കലയുടെ കാവലാളിന് പ്രണാമം

നാടൻ കവിതകളിലൂടെ മണ്ണിന്റെയും ഞാറിന്റെയും നാടോടിപ്പൈതൃകം മലയാളികളുടെ മനസ്സിൽ നിറച്ച കാവാലം നാരായണപണിക്കർ, മലയാളത്തിലെ ആധുനിക നാടകവേദിയെ നവീകരിച്ച നാടകാചാര്യനായിരുന്നു കാവാലം നാരായണപണിക്കർ. നാടകകൃത്ത്, കവി, ഗാനരചയിതാവ്, നടൻ, സംവിധായകൻ,‍ സൈദ്ധാന്തികൻ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

കുട്ടനാട്ടിലെ ചാലയിൽ ഗോദവർമ്മയുടെയും കുഞ്ഞു ലക്ഷ്മിയമ്മയുടെയും മകനായി 1928 മേയ് 1ന് ജനനം. സർദാർ കെ.എം. പണിക്കർ കാവാലത്തിന്റെ അമ്മാവനായിരുന്നു. കുട്ടിക്കാലം മുതൽ സംഗീതത്തിലും നാടൻകലകളിലും തല്പരനായിരുന്ന കാവാലം അഭിഭാഷകനായെങ്കിലും പിന്നീട്‌ വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു. ആദ്യകാലത്ത് സംഗീതപ്രധാനമായ നാടകങ്ങളാണ് എഴുതിയത്. ചലച്ചിത്ര സംവിധായകനായ അരവിന്ദൻ, നാടകകൃത്തായ സി.എൻ. ശ്രീകണ്ഠൻ നായർ, കവി എം. ഗോവിന്ദൻ, ബന്ധുവായ കവി അയ്യപ്പപണിക്കർ‍ എന്നിവരുമായുള്ള സൗഹൃദം നാടകരംഗത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ അന്വേഷണങ്ങൾക്ക് പ്രേരണ നൽകി.

1968-ൽ സി.എൻ. ശ്രീകണ്ഠൻ നായർ പ്രബന്ധരൂപേണ അവതരിപ്പിച്ച തനതുനാടകവേദി എന്ന ആശയത്തിന്‌ ഒരു അവതരണ സമ്പ്രദായം എന്ന നിലയിൽ ജീവൻ നൽകിയത്‌ കാവാലമാണ്‌. കേരളത്തിന്റെ സമ്പന്നമായ രംഗകലാപാരമ്പര്യത്തിൽ നിന്ന് ഊർജ്ജം കൈവരിച്ച് വളരുന്ന ഒരു നാടകവേദി എങ്ങനെ യാഥാർത്ഥ്യമാക്കാം എന്നാണ് തനതുനാടകവേദിയുടെ അന്വേഷണം. കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസ്സിക്കൽ രംഗകലകളുടെയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങളുടെയും കാക്കാരിശ്ശി പോലുള്ള നാടോടിക്കലകളുടെ സ്വീകാര്യമായ അംശങ്ങൾ സംയോജിപ്പിച്ച്‌, നൃത്തം, ഗീതം, വാദ്യം എന്നിവയിൽ അധിഷ്ഠിതമായ രംഗാവതരണരീതിയാണ് കാവാലം നാരായണപണിക്കർ തന്റെ നാടകങ്ങളിൽ പ്രയോഗിച്ചത്. തികച്ചും ശൈലീകൃതമായ രംഗാവതരണരീതി കേരളത്തിൽ വേരുറയ്ക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്.

‘അവനവന്‍ കടമ്പ’ ‘ദൈവത്താര്‍’, ‘കരിംകുട്ടി’, ‘നാടകചക്രം’, ‘കൈക്കുറ്റപ്പാട്’, ‘ഒറ്റയാന്‍’ അടക്കം പ്രശസ്തമായ നിരവധി നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ചു.

1961-ല്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി. 1975-ൽ നാടകചക്രം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. വാടകയ്ക്കൊരു ഹൃദയം, തമ്പ്, രതിനിര്‍വ്വേദം, ആരവം, പടയോട്ടം, മര്‍മ്മരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അഹം, സര്‍വ്വകലാശാല, ഉത്സവ പിറ്റേന്ന്, ആയിരപ്പറ, ആരൂഢം, കാറ്റത്തെ കിളിക്കൂട്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി നാല്‍പതോളം സിനിമകള്‍ക്ക് ഗാനങ്ങൾ രചിച്ചു. 1978-ല്‍ ‘വാടകക്കൊരു ഹൃദയം’ എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് മികച്ച ഗാനരചയിതാവിനുളള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്ക്കാരം ലഭിച്ചു. 1982-ല്‍ ‘മര്‍മ്മരം’ എന്നീ സിനിമയിലെ പാട്ടിനും ഗാനരചയിതാവിനുളള സംസ്ഥാന അവാര്‍ഡ് നേടി.1994-ല്‍ മദ്ധ്യപ്രദേശ് സര്‍ക്കാരിന്‍റെ കാളിദാസ് സമ്മാന്‍, 2007-ല്‍ പത്മഭൂഷണ്‍, 2009-ല്‍ വളളത്തോള്‍ അവാര്‍ഡ് നേടി. കൂടിയാട്ടത്തിന്റെ കുലപതിയും മഹാനടനും ആയിരുന്ന നാട്യാചാര്യൻ മാണി മാധവ ചാക്യാരുടെ ജീവിതത്തെ ആസ്പദമാക്കി ‘മാണി മാധവ ചാക്യാർ : ദി മാസ്റ്റർ അറ്റ് വർക്ക്’ എന്ന കേന്ദ്ര സംഗീതനാടക അക്കാദമി നിർമ്മിച്ച ഡോക്യുമെന്ററിയും സംവിധാനം ചെയ്തു. 2016 ജൂൺ 26 ന് അന്തരിച്ചു. ഭാര്യ ശാരദാമണി.


പരേതനായ കാവാലം ഹരികൃഷ്ണൻ, കാവാലം ശ്രീകുമാർ എന്നിവരാണ് മക്കൾ. കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിൽ ജാനകി പാടിയ ഗോപികേ നിന്‍ വിരല്‍…… വാടകയ്ക്കൊരു ഹൃദയത്തിലെ പൂവാംകുഴലി പെണ്ണിനുണ്ടൊരു…. മലയാളത്തിലെ ആദ്യ 70 എംഎം ചിത്രമായ പടയോട്ടത്തിലെ നിരത്തി ഓരോ കരുക്കള്‍….. നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്ന ചിത്രത്തിലെ മേലേ നന്ദനം പൂത്തേ….. ഉത്സവപിറ്റേന്നിലെ പുലരി തൂമഞ്ഞുതുള്ളിയില്‍…. . അഹത്തിലെ നിറങ്ങളേ പാടൂ…… കണ്ണെഴുതി പൊട്ടും തൊട്ടിൽ മോഹൻലാലും ചിത്രയും ചേർന്നു പാടിയ കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍….. തുടങ്ങി നിരവധി ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.


കടപ്പാട് : വിവിധ മാധ്യമങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *