിനക്കാണ്. നീ മൂന്നുദിവസം നിര്‍ബന്ധം പിടിച്ചതു കൊണ്ടാണ് ഞാനിതിനു സമ്മതിച്ചത്. ഒരു രസവുമില്ലിവിടെ. നമുക്കു തിരികെ പോകാം. കാട്ടിലേക്ക് ഇനിയുമുണ്ട് ദുരം. അവിടെ ചെന്നിട്ട് എന്തു കാണാനാണ്?”
ഗോകുല്‍ സിഗററ്റിന്റെ പുകയുതിപ്പറത്തി ക്കൊണ്ട് സുലേഖക്കരികിലേയ്ക്കു വന്നു.
“ഗോകുല്‍ കാടു കണ്ടിട്ടില്ല! ഉവ്വോ?”
സുലേഖ പരിഹാസത്തോടെ ചോദിച്ചു.
ഗോകുല്‍ അവളെയൊന്നു നോക്കി ആലോചനയില്‍ മുഴുകി സിഗരറ്റ് തുടരെത്തുടരെ വലിച്ചു. പിന്നെ ഒരു ശിശുവിന്റെ നിഷ്കങ്കതയോടെ നേരിയ ശബ്ദത്തില്‍ ചോദിച്ചു
എന്താണ് ഈ കാട്
സുലേഖ മാറത്ത് കൈകള്‍ കെട്ടി അയാളെ കൗതുകത്തോടെ നോക്കി.ആ ചോദ്യത്തില്‍ തിരഞ്ഞുകൊണ്ടിരിക്കവെ അപ്രതീക്ഷിതമായി മനസില്‍ തികട്ടിവന്നത് മറ്റൊന്നാണ്.
സുലേഖ പൊടുന്നനെ അടിമുടി വിയര്‍പ്പില്‍ കുളിച്ചു.
ഗോകുലിന് ഒന്നും തോന്നാതിരിക്കാന്‍ അവള് പിന്തിരിഞ്ഞു നിന്നു.
സങ്കോചവും കുറ്റബോധവും ശരീരമാസകലം തളര്‍ത്തികളയുന്നു.
സ്വച്ഛവും ശീതളവുമായ ജലത്തെ നോക്കി കരയിലമര്ന്ന്കിടന്നുകൊണ്ട് അവന് പറഞ്ഞത് നിര്‍മലം എന്നായിരുന്നു. അരുവിയുടെ
കരയില്‍ നിന്നിരുന്ന വന്വൃക്ഷങ്ങളിലൊന്നില് തൂങ്ങിക്കിടന്നിരുന്ന വളളികള്‍ കൂട്ടിക്കെട്ടി ഒരുഞ്ഞാലുണ്ടാക്കി അതിലിലിരുന്ന് പതിയെ ആടിക്കൊണ്ട് സുലേഖ ഒരു സ്വപ്നത്തിലെന്നപോലെ അതുകേട്ടിട്ട് ചോദിച്ചു.
“നീയോ?”
“ഞാന്‍ നിര്‍മ്മല്‍!”
അവന് തലതിരിച്ച് അവളെ നോക്കി ചിരിച്ചു.
സുലേഖ കാടുകാണുകയായിരുന്നു.
ഉയരങ്ങളില്‍ അവള് വേഴാമ്പലിനെ കണ്ടു.
“സുലേഖ!”
പിന്നില്‍ നിന്ന് ഗോകുല്‍ വിളിച്ചു.
സുലേഖ അപ്പോള്‍ ഒരുപ്രേതത്തെപ്പോഖെ വിളറിവെളുത്തു.
“കാട് എന്നാലെന്താണെന്ന് നീ എനിക്ക് പറഞ്ഞു തന്നില്ല!”
ഗോകുല്‍ കുസൃതിയോടെ ചിരിച്ചുകൊണ്ട് അവള്‍ക്ക് മുന്നിലേക്കു വന്നു. സുലേഖ അയാളെ നോക്കാന്‍ ഭയപ്പെട്ടു.
തന്റെ മനസ്സ് ഗോകുല്‍ വായിച്ചെടുത്തെങ്കിലോ എന്ന് സുലേഖ ഭയന്നു.
“എന്റെ അമ്മക്കു പറ്റിയ മരുമകളാണ് നീ. രാവിലെ അമ്മയുടെ സപ്പോര്‍ട്ട് ഞാന്‍ കണ്ടിരുന്നു.പ്രകൃതിയുടെ ഉപാസകര്‍ — കാടും മേടും കടലും പുഴയും അരുവിയും. -എന്തായിരുന്നു കോലാഹലം! ഇതിലൊക്കെ എന്താണിത്ര വിശേഷമെന്നാണ് എനിക്കു മനസ്സിലാകാത്തത്…”
ഗോകുല്‍ പറഞ്ഞുകൊണ്ടിരുന്നു.
സുലേഖ എങ്ങിനെയാണ് പ്രതികരിക്കേണ്ടതെന്നറിയാതെ നിശ്ചലയായി നിന്നു.
വലിയ ശബ്ദത്തോടെ അപ്പോള്‍ അവര്‍ക്ക് പിന്നില്‍ ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ വന്നുനിന്നു.
അവരിരുവരും തിരിഞ്ഞുനോക്കി.
മോട്ടോര്‍ സൈക്കിളുകാരന് ചുവന്ന ഹെല്‍മറ്റിന്റെ കറുത്ത ചില്ല് താഴ്ത്തിവച്ചിരുന്നതിനാല് അയാളുടെ മുഖം കാണാന്‍ കഴിഞ്ഞില്ല.
ഇറുകിയ നരച്ച ജീന്‍സും അതുപോലെ പരുക്കന്‍ തുണികൊണ്ടുള്ള ഒരു ഓവര്ക്കോട്ടുംധരിച്ച അയാളുടെ പിറകില്‍ ഒരു നാടന്‍ തോക്ക് തൂങ്ങിക്കിടന്നു.
“ഒരു മനുഷ്യജീവിയെ കണ്ടുമുട്ടിയല്ലോ!”
ഗോകുല്‍ ആഹ്ലാദത്തോടെ പറഞ്ഞുകൊണ്ട് അയാള്‍ക്കടുത്തേക്ക് വന്നപ്പോഴേക്കും അയാള്‍ ബൈക്ക് മുന്നോട്ടെടുത്തു.
ഗോകുല്‍ സ്തബ്ധനായി.
ചീറിപ്പാഞ്ഞു പോകുന്നതിനിടയില്‍ അയാള്‍ അവരെ ഒരു തവണ തിരിഞ്ഞുനോക്കി.
“ഇവനാരെടാ?”
സുലേഖയെ നോക്കിയപ്പോള്‍ അവള് മുഖത്തൊരു ചിരിവരുത്തി. അവളുടെ മുഖം അപ്പോഴും മങ്ങിയിരുന്നത് ഗോകുലിന്റെ ശ്രദ്ധ
യില്പ്പെട്ടില്ല.
“അവനൊരു വേട്ടക്കാരനാണോ. മുയലിനെ വെടിവയ്ക്കാന്‍ പോകുന്നതാണെന്ന് തോന്നുന്നു. നീ വണ്ടിയില്‍ കയറ്, നമുക്ക് നിന്റെ കാട്ടില്‍ പോകാം – ശ്രീരാമനും സീതയുമാകാം.”
ഗോകുല്‍ പൊട്ടിച്ചിരിച്ചുകൊണ്ട് വണ്ടിയില്‍ കയറി സ്റ്റാര്‍ട്ടു ചെയ്തു.
സുലേഖ അയാളുടെ ഇടതുവശത്തിരുന്ന് ഡോറടച്ചു.
മനഃപൂര്‍വം അയാള്‍ വളരെ പതിയെയാണ് വാഹനമോടിച്ചത്.
“എന്റെ ശ്രീമതിക്ക് ഈ വേഗം മതിയാവുമോ? ഒച്ചിഴയുന്നതുപോലെ.”
ഗോകുല്‍ ചോദിച്ചു.
സുലേഖ മ്ലാനതയോടെ ഒന്നു പുഞ്ചിരിക്കുകമാത്രം ചെയ്തു. പിന്നെ ഏറെനേരം അവര്‍ നിശബ്ദരായിരുന്നു.
മുന്നോട്ടു പോകുന്തോറും പച്ചപ്പിന് കട്ടികൂടി വന്നു.
ഇരുണ്ട പച്ചനിറം!
ഒരു ഹെയര്‍പിന്‍ വളവുതിരിഞ്ഞു കഴിഞ്ഞപ്പോള്‍ ഗോകുല്‍ അതു കണ്ടു. റോഡരികില്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തിയിട്ട്
അയാള്‍ തിരിഞ്ഞുനോക്കിയിരിക്കുന്നു.
ആ തോക്കുകാരന്‍!
ആരെയോ കാത്തിരിക്കുന്നതുപോലെ. ബൈക്ക് സ്റ്റാര്‍ട്ടാക്കി
നിര്‍ത്തിയിട്ടിരിക്കുകയാണ്, അവരെ കണ്ടയുടന്‍ അയാള്‍ ധൃതിയില്‍ ബൈക്ക് മുന്നോട്ടു കുതിപ്പിച്ചു പാഞ്ഞു.
ഗോകുലിന് അതു കണ്ട് അമ്പരപ്പായി.
അയാള്‍ സുലേഖയെ നോക്കി.
അവള് ഒരു പ്രതിമയെപ്പോലെ ഇരിക്കുകയാണ്.
“ അവന്റെ പിന്നില്‍ തോക്കുണ്ടല്ലോ. വേട്ടയ്ക്കു വന്നവന് മനുഷ്യരെകണ്ട് ഭയന്നോടുന്നതെന്തിനാണ്. ആരെയാണവന്‍ കാത്തു നിന്നത്. അവന്റെ ഉദ്ദേശമെന്താണ്?”
ഗോകുല്‍ കോമാളിയുടേത്പോലെ മുഖം കൂര്‍പ്പിച്ച് പറഞ്ഞു.
സുലേഖ നിസ്സംഗതയോടെ അയാളെ നോക്കി.
ഗോകുല്‍ ഒന്നു ചുളംകുത്തി.
ക്ഷമിക്കണം ശ്രീമതി! എന്റെ വേഗതയ്ക്കു മുന്നില്‍ അവനും അവന്റെ പീറ ബൈക്കും ഒന്നുമല്ലെന്ന് നീ കാണ്!”
ഗോകുല്‍ ഇടതുകൈകൊണ്ട് ഒരു സിഗററ്റിന് തീ കൊളുത്തിയിട്ട് ആക്സിലേറ്ററില്‍ കാലമര്‍ത്തി
സുമോ കാട്ടുപാതയിലൂടെ ശരം വിട്ടതുപോലെ പാഞ്ഞു.
ഗോകുല്‍ ഒരു വന്യമൃഗത്തിന്റെ ഏകാഗ്രതയോടെ പാതയുടെ അഗ്രത്തില്‍ ദൃഷ്ടിയുറപ്പിച്ച് ഇരയെ ഉന്നംവച്ചുകൊണ്ടെന്നപോലെ
സ്റ്റിയറിങ് ചലിപ്പിച്ചു. ച്രകവാളങ്ങള്പോലെ ലക്ഷ്യം എപ്പോഴും അകന്നുപൊയ്ക്കൊണ്ടിരുന്നു.
പാതയുടെ തിരിവുകളില്‍ ഒന്നുരണ്ടിടത്തു വച്ച് മിന്നായംപോലെ മോട്ടോര്സൈക്കിള്കാരന്റെ ചുവന്ന ഹെല്‍മറ്റോ കറുത്തുമിന്നുന്ന
തോക്കിന് കുഴലോ വെട്ടിത്തിളങ്ങി.
പിന്നെ അയാള്‍ ഏറെ നേരത്തേക്ക് അപ്രത്യക്ഷനായി.
ഇലച്ചാര്‍ത്തുകളുടെ പഴുതുകളിലൂടെ ഉച്ചവെയില്‍ നൂണ്ടിറങ്ങി വന്നു.
ഇരുണ്ട പച്ചകള്‍ക്കിടയില്‍ പാത കൂടുതല്‍ വിഷമകരമായി.
ടാര്‍ പൊളിഞ്ഞുപോയി കുണ്ടും കുഴിയുമായി കാടുകയറിക്കിടന്ന പാതയ്ക്കുമേലെകൂടി ഗോകുല്‍ തന്റെ വാഹനം ചാടിച്ചു.
അയാളുടെ കണ്ണുകളില്‍ വന്യതയുടെ തീഷ്ണമായ അക്ഷമയുണ്ടായിരുന്നു.
വനത്തിന്റെ മൂരള്ച്ചയും ഇരുളിമയും ശീതക്കാറ്റും കണ്ടു പകച്ച് സുലേഖ ചുറ്റും നോക്കി.
ഡ്രൈവ് ചെയ്യുന്ന ഭര്‍ത്താവിനെ നോക്കിയപ്പോള്‍ നട്ടെല്ലിലൂടെ ഭീതിയുടെ ഒരു തരിപ്പ് അരിച്ചു കയറുന്നത് അവള് അറിഞ്ഞു.
“ഗോകുല്‍”
സുലേഖ ഗോകുലിന്റെ കൈത്തണ്ടയില്‍ പിടിച്ചു.
“നമുക്കു തിരികെപ്പോകാം. എനിക്കു കാടു കാണേണ്ട”
സുലേഖ ഭയത്തോടെ പറഞ്ഞു.
ഗോകുലിന്റെ ചുണ്ടുകളില്‍ ഒരു ചിരിയുണ്ടായി.
അതെന്താണിപ്പോള്‍ നിനക്കങ്ങിനെ തോന്നാന്‍, ഏതായാലും ഇവിടെവരെ വന്ന സ്ഥിതിക്ക് കാടു കാണാതെ മടങ്ങുന്ന പ്രശ്നമില്ല. ഒരു ത്രില്ലുതോന്നുന്നുണ്ടെനിക്ക്, ഇവിടെ നമ്മെ ശല്യപ്പെടുത്താന്‍ ആരും വരില്ലല്ലോ. ആ നായാട്ടുകാരന് നമ്മെക്കണ്ട് ഓടിരക്ഷപ്പെട്ടു കളഞ്ഞു. അതുപോകട്ടെ, എവിടെയാണ് നീ പറയാറുള്ള ആ റൊമാന്റിക് പ്ലെയ്സ് — കാട്ടരുവി…”
പൊടുന്നനെ ഗോകുലിന്റെ കൈത്തണ്ടയില്‍ മുറുകിപിടിച്ചിരുന്ന സുലേഖയുടെ കൈ അയഞ്ഞു.
അവള് ജാള്യതയോടെ അയാളെ ഒന്നു പാളിനോക്കിയിട്ട സാരിത്തലപ്പുകൊണ്ട് വായ് മൂടിയിരുന്നു.
ഗോകുല്‍ അവളൂടെ ഭാവമാറ്റം ശ്രദ്ധിച്ചു.
“നിനക്കെന്താണ് പറ്റിയത് സുലേഖ? മൂഡൌട്ടായല്ലോ.””
സുലേഖ അതു കേട്ടില്ല…
അവള് വനാന്തരത്തിലെ ഇരുണ്ട പച്ചപ്പുകള്‍ കാണുകയായിരുന്നു.
കുളിര്‍ത്ത കാറ്റില്‍ ചുളംവിളിച്ചുകൊണ്ട് ഒരു പക്ഷിവന്നു.
സുലേഖ കരിയിലകള്‍ക്കുമേല്‍ മലര്‍ന്നു കിടന്നുകൊണ്ട് മുകളില്‍ വനത്തിന്റെ മേല്‍ക്കൂര കണ്ടു.
സ്വച്ഛവും ശീതളവുമായ അരുവിയില്‍ നിന്ന് കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്തുകൊണ്ട് നിര്‍മ്മല്‍ അവള്‍ക്കരികിലേക്കു നടന്നുവന്നു.
സുലേഖയുടെ കറുത്തനിറമുള്ള മിഡിസ്ഥാനം തെറ്റിക്കിടക്കുന്നത് നിര്‍മ്മല്‍ കണ്ടിട്ടും അവള് ലജ്ജയില്ലാതെ അവനെ നോക്കി ചിരിച്ചു.
“നീ വേഴാമ്പലിനെ കണ്ടിട്ടുണ്ടോ?”
സുലേഖ ചോദിച്ചു.
