കരുത്താവണം സ്ത്രീപക്ഷം; ‘ഗീതം’ ഈ ജീവിതം

”കഴിഞ്ഞ നാല്‍പതുവര്‍ഷം എന്താ ചെയ്തത്.. എന്നോടു തന്നെയാ ചോദ്യം… ആര്‍ക്കറിയാം…. കഞ്ഞീം കറിം വച്ചുകളിച്ചു. കെട്ടിയോനുമായി വഴക്കുണ്ടാക്കി…… നാട്ടുകാരോട് വഴക്കുണ്ടാക്കി. ഇന്‍ലന്‍റും കവറും വിറ്റു. വേണ്ടതിനും വേണ്ടാത്തതിനും വഴക്കുകേട്ടു. വേറെ എന്താ ചെയ്‌തെ അല്ലെ ഒന്നൂല്ല.. അല്ലേ…”മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു തീര്‍ക്കുന്ന സ്ത്രീ ജീവിതത്തെക്കുറിച്ചുളള ഗീത പുഷ്‌ക്കരന്‍റെ ഫേസ്ബുക്ക് പോസ്റ്റാണിത്  സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ വൈകാരികമായി അവതരിപ്പിക്കുകയും എല്ലാക്കാലത്തും സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്നതും അവര്‍ക്ക് മാത്രം മനസ്സിലാക്കേണ്ടിവരുന്നതുമായ ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും തന്റെ എഴുത്തിലൂടെ ഗീത നമുക്ക് വ്യക്തമാക്കിത്തരുന്നു.

തന്‍റെ മരുമകളെപ്പോലെ കരുത്തയും സ്വന്ത ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവളും ആയിരിക്കണം യഥാര്‍ത്ഥപെണ്ണ് എന്നവര്‍ പറഞ്ഞുവയ്ക്കുന്നു. ‘അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം അവള്‍ അവള്‍ക്കു നല്ലതെന്ന് തോന്നുന്നത് വൃത്തിയായി ഭംഗിയായി ചെയ്യുന്നു. ആഹാരമുണ്ടാക്കലും മക്കളെ പെറ്റുവളര്‍ത്തലുമല്ല ജീവിതം എന്നവള്‍ തിരിച്ചറിയുന്നു. അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ നിലപാടുകളെ അഭിരുചികളെ അവള്‍ കണ്ടത്തി പരിപോഷിപ്പിക്കുന്നു. അതാണ് പെണ്ണ് അതായിരിക്കണം പെണ്ണ്.” എന്നുകൂടി പറഞ്ഞു വയ്ക്കുന്നു. നവമാധ്യമങ്ങളില്‍ സ്ത്രീപക്ഷ എഴുത്തുകളിലൂടെ ശ്രദ്ധേയയായ ഗീതാപുഷ്‌കരന്‍ തന്‍റെ ചിന്താഗതികളും വിശേഷങ്ങളും കൂട്ടുകാരിയുമായി പങ്കുവയ്ക്കുന്നു.

എഴുതിത്തുടങ്ങിയത് എന്ന് മുതല്‍ക്കാണ് ? താങ്കളുടെ എഴുത്തിടത്തെ ഒന്നു പരിചയപ്പെടുത്താമോ?


കോളജ് കാലഘട്ടത്തില്‍ സുവോളജി അദ്ധ്യാപകന്‍ ദിവംഗതനായ ജോസ് കാട്ടൂര്‍ സര്‍ ലാബില്‍ വച്ചു ഒരു പ്രണയ ലേഖനം എഴുതുവാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അത് തമാശയായിട്ട് പറഞ്ഞതാണ്. ഞാന്‍ എഴുതി. നന്നായിരിക്കുന്നു എന്ന് സര്‍. സാറാണ് എന്തെങ്കിലുമൊക്കെ എഴുതണം എന്ന് ആദ്യം എന്നോട് പറഞ്ഞത്. ഡിഗ്രി കാലഘട്ടത്തില്‍ മലയാളം ക്ലാസില്‍ അനധികൃതമായി കടന്നു ചെന്ന് തുടങ്ങിയ ഭാഷാ പ്രേമമാണ് എഴുത്തിലേക്കു നയിച്ചത്. ആ കാലത്ത് കുറച്ചു് എഴുത്തൊക്കെ ഉണ്ടായിരുന്നു. വിവാഹത്തോടെ പേന പൂട്ടി വച്ചു. വായന അച്ഛന്‍ തുടങ്ങിത്തന്നു. സഹോദരന്മാര്‍ കൂടെ നിന്നു. അതിന്നും തുടരുന്നു.

ഗീതയുടെ കുടുംബം

പ്രണയ വിവാഹം ആയിരുന്നല്ലോ.. ഇന്ന് അതൊക്കെ സര്‍വ്വസാധാരണമാണെങ്കിലും അന്നത്തെ കാലത്ത് സ്ഥിതി വ്യത്യസ്തമായിരുന്നു?


