തിരുവോണദിവസം പട്ടിണികിടക്കുന്ന നാടിനെ കുറിച്ചറിയാം
ലോകമാസകലമുള്ള മലയാളികളുടെ ഉത്സവമാണ് ഓണം. ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ആഘോഷിക്കുന്നു. കേരളം വാണിരുന്ന അസുരരാജാവായിരുന്ന മഹാബലിയുടെ കീര്‍ത്തിയില്‍ അസൂയപൂണ്ട ദേവന്മാര് മഹാവിഷ്ണുവിന്റെ അടുക്കല്‍ പരാതിയുമായി ചെന്നതും, വാമനാവതാരം എടുത്ത് മഹാവിഷണു മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയെന്നും, വര്‍ഷം തോറും സ്വന്തം പ്രജകളെ കാണാന്‍ മഹാബലിയെത്തുമെന്നതാണ് ഓണത്തിന് പിന്നിലുള്ള ഐതിഹ്യം.
ചിങ്ങമാസത്തിലെ അത്തം നാളില്‍ തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് ഓണം വാരാഘോഷം. പിന്നീടുള്ള പത്തുനാളില്‍ പൂക്കളമൊരുക്കിയും, ഊഞ്ഞാലാടിയും, തിരുവാതിരകളിച്ചും, ഓണസദ്യയൊരുക്കിയും, ഓണക്കോടിയുടുത്തുമാണ് മലയാളിയുടെ ഓണാഘോഷം പൊടിപൊടിക്കുന്നത്.
ഓണത്തോടനുബന്ധിച്ച് ചില ആചാരങ്ങളും പ്രചാരത്തിലുണ്ട്. തൃക്കാക്കരയപ്പനും, ഓണപ്പൊട്ടനും അതില്‍ ചിലത് മാത്രം. മണ്ണില്‍ ഒരുക്കുന്ന ഓണത്തപ്പനെ പത്ത് ദിവസവും ആരാധിക്കുന്നവരും, സമ്മാനങ്ങളുമായി വീട്ടിലെത്തുന്ന പ്രത്യേക വേഷം ധരിച്ച ഓണപ്പൊട്ടനെ വരവേല്‍ക്കുന്ന ജനവിഭാഗവും ഉണ്ട്.
തിരുവോണദിവസം പട്ടിണികിടക്കുന്ന ആചാരവുമുണ്ട്. പണ്ട് കാലത്ത് തിരുവോണദിവസം പാടശേഖരങ്ങളില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് പടി കൊടുക്കുന്ന പതിവുണ്ട്. നെല്ല് അളന്നുകൊടുക്കുന്ന പതിവുണ്ടായിരുന്നു. ആറന്മുളയിലുള്ള മൂസത് നെല്ല് അളന്നു കര്‍ഷകര്‍ക്ക് കൊടുത്തുകൊണ്ടിരിക്കെ ഒരു പ്രായമായ സ്ത്രീക്ക് കൊടുക്കാന്‍ സാധിച്ചില്ല. വിശന്നുവലഞ്ഞ അവര്‍ അവിടെ കിടന്ന് മരണപ്പെട്ടു. ഇതിന്റെ ഭാഗമായി മൂസതിന്റെ കുടുംബത്തിന് തിരുവോണദിവസം പട്ടിണിയായി. ഈ സ്ത്രീയുടെ പേരില്‍ ഒരു അമ്പലം ഉണ്ടാവുകയും, മുറംതാങ്ങിവല്യമ്മ നട എന്നൊരു അമ്പലം ഉണ്ടാവുകയും തിരുവോണ ദിവസം ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തി വരുകയും ചെയ്യുന്നു. ഇന്നും മനയിലുള്ളവര്‍ തുടര്‍ന്നുപോരുകയും ചെയ്യുന്നു.
കോവിഡ് പ്രതിസന്ധിയ്ക്കിടയിലും ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മഹാബലിയെ വരവേല്‍ക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികള്‍…