മുലയൂട്ടാം കുഞ്ഞിന്‍റെ ആരോഗ്യത്തിനായി

മുലയൂട്ടൽഅമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനു പുറമെ കുഞ്ഞിന്‍റെ ശാരീരികവും, മാനസികവുമായ ആരോഗ്യത്തിനും, ബൗദ്ധിക വികാസത്തിനും അത്യന്താപേക്ഷിതമാണ്. കുഞ്ഞിന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച തുടക്കമാണ് മുലയൂട്ടലിലൂടെ ലഭിക്കുന്നത്. പഠനങ്ങൾ കാണിക്കുന്നത് നമ്മുടെ രാജ്യത്തെ എല്ലാ അമ്മമാരും ശരിയായും കൃത്യമായും തങ്ങളുടെ കുഞ്ഞുങ്ങളെ മുലയൂട്ടിയാൽ ഓരോ വർഷവും രണ്ടര ലക്ഷം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാമെന്നാണ്.

ശിശുക്കൾക്ക് പ്രകൃതി നൽകുന്ന ഒരു സമ്പൂർണ്ണ ആഹാരമാണ് മുലപ്പാൽ. കുഞ്ഞ് ജനിച്ച് ആദ്യത്തെ ഒരു മണിക്കൂർ മുലയൂട്ടലിനെ സംബദ്ധിച്ചിടത്തോളം നിർണ്ണായകമാണ്. ഈ സമയത്ത് എത്രയും വേഗം മുലയൂട്ടൽ ആരംഭിക്കുന്നുവോ അത്രയും കൂടുതൽ ഗുണഫലങ്ങൾ ഉണ്ടാക്കുന്നു.. ഇത് പാലുല്പാദനത്തെ വളരെയധികം സഹായിക്കുന്നു. കൊളസ്ട്രം എന്ന ഇളം മഞ്ഞ നിറത്തിലുള്ള ആദ്യത്തെ പാൽ പോഷക സമ്പുഷ്ടവും, ദഹന സംവിധാനം മെച്ചപ്പെടുത്തുന്നതിനും, രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഇതിൽ ഇമ്യൂണോ ഗ്ലോബുലിൻ കൂടുതലായി കാണപ്പെടുന്നു .ഇത് ശിശുവിന്‍റെ രോഗ പ്രതിരോധ സംവിധാനം പ്രവർത്തനസജ്ജമാകുന്നതുവരെ രോഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു.

കൊളസ്ട്രം ആന്‍റിബോഡികളും പ്രോട്ടീൻ അഥവാ മാംസ്യവും നിറഞ്ഞതാണ്. അതുകൊണ്ടാണ് കൊളസ്ട്രം കുഞ്ഞിന്‍റെ ആദ്യത്തെ വാക്സിൻ എന്ന് വിശേഷിപ്പിക്കുന്നത്. പ്രൊലാക്ടിൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകളുടെ പ്രവർത്തനത്താലാണ് പാലുല്‍പാദനം നടക്കുന്നത് . ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശപ്രകാരം ആറു മാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രമേ നൽകാവൂ. ഈ സമയത്ത് വെള്ളം പോലും കുഞ്ഞിന് ആവശ്യമായി വരുന്നില്ല. കാരണം .കുഞ്ഞിന്‍റെ ദാഹം ശമിപ്പിക്കുന്നതിന് ആവശ്യമായ ജലാംശം (88%) മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. മുലയൂട്ടൽ കുഞ്ഞിന് 2 വയസ്സ് വരെയും അതിനു ശേഷവും തുടരേണ്ടതാണ്. ശിശു മരണം ,രോഗങ്ങൾ , പോഷകാഹാരക്കുറവ് എന്നിവക്കെതിരെയുള്ള മികച്ച പ്രതിരോധം തീര്‍ക്കാന്‍ മുലയൂട്ടല്‍ ഉപകരിക്കും. അഞ്ചു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിന്‍റെ 13 ശതമാനവും പാലൂട്ടലിലൂടെ തടയാം

ന്യുമോണിയ , വയറിളക്കരോഗങ്ങൾ, കുടൽ രോഗങ്ങൾ , ചെവിയിലെ അണുബാധ , പല്ല് രോഗം എന്നിവ ചെറുക്കുന്നതിനും ഉപകരിക്കും. ആറു മാസം മുലപ്പാൽ മാത്രം കുടിച്ചു വളർന്ന കുട്ടികൾക്ക് ഭാവിയിൽ പ്രമേഹം ,ഹൃദ്രോഗം ,ആസ്മ, അർബുദം ബാധിക്കാൻ സാധ്യത കുറവാണ്. അലർജികളിൽ നിന്നും രോഗാണുക്കളിൽ നിന്നും സംരക്ഷണം നൽകുന്നു . മുലപ്പാൽ കുടിക്കുന്ന കൂട്ടികൾക്ക് ബുദ്ധി കൂടുതലെന്ന് പഠനം . കുട്ടിയുടെ വൈകാരിക – ശാരീരിക വളർച്ചക്കും മുലപ്പാൽ നിർണ്ണായകം . കുടുംബങ്ങള്‍ മാതൃ – ശിശു സൗഹൃദമാക്കാനും ഓഫീസുകളിലും പൊതു സ്ഥലങ്ങളും അതിനായുള്ള ക്രമീകരണത്തിനും സര്‍ക്കാര്‍ ശ്രദ്ധ നല്‍കിവരുകയാണ്.


മുലയൂട്ടലിന്‍റെ പ്രാധാന്യം ഓർമ്മപ്പെടുത്തി ഈ വർഷവും ആഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നു.
ശിശുക്കൾക്ക് കൃത്രിമ പാലുല്‍പന്നങ്ങളും, ഭക്ഷണ പദാർത്ഥങ്ങളും നൽകുന്നത്കൊണ്ടുള്ള ദൂഷ്യ ഫലങ്ങളെ കുറിച്ച് അമ്മമാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കുമിടയിൽ അവബോധം സൃഷ്ടിച്ചെടുക്കുകയാണ് വാരാചരണം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.


ലോകാരോഗ്യ സംഘടനയും ,ഐക്യരാഷ്ട്ര സംഘടനയും മുലയൂട്ടൽ പ്രക്രിയയുടെ പിന്തുണക്കും പ്രോത്സാഹനത്തിനും ഒരു നിർണ്ണായക ഘടകമായ കൗൺസലിംഗ് അമ്മമാർക്കും , അവരുടെ കുടുംബാംഗങ്ങൾക്കും ലഭ്യമാക്കാൻ ആവശ്യമായ പിന്തുണയും, പ്രോത്സാഹനവും ഉറപ്പാക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *