ഹിഡിംബിയുടെ പ്രണയമറിയാന്‍ പോകാം മണാലിയിലേക്ക്


മണാലിയിലേക്ക് ഒരുട്രിപ്പിനൊരുങ്ങുമ്പോള്‍ തീര്‍ച്ചായായും പോയിരിക്കേണ്ട ഇടമാണ് ഹിഡിംബാദേവിയുടെ ക്ഷേത്രം. സൂര്യകിരണങ്ങള്‍ എത്തിനോക്കാന്‍മടിക്കുന്നതും ദേവദാരുമരങ്ങളാല്‍ ചുറ്റപ്പെട്ടതും നൂറ്റാണ്ടുകള്‍പഴക്കമുള്ളതുമായ ക്ഷേത്രത്തിന് ഒത്തിരി പ്രത്യേകതകള്‍ ഉണ്ട്.


ഹിമാചല്‍ പ്രദേശിലെ ഏറ്റവും ആകര്‍ഷകമായ കാഴ്ചകളിലൊന്നാണ് മണാലിയിലെ ഹിഡിംബാ ദേവി ക്ഷേത്രം. മണാലിയിലെത്തുന്ന സഞ്ചാരികളുടെ പ്രീയ ഇടമായ ഇവിടം മഹാഭാരതകഥയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു.
ഹിഡിംബാദേവി അവര്‍ക്ക് ഭാരതകഥയില്‍ അത്രവലിയ പ്രാധാന്യമൊന്നും വ്യാസന്‍ കല്‍പിച്ചുകൊടുക്കുന്നില്ല. എന്നിരുന്നാലും അവരിലെ പ്രണയം ഇത്രയും ആര്‍ദ്രമായി അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഭീമന് പഞ്ചാലിയോടുള്ള അഗാധമായ പ്രണയത്തില്‍ പലപ്പോഴും ഹിഡിംബയുടെ പ്രേമം ഭീമന് തഴയുവാനേ കഴിയുമായിരുന്നുള്ളു. എന്നിരുന്നാലും തന്‍റെ പ്രാണഭാജനമായ ഭീമനോടുള്ള പ്രേമത്തിന് ഹിഡുംബിക്ക് ഒരുഘട്ടത്തിലും കുറവ് വന്നിരുന്നില്ലെന്നതും എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെയാണ് ഭീമന്‍ ആപത്ഘട്ടത്തില്‍പെട്ട സന്ദര്‍ഭത്തിലൊക്കെ സഹായഹസ്തവുമായി അവര്‍ എത്തിയത്.


മഹാഭാരതവുമായി ബന്ധപ്പെട്ടാണ് ഹിഡിംബാ ദേവി ക്ഷേത്രത്തിന്‍റെ കഥയും. അതിഭയങ്കരനായ രാക്ഷനായിരുന്ന ഹിഡുംബന്‍റെ സങ്കേതമായിരുന്നു ഇവിടം. വനവാസസമയത്ത് ഭീമന്‍ ഇവിടെ എത്തുകയും ഹിഡിംബയെ കണ്ട് അനുരാഗത്തിലായ ഭീമന്‍ അവളുടെ താല്പര്യപ്രകാരം ഹിഡുംബനെ വധിക്കുകയും ചെയ്തു.ഒരുവര്‍ഷത്തോളം ഇവിടെ ഒന്നിച്ചുതാമസിച്ചു. ഭീമ ഹിഡുംബ ദമ്പതികള്‍ക്ക് ഒരു മകന്‍ ജനിച്ചു ഘടോല്‍കചന്‍.

പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചെന്ന വിശ്വസിക്കുന്ന ഈ ക്ഷേത്രം ഇന്നും അധികം മാറ്റങ്ങളൊന്നുമില്ലാതെയാണ് നിലനില്‍ക്കുന്നത്. നാലു നിലകളിലായി ഉയര്‍ന്നു നില്‍ക്കുന്ന ക്ഷേത്രം ബുദ്ധിസ്റ്റ് പഗോഡ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.ക്ഷേത്രത്തിനുള്ളില്‍ ഹിഡുംബയുടെ വിഗ്രഹം ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത .1553 ല്‍ മഹാരാജാവായിരുന്ന ബഹാദൂര്‍ സിംഗാണ് ക്ഷേത്ര നിര്‍മ്മാണത്തിന് മുന്‍കൈയ്യെടുത്തത്. തടികൊണ്ടുള്ള മേല്‍ക്കൂരയ‌ടക്കം നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ഒരു ഗുഹാ ക്ഷേത്രം കൂടിയാണ്. ക്ഷേത്രത്തിനുള്ളില്‍ വലിയ ഒരു പാറക്കല്ലും കാണാന്‍ സാധിക്കും.


മണാലി ദേശത്തിന്‍റെ സംരക്ഷക കൂടിയാണ് ഹിഡിംബാ ദേവി. പ്രദേശവാസികള്‍ക്ക് എന്താപത്തു വന്നാലും ദേവി ഇവിടെ സംരക്ഷിക്കുവാനുണ്ട് എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ ദേവിയുടെ കാലടി പതിഞ്ഞിരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഇടവുമുണ്ട്.


ഹിഡിംബാ ദേവിയുടെ ജന്മദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി പതിനാലിനാണ് ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്ന സമയം. പ്രദേശവാസികളായ സ്ത്രീകളെല്ലാം ആഘോഷമായി ക്ഷേത്രത്തില്‍ എത്തിച്ചേരും. അന്ന് സംഗീതവും നൃത്തവും ഒക്കൊയായി ആഘോഷമാണ് വലിയ ഇവിടെ നടക്കുക.


വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

Leave a Reply

Your email address will not be published. Required fields are marked *