പോരാട്ടവീര്യത്തിന്‍റെ ലക്ഷ്മി
പോരാട്ടവീര്യത്തിന്‍റെ പര്യായമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി അഥവാ ഡോ ലക്ഷ്മി സൈഗാള്‍. സ്വാതന്ത്ര്യസമരസേനാനിയും നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ സജീവപ്രവര്‍ത്തകയുമായിരുന്നു അവര്‍. ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ ഝാന്‍സി റാണിയുടെ പേരിലുള്ള ഝാന്‍സി റെജിമെന്‍റിന്‍റെ കേണലായും ലക്ഷ്മി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രശസ്ത അഭിഭാഷകന്‍ ഡോ. സ്വാമിനാഥന്റെയും പൊതു പ്രവര്‍ത്തകയായ പാലക്കാട് ആനക്കര വടക്കത്തു വീട്ടില്‍ എ.വി. അമ്മുക്കുട്ടിയുടെയും (അമ്മു സ്വാമിനാഥന്‍) മകളായി 1914 ഒക്ടോബര്‍ 24ന് മദ്രാസില്‍ ജനിച്ചു. പാവപ്പെട്ടവരെ പ്രത്യേകിച്ച് സ്ത്രീകളെ സഹായിക്കാനായാണ് ക്യാപ്റ്റന്‍ ലക്ഷ്മി വൈദ്യശാസ്ത്രം പഠിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് 1938 ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദവും പിന്നീട് ഗൈനക്കോളജിയില്‍ ഡിപ്ലോമയും നേടി. 1941 ല്‍ സിംഗപ്പൂരിലേക്ക് പോയ ലക്ഷ്മി അവിടെ പാവങ്ങള്‍ക്കായി ക്ലിനിക് തുടങ്ങി. ഒപ്പം ഇന്ത്യന്‍ സ്വാതന്ത്യത്തിനായി പൊരുതുന്ന ഇന്ത്യാ ഇന്‍ഡിപ്പെന്‍ഡന്‍റസ് ലീഗില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

സുഭാഷ് ചന്ദ്രബോസ് 1943ല്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചതോടെയാണ് ഐ.എന്‍.എയുമായി ക്യാപ്റ്റന്‍ ലക്ഷ്മി അടുക്കുന്നത്. സിംഗപ്പൂരില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന വനിതാ സൈന്യം രൂപീകരിക്കാന്‍ സുഭാഷ് ചന്ദ്രബോസ് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് അവര്‍ വനിതാസേന വിഭാഗത്തിലെ അംഗമായത്. അതിനുശേഷം പരിശീലനം സിദ്ധിച്ച വനിതകളുടെ സേനാവിഭാഗം സിംഗപ്പൂരില്‍ പോരാട്ടത്തിന് തയ്യാറായി. കേണല്‍ പദവിയിലായിരുന്നു പ്രവര്‍ത്തനം എങ്കിലും ”ക്യാപ്റ്റന്‍ ലക്ഷ്മി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഒരേ സമയം യുദ്ധമുഖത്തും പരിക്കേറ്റവരുടെ ചികിത്സയിലും അവര്‍ മുഴുകി. 1947ല്‍ ബ്രിട്ടീഷ് സൈന്യം ലക്ഷ്മിയെ പിടികൂടുകയും ഇന്ത്യയിലേക്ക് കൊണ്ടുവരികയും ചെയ്തു. എന്നാല്‍ ഇത് കൂടുതല്‍ കുഴപ്പങ്ങള്‍ക്കിടയാക്കും എന്നു മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ ലക്ഷ്മിയെ മോചിപ്പിച്ചു.

പിന്നീട് ക്യാപ്റ്റന്‍ ലക്ഷ്മി സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കുകയും ഐ.എന്‍.എ.യുടെ പ്രവര്‍ത്തനത്തിനായി ധനശേഖരണം നടത്തുകയും ചെയ്തു. 1947 മാര്‍ച്ചില്‍ ഐഎന്‍എ പ്രവര്‍ത്തകനായ കേണല്‍ പ്രേംകുമാര്‍ സൈഗാളിനെ വിവാഹം കഴിച്ച് കാണ്‍പൂരില്‍ സ്ഥിരതാമസമാക്കി. അപ്പോഴേക്കും ഇന്ത്യാ-പാക് വിഭജനവുമായി അനുബന്ധിച്ചുള്ള അഭയാര്‍ത്ഥി പ്രവാഹവും ആരംഭിച്ചിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതില്‍ ലക്ഷ്മി മുന്നിലുണ്ടായിരുന്നു. കാണ്‍പൂരില്‍ വാടകക്കെടുത്ത സൗകര്യങ്ങള്‍ ഉപയോഗിച്ച് ഒരു പ്രസവചികിത്സാ കേന്ദ്രം അവര്‍ ആരംഭിച്ചു. ഈ കേന്ദ്രം ഇപ്പോഴും പ്രവര്‍ത്തനം തുടരുന്നുണ്ട്.

1984ല്‍ ഇന്ദിരാ വധത്തിനുശേഷം സിഖ് വിരുദ്ധ കലാപം കൊടുമ്പിരി കൊണ്ടപ്പോള്‍ ക്യാപ്റ്റന്‍ ലക്ഷ്മി സിഖുകാരുടെ സംരക്ഷണത്തിനായി തെരുവിലിറങ്ങുകയും അവരുടെ വീടുകള്‍ക്കും കടകള്‍ക്കും സംരക്ഷണം നല്‍കുകയും ചെയ്തു. 2002 ല്‍ എ.പി.ജെ അബ്ദുള്‍കലാമിനെതിരെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്നു ലക്ഷ്മി. 1998ലാണ് രാജ്യം പത്മവിഭൂഷണ്‍ നല്‍കി അവരെ ആദരിച്ചത്. 2012 ജൂലൈ 23ന് ക്യാപ്റ്റന്‍ ലക്ഷ്മി അന്തരിച്ചു.
തയ്യാറാക്കിയത് സൂര്യ സുരേഷ്