തിരിച്ചറിവുകളുടെ കോറോണക്കാലം
” ഒക്കെയും കണ്ടുമടങ്ങുമ്പോഴാണല്ലോ
മക്കളെ നിങ്ങളറിഞ്ഞിടുന്നു
നാടായ നാടൊക്കെ കണ്ടുവെന്നാകിലും
വീടാണ് ലോകം…വലിയ ലോകം ”
ഒന്നും ചുറ്റും നോക്കൂ..ഞൊടിയിടയില്‍ നമ്മുടെ ലോകം വല്ലാതെ ചുരുങ്ങിയില്ലേ ? ഒരിക്കലും മാറ്റാനാവില്ലെന്ന് മനസ്സിലുറപ്പിച്ച പലതും നമ്മള് മാറ്റി തുടങ്ങിയിരിക്കുന്നു. ആരോടും പരിഭവങ്ങളും പിണക്കങ്ങളുമില്ല. ഒന്നിനോടും ശത്രുതയുമില്ല.
ഓരോ വ്യക്തിയും അവനവനിലേക്ക് തന്നെ ഒതുങ്ങിയിരിക്കുന്നു. രാജ്യങ്ങള്‍ക്ക് പരസ്പരം ആക്രമിക്കണമെന്ന ചിന്തയില്ല. മനുഷ്യര്‍ തമ്മില്‍ മത്സരങ്ങളില്ല. ജാതീയമായ ചിന്തകളോ വര്ഗീയവാദങ്ങളോ ഒന്നുംതന്നെയില്ല. ആര്‍ക്കും ആരെയും തോല്‍പ്പിക്കണമെന്നില്ല. സംസ്ഥാനങ്ങളും ജില്ലകളും ഒറ്റപ്പെട്ടിരിക്കുന്നു. വാതിലുകള്‍ അടയുകയാണ്.
കണക്കുകൂട്ടിവച്ചിരുന്ന പദ്ധതികളും യാത്രകളും നാം ഉപേക്ഷിച്ചിരിക്കുന്നു. ഉത്സവങ്ങളോ ആര്‍ഭാട വിവാഹങ്ങളോ ഇല്ല. നമ്മുടെ ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളും വല്ലാതെ കുറഞ്ഞിരിക്കുന്നു. അവശ്യസാധനങ്ങള്‍ക്കായി മാളുകള്‍ കയറിയിറങ്ങിയിരുന്ന നമ്മള് സാധനങ്ങള്‍ വാങ്ങാന്‍ ചെറിയ കടകള്‍ തേടിയിറങ്ങിയിരിക്കുന്നു. ആഘോഷിക്കാന്‍ കാരണങ്ങള്‍ തേടിയിരുന്ന നാം അവയൊക്കെ പാടേ ഉപേക്ഷിച്ചിരിക്കുന്നു, സ്വര്‍ണ്ണം വേണ്ട, ചമയങ്ങള്‍ വേണ്ട ബ്യൂട്ടിപാര്‍ലറുകളും വേണ്ട. ചിക്കനും കബ്സയും കുഴിമന്തിയും ബര്‍ഗറും പിസ്സയുമൊന്നുമില്ലെങ്കില് തൃപ്തിയാകാതിരുന്ന പലരും തൊടിയിലെ ചക്കയ്ക്കും മാങ്ങയ്ക്കുമാണ് രുചികൂടുതലെന്നും തിരിച്ചറിഞ്ഞു.
പുതിയ കാര്യങ്ങള്‍ പഠിക്കാനും മറന്നുതുടങ്ങിയ കഴിവുകള്‍ ഒന്നു പൊടിതട്ടിയെടുക്കാനും ഈ ലോക്ഡൗണ്‍ ദിനങ്ങള്‍ പ്രയോജനപ്പെടുത്താം. പരീക്ഷണങ്ങളുടെ ദിനങ്ങളാണിത്.