അതെ ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. തൊട്ടടുത്ത വീട്ടിലെ ചെറുപ്പക്കാരന്‍ കൂട്ടുകാരികളുടെ സഹോദരന്‍. തുടങ്ങി വച്ച പ്രണയം ഏറ്റെടുക്കുവാന്‍ തോന്നി. അതും മലയാളം അദ്ധ്യാപകന്‍ ദിവംഗതനായ പി.ഒ. പുരുഷോത്തമന്‍ സാറിന്റെ ഒരു പ്രേരണ ഉള്ളിലുണ്ടായിരുന്നു. സ്ത്രീധന രഹിത, ജാതിരഹിത വിവാഹം എന്ന ചിന്ത അദ്ദേഹമാണ് മനസ്സില്‍ ജ്വലിപ്പിച്ചത്. സബ് റജിസ്ട്രാര്‍ ഓഫീസില്‍ വച്ചു വിവാഹം. ആ കാലഘട്ടം പകര്‍ന്നു തന്ന അവഗണനകളേയും പരിഹാസങ്ങളേയും അതിജീവിക്കുക എന്നത് പ്രയാസകരമായിരുന്നു. എന്നാല്‍ തോല്‍ക്കില്ല എന്ന ദൃഢനിശ്ചയം ഉണ്ടായിരുന്നു. നല്ല പ്രതികരണ ശേഷിയായിരുന്നു. നല്ല രീതിയില്‍ കലാപം സൃഷ്ടിച്ചു. ഇടപെടലുകളില്‍ വഴക്കാളി എന്ന പേരു പതിഞ്ഞു കിട്ടി. വാക്കും നോട്ടവും പ്രവര്‍ത്തിയും ദൃഢമായി. സകലതും നേരിടാനുള്ള കരുത്തു കിട്ടി. അതിനാല്‍ പരിഹാസക്കാരെ അടക്കാനായി.

മകള്‍ രശ്മിയും കുട്ടികളും

പോസ്റ്റ് ഓഫീസ്  ജീവിതത്തെക്കുറിച്ച് ?


മുപ്പത്തിയൊന്‍പതിലേറെ വര്‍ഷം. ചിട്ടയായ ജീവിതം. കൃത്യവും സത്യസന്ധവുമായ ഡ്യൂട്ടി. അഴിമതിയും കളവും കൈക്കൂലിയും ഇല്ലാത്ത സര്‍വ്വീസ് ജീവിതം.. തപാല്‍ വകുപ്പില്‍ ഓഫീസിനകത്തെ  ജീവനക്കാരുടെ ജീവിതം അതാണ്. ശമ്പളം കുറവ്. അതിനാല്‍ ആര്‍ഭാട ജീവിതം ഒരിക്കലും ഉണ്ടായില്ല. മിനിമം സൗകര്യങ്ങളില്‍ മക്കളും ജീവിച്ചു പഠിച്ചു. ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിച്ചു, ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി.എല്ലാം മിതമായ രീതിയില്‍ തന്നെ കൊണ്ടുപോകാന്‍ പഠിച്ചു. സമ്പത്ത് സ്വര്‍ണ്ണം, സാരി.. ഒന്നും മോഹിപ്പിച്ചില്ല ഉല്ലാസയാത്ര പോയില്ല. സ്ഥിരംസിനിമ കണ്ടിട്ടില്ല. പാര്‍ക്കില്‍ പോയില്ല. ആലപ്പുഴ ജില്ല വിട്ട് ജോലിയും ചെയ്തിട്ടില്ല. അതാണ് തപാല്‍ വകുപ്പിലെ ജീവിതം നല്‍കിയ അനുഭവം. അഭിമാനപൂര്‍വ്വം സര്‍വ്വീസ് പൂര്‍ത്തിയാക്കി. ശിക്ഷാ നടപടികള്‍ ഉണ്ടായിട്ടുണ്ട് .. അതെല്ലാം നട്ടെല്ലു നിവര്‍ത്തി നിന്ന് പ്രതികരിച്ചതിന്റെ പ്രത്യാഘാതം മാത്രമായിരുന്നു.

ശ്യാം പുഷ്കരന്‍റെ വിവാഹ വേളയില്‍

മകനും മരുമകളും സെലിബ്രേറ്റികളാണല്ലോ അവരെ കുറിച്ച് രണ്ട് വാക്ക്? ….