ഉണ്ടല്ലോ.”
“വേഴാമ്പല്‍ ദാഹിച്ചു കരയും.”
“അപ്പോള്‍ മഴപെയ്യുമെന്ന് കേട്ടിട്ടുണ്ട്.”
നിര്‍മ്മല്‍ പൊട്ടിച്ചിരിച്ചു.
അവന് കൈക്കുമ്പിളിലെ വെള്ളം നിഷ്ക്കരുണം അവള്‍ക്കുമേല്‍ കമിഴ്ത്തി…
ഗോകുല്‍ ആശ്ചര്യത്തോടെ സുമോ ചവിട്ടിനിര്‍ത്തി. അവ്യക്തമായ പാതയില്‍, തൊട്ടുമുന്നില്‍ അനാഥമായ ആ മോട്ടോര്‍ സൈക്കിള്‍. ചുവന്ന നിറമുള്ള ഹെല്‍മെറ്റ്, ബൈക്കിന്റെ ഹാന്‍ഡിലില്‍ കൊളുത്തിയിട്ടിരുന്നു. നൂണിറങ്ങുന്ന ഉച്ചവെയിലിന്റെ വെള്ളിക്കിരണങ്ങളില് അത് തീക്കട്ടപോലെ തിളങ്ങി.
ഗോകുല്‍ സുലേഖയെ തട്ടിവിളിച്ചിട്ട് വണ്ടിയുടെ എഞ്ചിന് ഓഫാക്കി പുറത്തിറങ്ങി ഡോര്‍ വലിച്ചടച്ചു.
അപ്പുറത്തു കൂടി സുലേഖയും ഇറങ്ങിവന്നു.
അവള് ആ പരിസരത്തെ പകച്ചുനോക്കി.
ഗോകുല്‍ ചുറ്റിനടന്ന് ആ ബൈക്ക് പരിശോധിക്കുകയായിരുന്നു.
അതിന്റെ ഉടമസ്ഥന് കാടുകയറി നായാടുകയായിരിക്കുമെന്ന് ഗോകുല്‍ ഊഹിച്ചു.
അയാള്‍ സുലേഖയെ നോക്കി.
അവള് അടിക്കാടുകള്‍ വകഞ്ഞുമാറ്റിചിരപരിചിതയെപ്പോലെ കാടുകയറുന്നത് ഗോകുല്‍ ആശ്ചര്യത്തോടെ കണ്ടു.
ഗോകുല്‍ അവളെ വിളിച്ചപ്പോള്‍ അവള് തിരിഞ്ഞു നിന്നു.
“അരുവി അടുത്താണ്.”
സുലേഖ പറഞ്ഞതുകേട്ട് ഗോകുല്‍ വെറുതെ ചെവിയോര്‍ത്തു .
അരുവിയൊഴുകിപ്പോകുന്നതിന്റെ നേര്‍ത്ത ഇരമ്പം കേള്‍ക്കാം .
ഗോകുല്‍ മൂക്കുവിടര്‍ത്തി ഉറക്കെശ്വസിച്ചുകൊണ്ട് ആഹ്ലാദത്തോടെ പറഞ്ഞു.
“ഒരു പ്രത്യേക മൂഡ്! ഞാനിത്രയുംവിചാരിച്ചില്ല സുലേഖ.
അയാള്‍ അവള്‍ക്ക് പിന്നാലെ കാടു കയറാന്‍ തുടങ്ങി.
അസ്പഷ്ടമാണെങ്കിലും ഒരുനടപ്പാതയുണ്ടായിരുന്നു അവിടെ.
അല്പസമയം നടന്നപ്പോള്‍ അവര്‍ അരുവി കണ്ടു.
സുലേഖയുടെ മുഖം തുടുത്തു.
ഗോകുല്‍ വിസ്മയത്തോടെ ചുറ്റുപാടുംനോക്കി.
സ്വച്ഛവും ശീതളവുമായ അരുവിയിലെ സ്ഫടികജലം.
കരിയില മൂടിയ കരയില്‍ ഇണചേരുന്ന നാഗങ്ങളെപ്പോലെ തുങ്ങിക്കിടക്കുന്ന വള്ളികളുമായി വന്മരങ്ങള്.
ഉച്ചവെയില്‍ ചിതറിവീണ് സ്ഫടികജലം തിളങ്ങി.
സുലേഖ ഒരു മായിക ലോകത്തിലെന്ന പോലെ കരയിലൂടെ നടന്നു. പിന്നെ യാന്ത്രികമായി കരിയിലകള്‍ക്കു മേല്‍ മലര്‍ന്നു കിടന്ന് വനത്തിന്റെ ഇരുണ്ട പച്ചനിറമുള്ള മേല്‍ക്കൂര നോക്കി.
ഗോകുല്‍ നിശ്ചലനായി കാട്ടാറിന്റെ കരയില്‍ നിന്നു.
അരുവിയുടെ ഇരമ്പവും ശീതക്കാറ്റും ഇരുണ്ട പച്ചപ്പും കാണ്‍കെ സുലേഖയുടെ നിശ്വാസങ്ങള്‍ ഉച്ചത്തിലായി.
അവള് അസ്വസ്ഥതയോടെ കണ്ണുകള്‍ പൂട്ടിക്കൊണ്ട് പിറുപിറുത്തു; നിര്‍മല്‍…..നിര്‍മല്‍…
ഗോകുല്‍ ഒരു ഞെട്ടലോടെ സുലേഖയെനോക്കി.
അവള് പറഞ്ഞതെന്താണെന്ന് അയാള്‍ വ്യക്തമായി കേട്ടു.
ആരാണ് ഈ നിര്‍മ്മല്‍?
ഗോകുല്‍ മുഖം ചുളിച്ചു.
കരിയിലകള്‍ക്കു മേല്‍ മലര്‍ന്നു കിടക്കുകയായിരുന്ന സുലേഖയോട് ഗോകുല്‍ എന്തോ ചോദിക്കാന്‍ തിടുക്കപ്പെട്ടപ്പോഴേക്കും കാടിനെ നടുക്കിക്കൊണ്ട് ഒരു വെടിശ്ബദം അവിടെ മുഴങ്ങി.
സുലേഖ ഞെട്ടി കണ്ണുകള്‍ തുറന്നു.
മുതുകിലെ വെടിയേറ്റ മുറിവ് കയ്യെത്തിച്ച് അമര്‍ത്തിപ്പിടിച്ച് ഒരലര്‍ച്ച യോടെ ഗോകുല്‍ കുഴഞ്ഞു വീഴുന്നതാണ് സുലേഖ കണ്ടത്.
ഹൃദയം പെട്ടെന്നു നിശ്ചലമായിപ്പോയതുപോലെ സുലേഖയ്ക്കു തോന്നി.
അവള് അവിടെ നിന്നും ചാടിപ്പിടഞ്ഞെഴുന്നേറ്റ് താഴേക്കു കുഴഞ്ഞു വീണ ഗോകുലിനെ താങ്ങി,
മുറിവില്‍നിന്ന് ചോര ഒരു പുഴപോലെയൊഴുകി.
ഗോകുലിന്റെ അലര്‍ച്ച ഞരക്കമായി മാറി.
അയാള്‍ കണ്ണുകള്‍ തുറക്കുന്നുണ്ടായിരുന്നില്ല.
സുലേഖ നിലവിളിച്ചു.
കാടിന്റെ നടുവില്‍ അവള് ചുറ്റും പകച്ചു നോക്കിയപ്പോള്‍ തെല്ലകലെ, ഒരു വലിയ മരത്തിന്റെ മറവില്‍ നിന്ന് തോക്ക് ചുമലില്‍ വച്ച്
ആ മോട്ടോര്‍ സൈക്കിളുകാരന് അവള്‍ക്കടുത്തേക്ക് നടന്നുവരുന്നതു കണ്ടു.
അവളുടെ നിലവിളി പെട്ടെന്ന് തൊണ്ടയില്‍ വച്ച് മുറിഞ്ഞുപോയി.
ഹെല്‍മെറ്റ് വച്ചിട്ടില്ലാത്തതിനാല്‍ അയാളുടെ മുഖം അവള് വ്യക്തമായി കണ്ടു.
നിര്‍മ്മല്‍!
ശ്മ്രശുക്കള് വളര്‍ന്ന് നിന്നിരുന്ന അയാളൂടെ മുഖത്ത് ഒരു ചിരിയുണ്ടായി.
മടിയില്‍ സുലേഖ ചോരയുടെ തണുപ്പറിഞ്ഞു. അവളുടെ സാരി ഗോകുലിന്റെ ചോരയില്‍ നനഞ്ഞുകുതിര്‍ന്നു.
ഗോകുല്‍ നിശ്ചലനായി അവളുടെ കൈകളില്‍ കിടന്നു. നിര്‍മ്മല്‍ അവള്ക്ക്ടുത്തെത്തി നിന്നു.
സുലേഖയുടെ ചുണ്ടുകള്‍ വിറച്ചു.
സുലേഖ പ്രകടമായ വല്ലാത്ത ഭാവത്തോടെ അയാള്‍ക്കു നേരെ നോക്കി പുലമ്പി. “നീ?”
“ഞാന്‍ നിര്‍മ്മല്‍! നീയെന്നെ ആദ്യം കാണുകയാണോ?”
നിര്‍മ്മല്‍ നിഷ്കളങ്കമായിട്ടെന്നതുപോലെ ചോദിച്ചു. സുലേഖ ഭ്രാന്തിയെപ്പോലെഅയാളെ തുറിച്ചുനോക്കി.
“നീ പറഞ്ഞിരുന്നതുപോലെ ഞാന്‍ ചെയ്തു സുലേഖ! നിന്നെ ആരെങ്കിലും കല്യാണം കഴിക്കുകയാണെങ്കില്‍ അവനെ കൊന്ന് നിന്നെ എന്നേക്കും സ്വന്തമാക്കണമെന്ന് നീ ഇവിടെവച്ചാണ് എന്നോടു പറഞ്ഞത്. ഓര്‍ക്കുന്നില്ലേ?”
അതു പറഞ്ഞ് നിര്‍മ്മല്‍ അവള്‍ക്കടുത്തിരുന്ന് അവളുടെ ചിതറിയ മുടിയൊതുക്കിവച്ചു.
സുലേഖ ചോരപുരണ്ട കൈകൊണ്ട് നിര്‍മ്മലിന്റെ കൈ തട്ടിമാറ്റി പരുഷമായ സ്വരത്തില്‍ മുരണ്ടു. “നീചന്!”
നിര്‍മ്മല്‍ പരിഭ്രാന്തിയോടെ സുലേഖയെനോക്കി. “സുലേഖ”
“ഈ കിടക്കുന്നത് എന്റെ ഭര്‍ത്താവാണ്. എന്റെ ഭര്‍ത്താവിനെ നീ കൊന്നു. എന്നെ നീ വിധവയാക്കി.”
സുലേഖ പൈശാചികമായ ഭാവത്തോടെ ശബ്ദമടക്കിപ്പിടിച്ച് ഒരു വല്ലാത്ത ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് ഗോകുലിന്റെ നിശ്ചലമായ
ശരീരം താഴെ ക്കിടത്തി എഴുന്നേറ്റു.
അവളുടെ സാരിയില്‍ നിന്ന് ചോരയിറ്റുവീണു.
സുലേഖ അയാളെ പകയോടെ നോക്കുന്നതാണ് നിര്‍മല്‍ തലയുയര്‍ത്തിയപ്പോള്‍ കണ്ടത്,
“സുലേഖാ – നമുക്ക് ദുരെയെവിടെയെങ്കിലും ഓടിപ്പോകാം.” നിര്‍മ്മല്‍ അപ്പോഴുംആവേശത്തോടെ പറഞ്ഞു.
“നിന്നോടു ഞാന്‍ പൊറുക്കില്ല!”
സുലേഖ ഭീതിയുണര്‍ത്തുന്ന ചേഷ്ടകളോടെ നിര്‍മ്മലിനെ തുറിച്ചു നോക്കി.
അപ്പോള്‍ വീശിയടിച്ച ശീതക്കാറ്റില്‍ സുലേഖയുടെ ചിതറിയ മുടിയിഴകള്‍ പറന്നു.
നിര്‍മ്മല്‍ വിയര്‍ത്തു .
“സുലേഖാ നിന്നെ ഞാന്‍ സ്നേഹിക്കുന്നുണ്ട്”
നിര്‍മ്മല്‍ കരിയിലകളില്‍ മുട്ടുകുത്തിനിന്നു. സുലേഖ ഒന്നു രണ്ടടി പിന്നോട്ടുവച്ചു.
“നിന്നെ ഞാന്‍
സുലേഖ പുലമ്പി. നിര്‍മ്മല്‍ ഒരു ഞെട്ടലോടെ അവളെ നോക്കി.
സുലേഖയില്‍ ഒരു വിറയലുണ്ടാകുന്നത് അയാള്‍ കണ്ടു. അവള് അടുത്ത നിമിഷം താഴെ വീണേക്കുമോ എന്നയാള്‍ ഭയന്നു.
നിര്‍മ്മല്‍ അല്പനേരം സുലേഖയെ നോക്കിനിന്നിട്ട് കയ്യിലിരുന്ന നാടന്‍ തോക്കില്‍ തിര നിറയ്ക്കാ൯ തുടങ്ങി.
വായില്‍നിന്ന് നുരയും പതയുമൊലിപ്പിച്ച് വിളറിവെളുത്ത് നിശ്ചലമായി നില്ക്കുന്ന സുലേഖക്കു മുന്നിലേക്ക് നിര്‍മ്മല്‍ നിറതോക്ക് എറിഞ്ഞുകൊടുത്തു.
എന്നിട്ട് ഒരു അപരാധിയെപ്പോലെ തലതാഴ്ത്തി കരിയിലകളില്‍ മുട്ടുകുത്തി നിന്നു വിതുമ്പി. അവള് ശിക്ഷിക്കുന്നെങ്കില്‍ ശിക്ഷിക്കട്ടെ എന്ന് നിര്‍മ്മല്‍ നിശ്ചയിച്ചു. പക്ഷേ ഒരിക്കലും അവള്‍ക്കത് ചെയ്യാനാകില്ലെന്ന് അയാള്‍ക്കുറപ്പായിരുന്നു. നിര്‍മ്മല്‍ തലതിരിച്ച് തൊട്ടടുത്തു കിടക്കുന്ന ഗോകുലിന്റെ ശരീരത്തിലേക്കു നോക്കി.
പൊടുന്നനെ, സുലേഖ മുന്നില്‍ കിടന്ന നിറതോക്ക് എടുത്തുകൊണ്ട് ഓടിപ്പോയി.
“സുലേഖ”
നിര്‍മ്മല്‍ അലറിവിളിച്ചു.
അവള് തെല്ലിടചെന്ന് തിരിഞ്ഞുനിന്ന് അയാളെ പകയോടെ നോക്കി. നിര്‍മ്മല്‍ തറയില്‍നിന്ന് എഴുന്നേല്ക്കാന് ശ്രമിക്കുകയായിരുന്നു. അതിനുമുമ്പേ സുലേഖ തോക്കുയര്‍ത്തി അയാളെ ഉന്നംവച്ച് കാഞ്ചിവലിച്ചു.
നിര്‍മ്മല്‍ വെടിയേറ്റു വിണു.
ചങ്കില് പാഞ്ഞുകയറിയ കടുത്ത വേദന ഉള്‍കൊള്ളാനാകാതെ അവിശ്വസനീയതയോടെ നിര്‍മ്മല്‍, കുഴഞ്ഞുവീഴുന്നതിന മുമ്പ് സുലേഖയെ നോക്കിയപ്പോള്‍ അവള് ഒരു കയ്യില്‍ തോക്കുയര്‍ത്തിപ്പിടിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് കാട്ടരുവിയുടെ തീരത്തുകൂടി
അതിവേഗം ഓടിമറയുകയായിരുന്നു.
സുലേഖ പച്ചപ്പുകളുടെ ഇരുളിമയിലേക്ക് മറഞ്ഞുപോയി,
ഉച്ചവെയിലില്‍ വെട്ടിത്തിളങ്ങുന്ന സ്ഫടികജലം ഒന്നുമറിയാത്തതുപോലെ സുലേഖക്കൊപ്പം ഇരുണ്ട പച്ചപ്പുകള്ക്കിടയിലേക്ക് ഒഴുകി
വര: അനിൽ നാരായണൻ