സുന്ദര ഗാനരചയിതാവിന് ആധാരശിലയായ അച്ഛൻ
തയ്യാറാക്കിയത് ജി.കണ്ണനുണ്ണി
” ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാൻ
ആ മരത്തണലിലുറങ്ങാൻ…
ഇനിയും കാതോർത്തു ദൂരെ നിൽക്കാം ഞാൻ
അച്ഛന്റെ പിൻവിളി കേൾക്കാൻ…!!”
അച്ഛനോടുള്ള സ്നേഹത്തെക്കുറിച്ചെഴുതാൻ ഇതിലും നല്ല വരികൾ പിറവിയെടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഭാര്യയൊന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിന് വേണ്ടി എഴുതിയ ഗാനമാണ് ഇതെങ്കിലും അദ്ദേഹത്തിന്റെ എല്ലാമെല്ലാമായ അച്ഛനോടുള്ള സ്നേഹം വരികളിൽ മധുരിക്കുകയാണ്.
വയലാർ ശരത്ചന്ദ്ര വർമ്മ ഒട്ടേറെ വേദികളിൽ പറഞ്ഞത് ഞാൻ അച്ഛനെക്കുറിച്ച് എഴുതാൻ ആഗ്രഹിച്ചത് രാജീവ് ആലുങ്കൽ സാക്ഷാത്കരിച്ചു എന്നാണ്. തന്റെ പദസമ്പത്തുകൊണ്ട് മലയാള സിനിമ ഗാനശാഖയുടെ അഭിവാജ്യ ഘടകമായ രാജീവ് ആലുങ്കൽ തന്റെ വിജയത്തിന് പിന്നിൽ താങ്ങും തണലുമായ അച്ഛനെ കുറിച്ച് വാചാലനായി…ഫാദേഴ്സ് ഡേയിൽ… കൂട്ടുകാരി ഡോട്ട് കോമിനോട്.
അധികം വാചലനായിരുന്നില്ല അച്ഛൻ. അതിനാൽ അച്ഛൻ വല്ലപ്പോഴും പെയ്യുന്ന ആലിപ്പഴമായിരുന്നു. പലർക്കും അമ്മ എപ്പോഴും പെയ്യുന്ന മഴയാണ്. എന്നാൽ നാലാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടശേഷം അച്ഛന്റെ മടിയിലാണ് ഞാൻ സനാഥത്വം അനുഭവിച്ചറിഞ്ഞത്.
ആദ്യമായി എനിക്ക് കവിതയുടെ പുസ്തകം വാങ്ങിത്തന്നതും, ഞാൻ ആരാധിക്കുന്നവരെക്കുറിച്ച് ആദ്യം പറഞ്ഞു തന്നതും അച്ഛനാണ്. അച്ഛനെക്കുറിച്ച് ആദ്യം എഴുതിയ കവിത എന്റെ നിലവിളി തെയ്യം എന്ന കവിത സമാഹാരത്തിലെ “അച്ഛനും ഞാനും ” എന്ന കവിതയാണ്. അച്ഛന് ഒരു മാധ്യമത്തിലൂടെ നൽകാവുന്ന എന്റെ ഏറ്റവും വലിയ സ്നേഹമായിരുന്നു ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിലെ യേശുദാസിന്റെ ശബ്ദത്തിൽ പിറവിയെടുത്ത ആ ഗാനം. ഒരു വട വൃക്ഷത്തിന്റെ പേരാണ് അച്ഛൻ.
അമ്മയെന്ന കടലിന് അക്കരെ തെളിയുന്ന സൂര്യനെയാണ് അച്ഛനിൽ കാണുന്നത്. ‘അമ്മ നിലാവിന്റെ കണ്ണാടി നോക്കി ഞാൻ അച്ഛന്റെ ഹൃദയത്തെയാണ് കാണുന്നത്. ഇന്നുവരെ പുകവലികാത്തതിനും മദ്യപിക്കാത്തതിനും കാരണം അച്ഛനാണ്..അച്ഛന്റെ നന്മയാണ്. ലോകത്തിന്റെ ഏതു കോണിൽ പോയാലും ചേർത്തല വീട്ടിലേക്ക് ഓടി വന്നിരുന്നത് അച്ഛന്റെ മുഖം ഒരുനോക്ക് കാണാൻ ആയിരുന്നു. പക്ഷെ അത് പ്രകടിപ്പിച്ചിരുന്നില്ല.അച്ഛൻ പോയി കഴിഞ്ഞതിന് ശേഷം ചേർത്തു പിടിക്കാമായിരുന്നു എന്ന് ആഗ്രഹിച്ച ഒരുപാട് വ്യക്തികളെ അറിയാം.
പത്തൊൻപതാം വയസ്സിൽ മിൽമയിലെ സുരക്ഷിത ജോലി ഉപേക്ഷിച്ച് അനിശ്ചിത്തത്വം നിറഞ്ഞ വേറിട്ട വഴി തേടി ഇറങ്ങുമ്പോൾ അച്ഛൻ അതിനെ ചോദ്യം ചെയ്തില്ല.മരിക്കുന്നതിന് തലേ ദിവസമാണ് ആദ്യമായി എന്നെ ഒരാളെ പരിചയ പെടുത്തുന്നത്. ആ നിൽക്കുന്നത് എന്റെ മകനാണ് ..രാജീവ് ആലുങ്കൽ… മല്ലു സിങ്, ചട്ടക്കാരി, റോമാൻസ് ഈ ചിത്രത്തിനൊക്കെ പാട്ടെഴുതിയത് അവനാണ്…
ചേർത്തല കണ്ടനാട് വീട്ടിൽ മാധവൻ നായർ അതാണ് അച്ഛന്റെ പേര്. ആദ്യത്തെ ഡി ഫാം ബാച്ചു കാരൻ ആണ്.അന്നൊക്കെ ഡി ഫാമുകാർക്ക് ഡിസ്പെൻസറി ഒക്കെ തുടങ്ങാനുള്ള അധികാരവും ഉണ്ടായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിന്റെ ഡോക്ടർ തന്നെയായിരുന്നു അച്ഛൻ . തന്റെ ഗാനങ്ങളുടെ മാധുര്യം പോലെ അച്ഛന്റെ ഓർമ്മ വാക്കുകളിലും രാജീവ് ആലുങ്കൽ സ്നേഹം പുരട്ടി.