ശ്യാമിന് യാതൊരു വിധ പിന്‍തുണ നല്‍കാനും ചലച്ചിത്ര രംഗത്ത് ആളുണ്ടായിരുന്നില്ല. അവന്‍ സിനിമ പഠിച്ചു. തീവ്രമായി ആഗ്രഹിച്ചു പ്രവര്‍ത്തിച്ചു. മകന്‍ സിനിമാ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നു. ഭാഗ്യവും  അവന്റെ കൂട്ടുകാര്‍ ഉള്‍പ്പടെയുള്ള സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനവുമാണ് തുണച്ചത്. ഈശ്വരാനുഗ്രഹം എന്നും ഞാന്‍ പറയുന്നു.

മരുമകള്‍


ചലച്ചിത്ര രംഗം ഇഷ്ട്ടപ്പെട്ടു തന്നെ ശ്യാമിന്റെ കൂടെ കൂടിയതാണ്. നല്ല കലാബോധവും വിവരവും വിവേകവും ധൈര്യവുമുണ്ട്. പ്രവര്‍ത്തിക്കാനുള്ള സന്മനസ്സും രണ്ടുപേരും പരസ്പരം അറിഞ്ഞ് ജീവിക്കുന്നു, സ്‌നേഹം സന്തോഷം എനിക്കും.

സാഹിത്യ ലോകത്തെ സുഹൃത്തുക്കള്‍ ?


ഞാനാലോകത്തേക്കു കടന്നിട്ടേയില്ല. ഒരു വരിപോലും എഴുതി പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. ഫെയ്‌സ്ബുക്കില്‍ എഴുതുന്നുവെന്ന് മാത്രം. അവിടെ പ്രിയപ്പെട്ട ഒരുപാട് സ്ത്രീകളുണ്ട്. നിറഞ്ഞ ഹൃദയത്തോടെ ഒപ്പം കൂട്ടുന്നവര്‍. അവരാണ് എന്നും സപ്പോര്‍ട്ട്. വായനയാണെങ്കില്‍ എല്ലാം വായിക്കും എല്ലാവരുടേയും വായിക്കും. പ്രിയപ്പെട്ട ഒരുപാട് എഴുത്തുകാരുണ്ട്. ആരുമായും അടുത്ത പരിചയമില്ല. അടുത്തു പരിചയപ്പെടാന്‍ അവസരം ലഭിച്ചിട്ടുമില്ല. എല്ലാവരേയും ഒരുപാടിഷ്ടം.

സ്ത്രീപക്ഷ എഴുത്തുകളാണല്ലോ അധികവും ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത്?


അതെ.എനിക്ക് അങ്ങിനെയാവാനേ പറ്റൂ. പഴയ മനസ്സ്. പക്ഷേ ആറു പതിറ്റാണ്ടിന്റെ അനുഭവസമ്പത്ത് ഉള്ളില്‍ വിതച്ചത് സ്ത്രീക്ഷ ചിന്തകളാണ്. ഇപ്പോള്‍ ഇതു കുറിക്കുമ്പോഴും വിളി ഉയരുന്നുണ്ട്.. ‘ചായയില്ലേ? കുറച്ചു കപ്പ പുഴുങ്ങിക്കോളു. നന്നായി ഉള്ളിയും മുളകും ഇടിച്ചിട്ട് ഉലര്‍ത്തണം’. അതെ .. സ്ത്രീയുടെ ശരീരം സ്വന്തം സ്വാധീനത്തിലല്ലെങ്കിലും വീട്ടുജോലി അവള്‍ക്കു മാത്രമായി വീതിച്ചു നല്‍കാന്‍ മടിക്കില്ല മിക്കവാറും പുരുഷന്മാര്‍. കുടുംബം പോറ്റാന്‍ ഉദ്യോഗം, ശിശു പരിപാലനം ഗൃഹ ജോലി , സര്‍വ്വവും സ്ത്രീയുടെ മേല്‍ കെട്ടി വക്കുന്ന സമൂഹത്തില്‍ അപമാനം അനുഭവിച്ചിട്ടുള്ള എനിക്ക് സ്ത്രീപക്ഷമാകാനേ കഴിയൂ.

കൊച്ചുമകള്‍ കൃഷ്ണയ്ക്കൊപ്പം ഗീത

പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ട് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ.. ഹൃദയസ്പര്‍ശിയായ എന്തെങ്കിലും സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടോ?


അത്ര വലിയ ജീവകാരുണ്യ പ്രവര്‍ത്തകയല്ല ഞാന്‍. കഴിയുന്നതും ഞാന്‍ നേരിട്ട് ഒന്നും ചെയ്യാറില്ല CM ന്റെ  റിലീഫ് ഫണ്ടില്‍ തന്നെ നിക്ഷേപിക്കയേ ഉള്ളു. പിന്നെ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പുറത്തു പറയാറുമില്ല. അത് ആരേയും വിഷമിപ്പിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍തന്നെ യുവകലാസാഹിതി,വനിതാകലാസാഹിതി,സീനിയര്‍ സിറ്റിസന്‍സ് ജോയിന്റ് കൗണ്‍സില്‍,സര്‍വ്വകലാസംഘം AITUC തുടങ്ങിയ ചില സംഘടനകളോട് യോജിച്ചുള്ള പ്രവര്‍ത്തനമേ ഉള്ളു.

