സുഗതകുമാരിയുടെ കൃഷ്ണകവിതകൾ
ലിനിമോള്‍ ആര്‍
കൃഷ്ണ സങ്കല്‍പ്പത്തോട് ഇന്ത്യൻ ജീവിത പുലർത്തുന്ന ആത്മബന്ധത്തിന്‍റെ ആഴം സാഹിത്യ കൃതികൾ ആ സങ്കല്‍പ്പം കൊണ്ടാടുന്ന വൈപുല്യം കൊണ്ട് മനസിലാക്കാം. മനുഷ്യന്‍റെ ആന്തരിക ചോദനകൾ ആകെ കൃഷ്ണ കഥകളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. അനാദികാലം മുതൽ ഇന്നും ഇനിയും കേട്ടു മടുക്കാതെ പറഞ്ഞും പാടിയും മതി വരാതെ മനുഷ്യൻ പ്രണയത്തേയും വാത്സല്യത്തേയും ഭക്തിയേയും സുഹൃത്തിനേയും ധർമ സ്ഥാനത്തേയും എന്ന് വേണ്ട ജീവിതത്തിലെ എല്ലാം കൃഷ്ണനിൽ അന്വേഷിക്കുകയും അഭയം കണ്ടെത്തുകയുമാണ്. കുഞ്ഞുനാളിൽ കൃഷ്ണ വേഷം കെട്ടിയപ്പോൾ കളിയാക്കൽ കേട്ടു വേഷം അഴിച്ചെറിഞ്ഞു ഓടിയപ്പോളും ചേർത്ത് പിടിച്ചൊരു മയിൽപീലി തണ്ടിനെ കുറിച്ച് കവി പാടുന്നു.. ഈ മയിൽപീലി തണ്ടായി ഓരോ ജീവിതത്തിലും കൃഷ്ണൻ നിറഞ്ഞു നില്‍ക്കുന്നതിന്‍റെ അനുഭവമായി ഈ കവിതകൾ മാറുന്നുണ്ട്. പാടി പാടി പുകഴ്ത്തപെട്ടവരെക്കാൾ തിരശീലയ്ക്ക് അപ്പുറം ഉള്ള കാഴ്ചകൾ കവി പാടുന്നു. ജന്മാന്തരങ്ങൾ ജനാലയാകുന്ന ജന്മത്തിനു വെളിയിൽ ഉണ്ണികണ്ണനെ കാണാൻ അലയുന്ന മനസ്.. സ്വപ്നത്തിൽ തൊട്ടിലും പീലിയും ഉണ്ണിക്കാലും കണ്ടു രാവുകൾ കഴിക്കുന്ന കവി നമ്മൾ തന്നെയല്ലേ
മഥുരയ്ക്ക് പോകുന്ന കണ്ണനെ ഓർക്കുന്ന, ഇതുവരെ കണ്ണനെ നേരിൽ കാണാതെ തന്നെ അറിയാത്ത കണ്ണന്‍റെ വേർപാടിൽ വേദനിക്കുന്ന പ്രണയം ഉള്ളിൽ ഒതുക്കിയ ഗോപിക.. എന്നാൽ നിറഞ്ഞ കണ്ണുമായി ഒരു നോക്കു തന്നെ നോക്കി കുടിലിനു മുന്നിൽ നിന്ന കൃഷ്ണൻ ‘കൃഷ്ണ നീ അറിയുമോ എന്നെ ‘എന്ന് കണ്ണീർ അടക്കുന്ന ഗോപിക എല്ലാം അറിയുന്ന അഭയമായ കൃഷ്ണനെ വരച്ചു കാട്ടുന്നു
അഹങ്കാരത്തിന്‍റെ വിഷപ്പുക ചവിട്ടി മെതിക്കാന്‍ കൃഷ്ണനോട് കേഴുന്ന കാളിയൻ, അച്ചേവടികൾ മുകർന്നു മുകർന്നെ ൻ
ദുഃഖവുമെല്ലാം മറയട്ടെ ‘എന്ന് കാളിയമർദ്ദനത്തിൽ പാടുന്ന, നിത്യ പ്രണയത്തെ ശ്യാമ രാധയായി, ഒഴിവാക്കാൻ ഇഷ്ടമില്ലാത്ത ദുഃഖമായി കൃഷ്ണ പ്രണയം കവിതയിൽ നിറയുന്നു
അസ്തിത്വ ബോധം നിറയുന്ന തിരിച്ചറിയൽ എന്ന കവിത കാല ദേശ ഭേദങ്ങളെ അപ്രസക്തമാക്കി കൊണ്ട് എല്ലാവരിലും കുടികൊള്ളുന്ന, എവിടെയും അഭയമാകുന്ന കൃഷ്ണനെ കാട്ടിത്തരുന്നു
അമ്മ എന്ന കവിത കുഞ്ഞിനെ നഷ്ടമായ കാത്തിരിപ്പുമായി വർഷങ്ങൾ എണ്ണികഴിച്ച ദേവകിയുടെ ആത്മാവിഷ്കാര മാകുന്നു.. കണ്ണ് നനയാതെ വരികൾ തൊടാൻ കഴിയാതെ നമ്മളും ആ ഇരുമ്പഴികളെ തൊടും..
