ദേശാടനക്കിളി
പറന്നിറങ്ങിയെ൯
ഹൃദയ സാനുവിൽ കൊടുങ്കാറ്റു പോലൊരു ചുവന്ന വേഴാമ്പൽ…
പടർത്തി എന്റെ ചിന്തയിൽ നനുത്തതൂവലിൻ അരുണിമ അനുവാദമില്ലാതെ ചാലിച്ചു; ഞാനതെ൯ ഹൃദയത്തിൽ….
സ്വപ്നങ്ങളിൽ…..
നിറഞ്ഞ വേദിക്കു മുന്നിലായ്
നിൻ കനത്ത ശബ്ദത്തിൽ മാറ്റൊലി കേട്ടു ഞാൻ ദിനങ്ങൾ പൊഴിഞ്ഞതറിയാതെ നിൽക്കുമ്പോൾ….
പ്രണയാഗ്നിയാണുള്ളിലെങ്കിലും,
പറഞ്ഞുവോ….
ദേശാടനക്കിളികൾ കൂടുകൂട്ടാറില്ലെന്ന്….
കടമ്പകൾ ഏറെ താണ്ടാനുണ്ടെന്ന്……
ഋതുക്കൾ എത്രയോ കഴിഞ്ഞു പോയിട്ടും….
ഒഴിഞ്ഞ കണ്ണാൽ ഞാൻ തളർന്നിരുന്നിട്ടും…..
ഒരു നിറവും മഴവില്ലു തീർത്തില്ലെ൯ മനസ്സിലാ ചുവപ്പ് വർണ്ണത്തിന്നപ്പുറം….
ഒരു കാലത്തിന്നതിഥികൾ മാത്രമാം
ദേശാടന പക്ഷികൾ തിരിച്ചു വരാറില്ലത്രേ….
കടമകൾ പാതിവഴിയിൽ കളഞ്ഞു….
കനലായ് എരിഞ്ഞടങ്ങിയോ നീ…..
നിൻറെ കറുത്ത മുടിയിഴ മണ്ണിൽ അലിഞ്ഞു ചേരുമ്പോൾ
മരിച്ചു പോയെ൯ടെ
പ്രണയവും കൂടെ…..
തിളച്ച ചുടു ചോര കുടിച്ച മണ്ണിൽ കുരുത്ത പൂക്കൾ മാത്രമിന്നെനിക്കു സ്വന്തം….
വാടുകില്ലാ മലരുകൾ ഒരിക്കലും……
കാരണം അത് ചൂടിയതെ൯റെ ഹൃദയത്തിലാണ്…. വെറുതെ ഒരു ചോദ്യം;
കേൾക്കുവാനില്ലെങ്കിലും നീ……
ഹൃദയ തന്ത്രിയിൽ നിലച്ച നാദത്തി൯ അവസാന ശ്രുതിയായെങ്കിലും ഞാൻ ഉണ്ടായിരുന്നുവോ….
തിരഞ്ഞു പോവണം എനിക്കാ ചുവന്ന പക്ഷിയെ…
തിരഞ്ഞു പോവണം എനിക്കെ൯ നിണത്തിൽ അലിഞ്ഞ ദേവനെ…..
അനന്തമാം വിഹായസ്സിൽ,
അലയടിക്കുന്നൊരാധ്വനി അടർത്തിമാറ്റി നോക്കുമ്പോൾ….
അതിൽ നിൻ വിളികളായിരുന്നുവോ…
നിനക്കായ് സമർപ്പിച്ച ജീവിതനൗക ഞാൻ,
കണ്ണീർ കടൽതാണ്ടി തുഴഞ്ഞടുത്തെത്തുമ്പോൾ അകലെ ചക്രവാളത്തിൽ എനിക്കായ് ഒരുക്കേണമൊരു കൊച്ചു കൂടാരം ,
അതിലണഞ്ഞു ചേരണം….
നമുക്ക് അതിൽ അലിഞ്ഞു ചേരണം….
കുഴിഞ്ഞ കണ്ണാലെ൯ ഉള്ളിൽ നിൻ കൃപയ്ക്കായ് കാത്തുനിൽക്കുമ്പോൾ….കരങ്ങൾ നീട്ടി നിൽപ്പുണ്ടാം നീ ,
നിറഞ്ഞ കുസൃതിച്ചിരിയോടെ….
കാലം മായ്ക്കാത്ത നിൻറെ യൗവനം,
ചോര തിളക്കുന്ന നിൻറെ വാക്കുകൾ….
അതിൽ മറന്നു പോയിടല്ലേ ഈ ജരാനരകൾ ബാധിച്ച എന്നെ നീ……..
ബിന്ദു ദാസ്