മലയാളത്തിന്‍റെ മാധവിക്കുട്ടി
ജിബി ദീപക്ക്(എഴുത്തുകാരി)
മാധവിക്കുട്ടിയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ബിംബമുണ്ട്. അതെ, നീര്‍മാതള ചെടിയെയും, അതിന്‍റെ പൂക്കളുടെയും ഗന്ധം, അവ നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ക്കുപോലും അനുഭവവേദ്യമാക്കി തീര്‍ത്ത അസാമാന്യ പ്രതിഭയാണ് നാല്പ്പാട്ടെ കമല എന്ന മാധവിക്കുട്ടി.
നീര്‍മാതളത്തിന്‍റെ ഗന്ധത്തിനൊപ്പം ഓരോ സ്ത്രീയുടെയും, നോവും നിനവും നഷ്ടസ്വപ്‌നങ്ങളും തന്‍റെ അക്ഷരങ്ങളിലൂടെ കോറിയിട്ട മാധവിക്കുട്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് 11 വര്‍ഷം പൂര്‍ത്തിയാകുന്നു.
വി.എം. നായരുടെയും, നാലപ്പാട്ട് ബാലാമണി അമ്മയുടെയും പുത്രിയായി 1934 മാര്‍ച്ച് 31 ന് പുന്നയൂര്‍ക്കുളത്താണ് മാധവിക്കുട്ടി ജനച്ചത്. ബാല്യകാല സ്മരണകള്‍, എന്‍റെ കഥ, മതിലുകള്‍, മാധവിക്കുട്ടിയുടെ തെരഞ്ഞെടുത്ത കഥകള്‍, നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയവയാണ് മലയാളത്തിലെ അവരുടെ പ്രശസ്ത കൃതികള്‍.
കൊല്‍ക്കത്തയിലും, പുന്നയൂര്‍ക്കുളത്തുമായി ബാല്യകാലം പിന്നിട്ട കമല മനസ്സുകൊണ്ട് വേരൂന്നിയത് നീര്‍മാതള ഗന്ധം നിറഞ്ഞ് നിന്നിരുന്ന പുന്നയൂര്‍ക്കുളത്തെ തറവാട്ട് മുറ്റത്ത് തന്നെയായിരുന്നു.
ഒരു പെണ്ണ് പറയാന്‍ പാടില്ലാത്തതൊക്കെ വിളിച്ചു പറയുന്നുവെന്നാരോപിച്ച് കണ്ണുരുട്ടിയ സദാചാരബോധം തലയിലേറ്റിയ മലയാളികള്‍, എഴുത്തുകാരി ജീവിച്ചിരുന്ന സമയം അവര്‍ക്ക് വേണ്ട പരിഗണന കൊടുത്തിരുന്നില്ല എന്നത് മലയാളികള്‍ മലയാള സാഹിത്യത്തോട് തന്നെ ചെയ്ത വലിയ ക്രൂരതയാണ്.
എതിര്‍പ്പുകള്‍ക്കും, പുലഭ്യം പറച്ചിലുകള്‍ക്കും മറുപടി കമല കൊടുത്തത് തന്‍റെ എഴുത്തിലൂടെ തന്നെയായിരുന്നു. ധീരമായി എഴുതി. എഴുത്തിലൂടെ തന്റേതായ ലോകം സൃഷ്ടിച്ചെടുത്ത് അതില്‍ ജീവിച്ച വ്യക്തിയാണ് കമല.
കടല്‍, കാറ്റ്, സൂര്യന്‍, നദി തുടങ്ങിയവയെല്ലാം അവരുടെ കഥകളിലെ ബിംബങ്ങളായി; മനുഷ്യ മനസ്സിന്‍റെ വിചാരങ്ങളുടെയും, വികാരങ്ങളുടെയും തീവ്രത അതിലൂടെ വായനക്കാരനിലേക്ക് സന്നിവേശിപ്പിച്ചു.
കഥ എഴുതുമ്പോള്‍ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കാന്‍ പ്രത്യേക കഴിവ് മാധവിക്കുട്ടി പ്രകടിപ്പിച്ചിരുന്നു. കഥാനായികമാരുടെ വേഷം, അവയുടെ നിറം, ഞൊറിവുകള്‍, ചുളിവുകള്‍… വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശാന്‍ വേഷം ഉപകരിക്കുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു.
നിറങ്ങള്‍ എഴുത്തുകാരിയുടെ കഥകളിലെ നിറസാന്നിധ്യമായിരുന്നു. ‘കാളവണ്ടി’ യിലെ നായികയ്ക്ക് ചുറ്റും ചിതറിക്കിടക്കുന്ന ഇളം ചുവപ്പുനിറത്തിന്‍റെ പട്ടുതുണ്ടുകളിലും, പട്ടങ്ങളിലെ നായിക ചെന്നെത്തുന്ന ഹോട്ടല്‍ മുറിയിലെ ജനല്‍ശീലകളിലും ‘ചുവപ്പ്’ എന്ന നിറം സ്ഥാനം പിടിച്ചിരിക്കുന്നത് കാണാം.
‘എന്‍റെ ഉള്ളിലെ ചോരപ്പുഴയുടെ വക്കത്ത് നായാടിത്തളര്‍ന്ന രാജാവിനെപ്പോലെ നീ വിശ്രമിക്കുന്നു.’ പ്രേമത്തിന്‍റെ വിലാപകാവ്യം എന്ന കഥയിലെ ആസക്തിയേറിയ സ്ത്രീപുരുഷ സ്‌നേഹത്തിന്‍റെ ബന്ധത്തിന്‍റേതാണ് ആ ചോരപ്പുഴ.
‘ഇലകളുടെ പച്ച കടും പച്ചയായി. പൂക്കള്‍ സ്വര്‍ണ്ണനിറം പിടിച്ച്, മലകള്‍ മഞ്ഞിന്‍ കട്ടകള്‍പോലെ ആകാശത്തിന്‍റെ നീലയില്‍ അലിഞ്ഞു.’ മനുഷ്യന്‍ പാവമാണ് എന്ന കഥയുടെ അന്തിമവരികളാണിവ.
‘നിറങ്ങള്‍ തിന്നുകൊണ്ടാണ് ഞാനെഴുതുന്നത്’ എന്നൊരിക്കല്‍ അവര്‍ പറയുകയുണ്ടായി. പച്ചയായ മനുഷ്യരുടെ കഥ പറഞ്ഞ കഥാകാരി. സ്ത്രീ ജീവിതത്തില്‍ ആരും പറയാത്ത ഏടുകളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുവെച്ചു.
മാര്യാതാഭാവം മാധവിക്കുട്ടി കഥകളുടെ മറ്റൊരു സവിശേഷതയായിരുന്നു. സ്വന്തം അക്ഷരങ്ങള്‍ അവര്‍ക്ക് നിശ്വാസവായു തന്നെയായിരുന്നു. സ്വപ്‌നവും, ജീവിതവും രണ്ടും, രണ്ട് വഴിക്ക് നീങ്ങിയപ്പോഴുണ്ടായ നഷ്ടബോധങ്ങളും, സ്വപനങ്ങളുമാണ് മാധവിക്കുട്ടി മലയാളത്തിന് സമ്മാനിച്ച മിക്ക കൃതികളിലും വായിച്ചെടുക്കാന്‍ കഴിയുന്ന അനുഭവം.1999-ല്‍ ആയിരുന്നു എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കമലദാസ് കമല സുരയ്യ ആയത്. ഇത് വീണ്ടും മലയാളികള്‍ക്കിടയില്‍ വിവാദങ്ങള്‍ക്ക് തീ കൊളുത്തി.
‘മതം മാറ്റം സ്‌നേഹത്തിന് വേണ്ടിയായിരുന്നോ? എന്ന ഒരു വായനക്കാരന്‍റെ ചോദ്യത്തിന് അന്ന് അവര്‍ ഇങ്ങനെ മറുപടി പറയുകയുണ്ടായി.’കുറച്ച് സ്‌നേഹിക്കപ്പെടാന്‍ മോഹിച്ചു, സ്‌നേഹമായിരുന്നു ഞാന്‍ തെരഞ്ഞെടുത്ത മതം… നീയെന്നെ സ്‌നേഹിച്ചപ്പോള്‍ ആ മതത്തിന് പ്രസക്തി വര്‍ദ്ധിച്ചു. നിന്‍റെ ഉത്കണ്ഠകളും, വിശ്വാസങ്ങളുടെ താളവും, തഴമ്പുള്ള കാലടിയുടെ നോവും ഞാന്‍ ഏറ്റുവാങ്ങി’
മാധവിക്കുട്ടി എന്ന എഴുത്തുകാരി, മലയാളികളായ നാം ഓരോരുത്തരുടെയും സ്വകാര്യ അഹങ്കാരമാണ്. വിശ്വാസവും, മതവും, മതമാറ്റവും തുടങ്ങി തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളുടെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ മാധവിക്കുട്ടിയുടെ രചനകള്‍ മലയാളികള്‍ വായിക്കപ്പെടേണ്ടതുണ്ട്. തീര്‍ത്തും വ്യത്യസ്തമായ ആ രചനാശൈലി മലയാളത്തിന്‍റെ സ്വന്തമായതില്‍ നാം അഭിമാനിക്കണം.
മലയാളത്തിന്‍റെ മാധവിക്കുട്ടിക്ക്….
പ്രണയത്തിന്‍റെ രാജകുമാരിക്ക്….
അക്ഷരപ്രണാമം