ഒരുപാട് കത്ത് കൈകാര്യം ചെയത് അളല്ലേ… കത്ത് ഇങ്ങോട്ട് കിട്ടിയിട്ടുണ്ടോ?


പേരു വയ്ക്കാത്ത ധാരാളം പ്രേമലേഖനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പലതും ഹൃദയഹാരിയായിരുന്നു എന്ന് പറയാതെ വയ്യ

ചില ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍ കണ്ടിട്ട് ഒരേ സമയം യുക്തിവാദിയായും ഈശ്വര വിശ്വാസിയായും തോന്നിയുണ്ട് … അതിലെ പൊരുള്‍ ഒന്ന് വിശദീകരിക്കാമോ?


യുക്തിസഹമായി ചിന്തിക്കുക എന്നത് ബുദ്ധിപരമായ പ്രവര്‍ത്തിയാണ്. പരമാവധി അങ്ങിനെ ചിന്തിക്കാറുണ്ട്. പക്ഷേ ഈശ്വരവിശ്വാസം ..അത് ജന്മനാ ഹൃദയത്തിലുറച്ചു പോയ ഒന്നാണ്. തികച്ചും വൈകാരികം ഉദാഹരണത്തിന് എന്റെ മകനും മരുമകളും ഒരു വലിയ അപകടത്തില്‍പ്പെട്ടു. ഗുരുതരമായിരുന്നു മകന്റെ അവസ്ഥ. അത് ഡോക്റ്റര്‍ എന്നോട് നേരിട്ടു പറഞ്ഞു. യുക്തി പ്രവര്‍ത്തിച്ചാല്‍ -ബുദ്ധിപൂര്‍വ്വം ചിന്തിച്ചാല്‍ ഞാന്‍ തകര്‍ന്നു പോകുമായിരുന്നു. ഇവിടെ ഹൃദയമാണ് ഒരു ആശ്രയം കണ്ടെത്തുന്നത്


ബ്രയിനല്ല, പ്രത്യാശ നഷ്ടപ്പെടാതിരിക്കുവാന്‍ എന്തെങ്കിലും മിറക്കിള്‍ നമ്മള്‍ ആഗ്രഹിക്കും അങ്ങിനെ സംഭവിക്കുമെന്ന് വിശ്വസിക്കാന്‍ ശ്രമിക്കും. ഈ അവസ്ഥയില്‍ ഞാന്‍ ഉരുവിട്ടത് വിശുദ്ധ യൂദാശ്ലീഹായുടെ പ്രാര്‍ത്ഥനയാണ് ..പ്രത്യക്ഷവും ഗോചരവുമായ സര്‍വ്വ സഹായങ്ങളും ഫലപ്രാപ്തിയില്ലാതെ വരുന്ന നിമിഷത്തില്‍ ഇടപെടണേ എന്ന് നമ്മള്‍ പ്രാര്‍ത്ഥിക്കും. അത് ഏത് ദൈവത്തോട് എന്നൊന്നുമില്ല. ഏതോ ഒരു ശക്തി പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നു എന്ന വിശ്വാസം ഉള്ളത് നല്ലതാണ് എന്നു എനിക്കു തോന്നുന്നു. അതു നമുക്കു  പല അവസ്ഥകളേയും അതിജീവിക്കാന്‍ കരുത്തു നല്‍കും.

കൊച്ചുമക്കളുമായി ചേര്‍ന്ന് തുടങ്ങിയ പാചകയറിവുകള്‍ പങ്കുവയ്ക്കുന്ന യൂടൂബ് ചാനലിനെക്കുറിച്ച് ?


എന്റെ ഭര്‍ത്താവിന്‍റെ കൊച്ചച്ഛന്‍റെ ഭാര്യ ദേവകിച്ചിറ്റ .. പുള്ളിക്കാരിയുടെ മീന്‍ കറികണ്ടാണ് അതു പോലെ ഉണ്ടാക്കാന്‍ പഠിച്ചത്. പച്ചക്കറി എന്റെ വീട്ടില്‍ വയ്ക്കുന്നതുപോലെയും. ഞാന്‍ വെജിറ്റേറിയനാണ്. ചേമ്പിലയപ്പം ഒരുപാടിഷ്ടം. കറികളില്‍ പുളിശ്ശേരി അവിയല്‍ ഒക്കെ മതി. മറ്റുള്ളവര്‍ക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കിക്കൊടുത്താണ് ചാനല്‍ ആശയം തലയില്‍ കയറിയത്. ഒരു രസം അത്രമാത്രം. കോവിഡ് കാലമായതിനാല്‍നിര്‍ത്തി വച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *