കാൽപ്പന്തുകളിയിലെ ‘ലളിത’ പ്രതിഭ

അടുത്തറിയാം ലളിതയെന്ന കാല്‍പന്തുകളിക്കാരിയെകുറിച്ച്

മനസും ശരീരവും ഒന്നിക്കുന്ന മന്ത്രികജാലമാണ് പന്ത് കളി. അത് ഫുട്ബോൾ കളി ആണെങ്കിൽ പിന്നെ മനസിന്‌ മുന്നേ പായുന്ന ശരീരം എന്ന് പറയുന്നതാകും ശരി. അതുകൊണ്ട് തന്നെ പൊതുവെ പറയാറുള്ളത്, പുരുഷൻമാരാണ് കാൽപന്ത് കളിയിൽ കേമന്മാർ എന്നാണ്.അങ്ങനെ വിലയിരുത്താൻ വരട്ടെ,….സ്ത്രീകളാരും തന്നെ കാല്‍പന്ത്കളിയെ പറ്റി ചിന്തിക്കാതിരുന്ന കാലഘട്ടത്തില്‍ ചങ്കൂറ്റത്തോടെ എത്തുകയും രാജ്യത്തിന്‍റെ മാനം വാനോളം ഉയര്‍ത്തിയ ആ അതുല്ല്യകായികപ്രതിഭ നമുക്കിടയില്‍ ഉണ്ട് ലളിത. ‘കൂട്ടുകാരി’ക്ക് അനുവദിച്ച അഭിമുഖത്തിന്‍റെ പ്രസക്തഭാഗം

ആദ്യലോകകപ്പ് വനിതതാരത്തിന് എന്താണ് പറയാനുള്ളത് ?

1981ല്‍ തായ്‍വാനില്‍ വെച്ച് നടന്ന ഫുട്ബോള്‍ വേള്‍ഡ്ക്കപ്പില്‍ ഇന്‍ഡ്യക്ക് വേണ്ടി ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ വനിത ടീമിനെ ഫിഫ അംഗീകരിച്ചത് 1991 ല്‍ മാത്രമാണ്. ഫിഫ അംഗീകാരം കിട്ടുന്നതിന് മുന്‍പ് വനിതകളുടെ ലോകകപ്പ് ഫുട്ബോള്‍ നടന്നിരുന്നു. ഞങ്ങളുടെ നേട്ടം ചരിത്രം അംഗീകരിച്ചിട്ടില്ല എന്നത് ദു:ഖകരമായ സംഗതിയാണ്. അന്നത്തെ ഫോട്ടോകളും രേഖകളുംമൊക്കെ എന്‍റെ കൈവശമുണ്ട്.

ഫുട്ബോള്‍ കളിയിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു ?

1976 കാലഘട്ടത്തിലായിരുന്നു ഞാന്‍ ഫുട്ബോളിലേക്ക് പ്രവേശിക്കുന്നത്. അതിന് എനിക്ക് പ്രചോദനമായത് ആകട്ടെ വീടിന് അടുത്തുള്ള ഉഷചേച്ചിയാണ്. കുട്ടിക്കാലത്ത് ചേച്ചി ഫുട്ബോള്‍ കളിക്കുന്നത് കാണാന്‍ എനിക്ക് ആവേശമായിരുന്നു. ഉഷചേച്ചിക്ക് കളി പരിശീലിക്കാന്‍ എന്നു വൈകുന്നേരം ഗ്രൌണ്ടില്‍ കൂട്ടുപോയിരുന്നത് ഞാന്‍ ആയിരുന്നു. പരിശീലനത്തിടെ അവര്‍ തട്ടിയിരുന്ന പന്ത് രസം തോന്നി ഞാന്‍ തട്ടിയിടുമായിരുന്നു. ഞാന്‍ പന്ത് തട്ടുന്നത് കാണാനിടയായ വലിയതുറ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അനിയച്ചന്‍ എന്നോട് ചോദിച്ചു പ്രാക്ടീസ് ചെയ്തുകൂടെയെന്ന്. ആ ചോദ്യം എന്നിലെ ആത്മവിശ്വാസത്തിന്‍റെ തോത് വര്‍ധിപ്പിച്ചു. എല്ലാദിവസം വൈകുന്നേരം ഞാന്‍ കൃത്യമായി ഫുട്ബോള്‍ പരിശീലനത്തിനായി ഗ്രൌണ്ടില്‍ എത്തിതുടങ്ങി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ഗ്രൌണ്ടില്‍ തന്നെയായിരുന്നു പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. കഠിനമായ പരിശീലനമാണ് അന്ന് ഞാന്‍ അന്ന് നടത്തിയത്.

ആദ്യ ഫുട്ബോള്‍ മത്സരത്തെ കുറിച്ചും പിന്നീട് തേടിയെത്തിയ അവസരങ്ങളെ കുറിച്ചും രണ്ട് വാക്ക് ?

ലളിതയുടെ പഴയകാലചിത്രം (ഫയല്‍ ഫോട്ടോ)

ജില്ലയിലേക്കുള്ള സെലക്ഷന്‍ കിട്ടിയ സമയത്തായിരുന്നു എന്‍റെ പത്താം ക്ലാസ് പരീക്ഷ. പരീക്ഷയ്ക്ക് ആദ്യം പ്രാധാന്യം കൊടുക്കണം എന്ന് ചേട്ടന്‍ രാജന്‍റെ വാക്ക് മുഖവിലയെടുത്ത് ഫുട്ബോളില്‍ നിന്ന് പിന്‍വലിയാന്‍ തീരുമാനിച്ചു. അവിടെ രക്ഷയ്ക്കെത്തിയത് അനിയച്ചന്‍ ചേട്ടനാണ്. അവളെ കളിക്കാന്‍ അനുവദിക്കണം എന്ന് അദ്ദേഹം ചേട്ടനോട് അഭ്യര്‍ത്ഥിച്ചു. ചേട്ടന്‍റെ സമ്മതത്തോടെ ഞാന്‍ കളിക്കാന്‍ പോയി. ആറ് ഗോളടിച്ച എന്നെ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. പരീക്ഷ നടക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഞാന്‍ പങ്കെടുക്കുന്ന ആദ്യ ദേശീയ മത്സരം. പരീക്ഷ സമയത്ത് വീട്ടില്‍ തിരിച്ചെത്തിക്കാമെന്ന കമ്മറ്റിക്കാരുടെ ഉറപ്പോടെ ഞാന്‍ കളിക്കാനെത്തി. എന്നാല്‍ ഗോവയില്‍ ആ മത്സരത്തില്‍ കേരളത്തിന്‍റെ ടീം പരാജയപ്പെട്ടു. ഹോംങ്കോങ്ങില്‍ നടന്ന ഏഷ്യന്‍ വനിത ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധികരിച്ച് കളിക്കാന്‍ സാധിച്ചു.1980 ലെ വനിത ദേശീയ ടീം ഏഷ്യൻ കപ്പ് ടൂർണമെന്‍റിലും , 1983 ലും റണ്ണേഴ്സ് അപ്പ് ആയിരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഒട്ടേറെ ഫുട്ബോള്‍ മത്സരത്തില്‍ എനിക്ക് പങ്കെടുക്കാന്‍ സാധിച്ചു. തിരുവനന്തപുരം വിമന്‍സ് കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയിരുന്നു അന്നു ഞാന്‍ .

ഏഷ്യവനിത ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് ലളിതയെ ഇന്ത്യന്‍ ടീമില്‍ സെലക്റ്റ് ചെയ്തത് സംബന്ധിച്ച് മനോരമയില്‍ വന്ന വാര്‍ത്ത

ആ കാലയളവിലാണ് ഇന്ദിരാഗാന്ധിയേയും മദര്‍ത്തരേസയേയും കണ്ടുമുട്ടാന്‍ പറ്റിയതും സംസാരിക്കാന്‍ പറ്റിയതും വലിയ സൌഭാഗ്യമായി കരുതുന്നു. 1982 ല്‍ അന്നത്തെ കരുണാകരന്‍ മന്ത്രിസഭയുടെ കാലത്താണ് എനിക്ക് കെ.എസ്.ആര്‍.ടിസിയില്‍ ജോലികിട്ടുന്നത്. അദ്ദേഹവും മന്ത്രിസഭയും പ്രത്യേകതാല്‍പര്യം എടുത്ത പ്രകാരമാണ് എനിക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചത്. 1983ല്‍ ജി.വി രാജ അവാര്‍ഡ് നല്‍കി സര്‍ക്കാര്‍ എന്നെ ആദരിച്ചു.

രണ്ടാം വരവിനെ കുറിച്ച് ?

വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ പ്രശാന്ത് ലളിതയെ ആദരിക്കുന്നു

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഫുട്ബോള്‍ പരിശീലനകേന്ദ്രത്തിലെ കോച്ചാണ് ഞാനിപ്പോള്‍. കോര്‍പ്പറേഷന്‍റെ ഗ്രൌണ്ടിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഫുട്ബോള്‍ അക്കാഡമിയുടെ കോച്ചിന്‍റെ കുപ്പായവും ഞാന്‍ അണിഞ്ഞിരുന്നു. കുട്ടികളൊക്കെ വേറെ ലെവല്‍ ആണന്നേ. വളരെ എളുപ്പത്തിലാണ് അവര്‍ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നത്. ചിലകുട്ടികളെ കാണുമ്പോള്‍ എന്‍റെ കുട്ടിക്കാലം ഞാന്‍ ഓര്‍ത്ത് പോകുന്നു. ഞാന്‍ തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ഭവനിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്നു . ജോലിയില്‍ നിന്ന് വിരമിച്ചതോടെ കൂടുതല്‍ സമയം ഫുട്ബോളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാനാണ് എന്‍റെ തീരുമാനം.

ഫേവറിറ്റ് ഫുട്ബോളറര്‍ ?


അര്‍ജന്‍റീനിയന്‍താരം മെസിയെ ഇഷ്ടമാണ്. മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡോയുടെ ഹെഡ്ഡിംഗ് ഇഷ്ടമാണ്. ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ഛേത്രി വളരെ മികച്ച സ്ട്രൈക്കര്‍ ആണ് . എന്‍റെ ഫേവറിറ്റ് ഫുട്ബോളററുടെ ലിസ്റ്റില്‍ അദ്ദേഹവും പെടുന്നു. കറുത്തമുത്ത് എന്നറിയപ്പെട്ട മുന്‍ കേരളതാരം ഐ.എം വിജയന്‍ അദ്ദേഹത്തിന്‍റെ കളികള്‍ എല്ലാം തന്നെ വളരെ ആവേശത്തോടെയാണ് ടിവിയില്‍ വീക്ഷിച്ചിരുന്നത്. ക്ലബ്ബ് മത്സരങ്ങള്‍ സമയം കിട്ടുമ്പോള്‍ ടിവിയില്‍ കാണാറുണ്ട്. ഐഎസ്എല്‍ വന്നത് വഴി കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ വരുകയും കളിമെച്ചപ്പെടുത്താന്‍ വേദി ഒരുങ്ങുകയും ചെയ്തു. ഐഎസ്എല്‍ എത്രമാത്രം കേരളജനത എത്രമാത്രം നെഞ്ചിലേറ്റിയെന്ന് തിങ്ങിനിറഞ്ഞിരിക്കുന്ന ഗ്യാലറി കാണുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

സഹകളിക്കാരും ആയി ഇപ്പോഴും സൌഹൃദം ഉണ്ടോ ?

ഔട്ട് സൈഡേഴ്സ് ആയി ആരും തന്നെ സൌഹൃദം ഇല്ല. എല്ലാംവരും കുടുംബവും കുട്ടികളും ആയി അവരവരുടെ തിരക്കിലാണ്. അക്കാലത്ത് എന്‍റെ കൂടെ കളിച്ചിരുന്ന അയോണയുമായി ഇപ്പോഴും സൌഹൃദം പുലര്‍ത്തുന്നു. അവര്‍ തിരുവനന്തപുരത്ത് തന്നെയാണ് താമസിക്കുന്നത്.

ലളിത

കുടുംബം കുട്ടികള്‍ ?

1980-ല്‍ ലക്നൗവില്‍ വച്ചു നടന്ന ജൂനിയര്‍ നാഷണല്‍ വനിത ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം പങ്കെടുത്തിരുന്നു. അന്ന് കേരളടീമിന്‍റെ ക്യാപ്റ്റന്‍ ഞാനായിരുന്നു. 13 തവണയാണ് ഉത്തര്‍പ്രദേശിന്‍റെ ഗോള്‍വല കേരളം ചലിപ്പിച്ചത്. അതില്‍ ആറ് ഗോളുകള്‍ അടിച്ചത് ഞാന്‍ ആയിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഞങ്ങളുടെ ടീം രണ്ടാമത് എത്തുകയും ചെയ്തു. വിവാഹമൊക്കെ കഴിഞ്ഞ് 1993 ല്‍ ആണ് ഞാന്‍ വീണ്ടും എത്തുന്നത്. പാലക്കാട് വെച്ച് നടന്ന മത്സരത്തില്‍ തിരുവനന്തപുരം ജില്ലയുടെ പ്രതിനിധിയായി ഞാന്‍ കളിക്കുകയും സെക്കന്‍റ് പൊസിഷനില്‍ എത്തുകയും ചെയ്തു. മണിപ്പൂരില്‍ നടക്കുന്ന നാഷ്ണല്‍ ക്യാമ്പിലേക്ക് എന്നെ തെരഞ്ഞെടുത്തു. എന്നാല്‍ എന്‍റെ രണ്ടാമത്തെ കുഞ്ഞിന് ഒന്നര വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നു. കുടുംബത്തിന് പ്രാധാന്യം കൊടുക്കണമല്ലോ അതുകൊണ്ട് ഞാന്‍ ബൂട്ടഴിച്ചു. ലോഹിദാസാണ് ഭര്‍ത്താവ്. ലിയ ശരത്തും ശ്രുതി അഭിമന്യുവുമാണ് മക്കള്‍.

തയ്യാറാക്കിയത്: കൃഷ്ണ അര്‍ജുന്‍

Leave a Reply

Your email address will not be published. Required fields are marked *