മീരാബായ് ചാനു ഇന്ത്യയുടെ അഭിമാനം
ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ . ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ നേടിത്തന്നത് മീരാബായ് ചാനുവാണ്. ക്ലീൻ ആന്റ് ജെർക്ക് വിഭാഗത്തിൽ 115 കിലോഗ്രാം ഉയർത്തിയാണ് മീരാബായ് ചാനു വെളളി സ്വന്തമാക്കിയത്.
ആവേശകരമായ പ്രകടനമാണ് മീരാബായ് ചാനു നടത്തിയത്. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരിയാണ് മീരാബായ്. ക്ലീൻ ആന്റ് ജർക്കിൽ ലോക റെക്കോർഡിന് ഉടമകൂടിയാണ് അവര്‍. മീരാബായ് ചാനുവിന് സ്വർണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളിയാണ് മീരബായ് നേടിയത്. ചൈനയുടെ ഷുഹുവിയാണ് ഒന്നാം സ്ഥാനത്ത്.
2000 ലെ ഒളിമ്പിക്‌സിൽ കർണം മല്ലേശ്വരി ഇതേ ഇനത്തിൽ വെങ്കല മെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വഹനത്തിൽ മെഡൽ നേടുന്നത്. സ്‌നാച്ചിൽ കൃത്യമായ മേധാവിത്തം ചൈനീസ് താരം നിലനിർത്തിയതാണ് മീരാബായിയെ വെള്ളിയിൽ തൃപ്തിപ്പെടേണ്ടി വന്നത്. ഒളിമ്പിക്‌സിന്റെ ആദ്യ മെഡൽ പോരാട്ട ദിനത്തിൽ തന്നെ ഇന്ത്യയ്ക്ക് മെഡൽ നേടാൻ സാധിച്ചത് ടീമിന് നൽകുന്നത് വലിയ പ്രതീക്ഷയാണ്.
തന്‍റെ പത്തൊന്‍പതാം വയസ്സില്‍ 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ വിഭാഗത്തില്‍ വെള്ളി നേടിയാണ് കായിക ലോകത്തിലേക്ക് മീരാബായി ചാനുകടന്ന് വരുന്നത്.
2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണം നേടിയെങ്കിലും പരുക്ക് പറ്റിയതിനാല്‍ പത്ത് മാസത്തോളം അവര്‍ക്ക് ഫീല്‍ഡില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടതായിട്ട് വന്നു. 2019ല്‍ തിരിച്ചെത്തിയെങ്കിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ലോക ചാമ്പ്യന്‍ഷിപ്പിലും മെഡലില്ലാതെ മടക്കം. എന്നാല്‍ 2020ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 119 കിലോ വിഭാഗത്തില്‍ ലോക റെക്കോര്‍ഡും സൃഷ്ടിച്ച് വെങ്കലത്തോടെ ടോക്യോയിലേക്ക് ചാനു ടിക്കറ്റ് ഉറപ്പിച്ചു.