അരങ്ങൊഴിഞ്ഞ് ജി.കെ

പ്രശസ്ത സിനിമാ-നാടക നടൻ ജി.കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. തിരുവനന്തപുരം ഇടവയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.മലയാള സിനിമയിലും ടെലിവിഷനിലും വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തത് മലയാളി മനസ്സുകളിൽ ഇടം നേടിയ നടൻ. 325 ലധികം മലയാള സിനിമകളിൽ അഭിനയിച്ചു.65 വർഷം നീണ്ടുനിന്ന അഭിനയജീവിതം.

1924 ജൂലൈ 17ന് തിരുവനന്തപുരത്തെ വർക്കലയിലാണ് ജി.കെ പിള്ളയുടെ ജനനം. പെരുമ്പട്ടത്തിൽ ഗോവിന്ദപ്പിള്ളയും സരസ്വതി അമ്മയുമാണ് മാതാപിതാക്കൾ. പ്രാഥമിക വിദ്യാഭ്യാസമൊക്കെ ചിറയൻകീഴ് ശ്രീ ചിത്തിര തിരുനാൾ ഹൈസ്കൂളിലായിരുന്നു. 13 വർഷം ഇന്ത്യൻ ആർമിയിലും ഇന്ത്യൻ നേവിയിലും അദ്ദേഹം സേവനമനുഷ്ടിച്ച ശേഷമാണ് സിനിമാലോകത്ത് സജീവമാകുന്നത്.1954-ൽ സ്‌നേഹസീമ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. കെ.കെ രാജീവ് സംവിധാനം ചെയ്ത സൂര്യ ടിവിയിലെ ‘പൊരുത്തം’ എന്ന സീരിയലിലൂടെയാണ് ടെലിവിഷൻ രംഗത്തേക്ക് കടന്നു വരുന്നത്.പിന്നീട് നിരവധി ടിവി സീരിയലുകളിലും അഭിനയിച്ചു. ‘കുങ്കുമപ്പൂവ്’ എന്ന സീരിയലിലെ അദ്ദേഹത്തിന്റെ കഥാപാത്രം വലിയ ജനശ്രദ്ധ നേടി.

നാടകരംഗത്തും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നീതി പീഠം, രാജദൂത്, സർപ്പസത്രം, കുഞ്ഞാലിമരയ്ക്കാർ, മഹാലക്ഷ്മി, അശോക ചക്രം, റെഡ് സിഗ്നൽ, ദേവാലയം, ഭാരതയുദ്ധം, ഒമ്പതാം ദിവസം, പത്തരമാറ്റുള്ള പൊന്ന്, ദി ആക്സിഡന്റ്, ആയിരം അരക്കില്ലങ്ങൾ, ഏഴരപ്പൊന്നാന, മന്നാഡിയാർ പെണ്ണും മാടമ്പിയും തുടങ്ങിയവയാണ് ജി.കെ പിള്ളയുടെ പ്രശസ്ത നാടകങ്ങൾ.

നായരു പിടിച്ച പുലിവാല്, സ്ഥാനാർത്ഥി സാറാമ്മ, മുച്ചീട്ടുകളിക്കാരന്റെ മകൾ, പുഷ്പശരം, മുക്കുവനെ സ്നേഹിച്ച ഭൂതം, മൈഡിയർ കുട്ടിച്ചാത്തൻ, ഇത്തിക്കര പക്കി എന്നിവയാണ് പ്രധാന മലയാള ചിത്രങ്ങൾ.

മേഘം എന്ന സീരിയലിലെ അഭിനയത്തിന് 2005 ലെ മികച്ച സ്വഭാവ നടനുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്,2011ലെ മദ്രാസ് ഫിലിം ഫാൻസ് അസോസിയേഷൻ അവാർഡ്,2011ലെ രാഗമാലിക – ജയൻ അവാർഡ്,2011ലെ പ്രേം നസീർ അവാർഡ്,2012 ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡുകൾ, 2012 2016 ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ഫ്ലവേഴ്‌സ് ടെലിവിഷൻ അവാർഡ്,2018 ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ജന്മഭൂമി ടെലിവിഷൻ അവാർഡുകൾ എന്നിവയും നേടിയിട്ടുണ്ട്.

മലയാള മനസ്സുകളിൽ എന്നും മായാത്ത വേദനയായി ഈ അതുല്യ നടൻ ജീവിക്കും. ഭാര്യ : പരേതയായ ഉൽപലാക്ഷി അമ്മ. മക്കൾ:കെ പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹനൻ, കെ പ്രിയദർശനൻ.

Leave a Reply

Your email address will not be published. Required fields are marked *