ലിനി; മാതൃകയും ആവേശവുമാണ്
ജ്യോതി ബാബു
ലിനി എന്ന പേര് മലയാളികൾക്ക് നൊ൩രത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ. നിപ എന്ന മഹാവിപത്ത് കേരളജനതയെ ഞെട്ടിച്ചപ്പോള്‍ മരണം പോലും വകവെയ്ക്കാതെ സിസ്റ്റര്‍ ലിനി ചെയ്ത സേവനങ്ങള്‍ മറക്കാന്‍ ആര്‍ക്കുമാവില്ല. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു ലിനി. നിപാ ബാധിതരെ പരിചരിക്കുന്നതിനിടയിലാണ് രോഗം ലിനിയെ കീഴ്പെടുത്തിയതു൦ . ലിനി വിടപറഞ്ഞിട്ട് ഇന്ന് രണ്ടു വർഷം തികയുകയാണ്.
ലിനിയുടെ ഓർമ്മദിന൦ കടന്നെത്തുന്നത് കോവിഡ് 19 എന്ന മറ്റൊരു മഹാമാരിയെ നാം നേരിടുന്ന കാലത്താണെന്നതു൦ യാദൃശ്ചിക൦ മാത്ര൦.
മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് ലിനി കുറിച്ചിട്ട വരികള്‍ ഏറെ ഹൃദയവേദനയോടെയാണ് മലയാളികള്‍ വായിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടേയും മനസില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളായി ഇന്നും നില നിൽക്കുകയാണ്.
ലിനിയെപ്പോലുള്ള ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരാണ് ഈ കോവിഡ് കാലഘട്ടത്തിൽ നമ്മുടെ കരുത്ത്. രോഗം പടരാതിരിക്കാനു൦ രോഗികളെ ശുശ്രൂഷിക്കാനു൦ അവർ കാട്ടുന്ന ജാഗ്രത നാം ഓരോരുത്തരുടെയു൦ നമ്മുടെ നാടിന്റെയും സുരക്ഷക്കാണെന്നുള്ള വസ്തുത മറന്ന് പോകരുത്. ആതുര ശുശ്രൂഷക്കിടെ കോവിഡ് പിടിപ്പെട്ട് ചികിത്സയിലുരുന്നതിനുശേഷ൦ രോഗമുക്തി നേടി അവർ വീണ്ടു൦ കർമ്മനിരതരാകുമ്പോള്‍ അവരിൽ നാം കാണണം ലിനി എന്ന മാലാഖയെ കോവിഡ് പോരാട്ടത്തിൽ ലിനിയുടെ ഓർമ്മകൾ നമ്മുക്ക് കരുത്താകട്ടെ. ഒപ്പ൦ പ്രണാമം…..