‘എന്തു നിന്നെ വിളിക്കേണ്ടു
മകനേ, മകനേ നിന
കെന്തു പേരാണ് ‘
നീ വരും വരുമെന്നമ്മ
യ്ക്കറിയാമായിരുന്നി തേ ‘
പുരാണ പശ്ചാത്തലത്തിൽ മനുഷ്യന്‍റെ ഗർവിനെ അറിവില്ലായ്മയെ ഭക്തിസാന്ദ്രമായി പുനരാഖ്യാനം ചെയ്യുന്ന ഗജേന്ദ്രമോക്ഷം എന്ന കവിത നിരവധി പഠനങ്ങൾക്ക് വിധേയമായിട്ടുള്ള കവിതയാണ് മനുഷ്യന്‍റെ അഹന്തയെ യും ഈശ്വരനിലേക്ക് എത്തിച്ചേരാനുള്ള കാല താമസത്തെ യും ഈ കവിത അവതരിപ്പിക്കുന്നു’ ‘വലിച്ചു വലിച്ചാഴ്ത്തീടും ഭീതിയോടിഞ്ചിഞ്ചായി തോൽക്കുമ്പോൾ താണു തുടങ്ങുമ്പോൾ ഓർമിച്ചേൻ നിന്നെ’
വിരഹത്തിന്‍റെ വരികൾ എത്ര സുന്ദരമാണ് ആ നീറ്റലിനെ എത്ര സുന്ദരമായി കവി അവതരിപ്പിക്കുന്നു ‘മറ്റൊരു രാധിക ‘യിൽ എന്ന കവിത
കൃഷ്ണസങ്കല്പം ഉള്ളിൽ കൊണ്ടുനടക്കുന്നവർക്ക് ഒന്നും സ്വന്തമായി നേടാനും കരുതി വെക്കാനും ഉണ്ടാവില്ല കൃഷ്ണനെ കുറിച്ചുള്ള ഓർമ്മകളും അതിൽ നിന്നുളവാകുന്ന പ്രണയവും വിരഹവും ആത്മാവിന്‍റെ ഭാഗമായി കരുതുകയാണ് ഇവിടെ. ‘എന്‍റെ നിറയ്ക്കാൻ ഓർമ്മ വരാത്തൊരു മൺകുടം ഒഴുകി പോവതു നോക്കി’ എന്ന വരികൾ പ്രണയത്താൽ ജീവിതം
നിറച്ചഎല്ലാ കൃഷ്ണ പ്രണയിനികളുടെ യും മാനസിക ഭാവത്തെ അവതരിപ്പിക്കുന്നു.
‘ എന്തിനെഴുതുന്നു പാടുന്നു
ഞാൻ അന്യമാം സംഗീതം ഒന്നിതല്ലാതെ’
ഈ വരികൾ മാത്രംമതി കവിതയിലൂടെ ഓരോ വായനക്കാരനും എത്രത്തോളം കൃഷ്ണ ഭാവവുമായി ഇഴുകി ചേർന്നാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് എന്ന് തിരിച്ചറിയാൻ.
സുഗതകുമാരിയുടെ തന്നെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ കൃഷ്ണ കവിതകൾ ‘ഈ ഇരുട്ടിലും ആ മയിൽപീലി തുമ്പ് തിളങ്ങുന്നു. വന്ധ്യയായ അമ്മയുടെ മടിത്തട്ടിലും ആ കറുത്ത ഉണ്ണി ഇരുന്ന് ചിരിക്കുന്നു. പരിത്യക്തയായ കാമുകിയുടെ ഉൾ ചൂടിലും ആ ചന്ദനചാറ് പിരളുന്നു ഈ അട്ടഹാസങ്ങൾക്കും മുറവിളികൾക്കും ഇടയിലും ഒരു ഓടക്കുഴൽ വിളി ഇടറാതെ കേൾക്കുന്നു തോറ്റ് തലകുനിച്ച് പാഴ് മണ്ണിൽ അമരുമ്പോൾ ഒരു ശംഖധ്വനി മുഴങ്ങുന്നു നരക വേദനയിൽ താ ണു പോകുമ്പോൾ ഏതു കൈയ്യോ താങ്ങുന്നു മാനക്കേടിന്‍റെ നഗ്നതയ്ക്ക് ആരോ മഞ്ഞപ്പട്ട് എറിഞ്ഞു തരുന്നു. ആ മഹാ കാരുണ്യത്തിന് പേര് സ്നേഹം എന്നാകുന്നു’
ഈ സ്നേഹമാകുന്ന കൃഷ്ണനെ ആവർത്തന വിരസത ഇല്ലാതെ ചേർത്തുവെച്ച 29 ഓളം കവിതകൾ ‘കൃഷ്ണ കവിതകൾ ‘എന്ന് സമാഹാരത്തിലുണ്ട്. അതിലൂടെയുള്ള ചെറിയൊരു എത്തിനോട്ടം ആണ് ഈ കുറിപ്പ്.