കോവിഡ് ബാധിതരെ മാറ്റുന്നതിനുള്ള കാലതാമസം ഒഴിവാക്കും


സ്വകാര്യ ആംബുലന്‍സുകള്‍ ഏറ്റെടുത്തുനല്‍കി

ആലപ്പുഴ: കോവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള താമസം ഒഴിവാക്കാനായി കൂടുതല്‍ ആമ്പുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തി ജില്ല ഭരണകൂടം. ജില്ലയിലെ വിവിധ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലേക്കായി 20 സ്വകാര്യ ആമ്പുലന്‍സുകളാണ് ഏറ്റെടുത്ത് നല്‍കിയത്. ഏറ്റെടുത്ത വാഹനങ്ങള്‍ ഡ്രൈവര്‍ അടക്കം അതത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ഉറപ്പാക്കാന്‍ ആര്‍.ടി.ഒ.യെ ജില്ല കളക്ടര്‍ ചുമതലപ്പെടുത്തി.

കോവിഡ് പോസിറ്റീവായ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള കാലതാമസം ഉടന്‍ പരിഹരിക്കണമെന്ന് കളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒഴിവുള്ള ബെഡ്ഡുകളുടെ എണ്ണം ദിവസവും രണ്ട് മണിക്ക് മുന്‍പായി മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ ജില്ല മെഡിക്കല്‍ ഓഫീസറെ അറിയിക്കണം. ഇതനുസരിച്ച് രോഗികളെ ഇവിടേക്ക് മാറ്റുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണം.

മെഡിക്കല്‍ കോളജില്‍ എത്തിയിട്ട് രോഗികളുമായി ആമ്പുലന്‍സുകള്‍ കാത്തുകിടക്കേണ്ട അവസ്ഥ ഇനിയുണ്ടാകരുതെന്ന് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കി. രോഗലക്ഷണമൊന്നുമില്ലാത്ത  ക്ലാസ് എ വിഭാഗത്തില്‍ വരുന്ന രോഗികളെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റണം. ക്ലാസ് ബി, സി വിഭാഗത്തില്‍ വരുന്നവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. ജില്ലയില്‍ കൂടുതല്‍ സി.എഫ്.എല്‍.റ്റി.സി.കള്‍ സ്ഥാപിച്ചതോടെ അവിടേക്കും ആളുകളെ മാറ്റാന്‍ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *