ആലപ്പുഴയില്‍ 267 കലാകാരന്മാരുടെ 3000 സൃഷ്ടികൾ

സമകാലിക സംഭവങ്ങളുടെ നേര്‍ക്കാഴ്ചയൊരുക്കുന്ന ശില്‍പ്പങ്ങള്‍…കണ്ണെടുക്കാന്‍ തോന്നാത്തവിധം ഹൃദയത്തെ പിടിച്ചു നിര്‍ത്തുന്ന വാങ്മയ ചിത്രങ്ങള്‍… അങ്ങനെ നിരവധി വിസ്മയക്കാഴ്ചകളാണ് ആലപ്പുഴയിലെ പ്രദര്‍ശനത്തിലേയ്ക്ക് കാഴ്ചക്കാരനെ നയിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള 267 കലാകാരന്മാരുടെ 3000 സൃഷ്ടികളാണ് പ്രദര്‍ശനത്തില്‍ നിരന്നിരിക്കുന്നത്. ഇതില്‍ 56 വനിതാ കലാകാരിമാരുടെ വര്‍ക്കുകളും ഇടംപിടിച്ചിരിക്കുന്നു.
ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പത്ത് കലാകാരന്മാരും പ്രദര്‍ശനത്തില്‍ തങ്ങളുടേതായ കയ്യൊപ്പ് ചാലിച്ചിട്ടുണ്ട്. സമകാലിക കലയെ ജനജീവിതവുമായി കോര്‍ത്തിണക്കി വ്യത്യസ്തങ്ങളായ ശില്‍പങ്ങള്‍, കളിമണ്ണ്, ഫൈബര്‍ ഗ്ലാസ് എന്നിവയില്‍ നിര്‍മ്മിച്ചു വ്യത്യസ്തനാകുകയാണ് കെ. രഘുനാഥന്‍. 45 വര്‍ഷമായി ശില്‍പകലാ രംഗത്തു പ്രവര്‍ത്തിക്കുന്ന രഘുനാഥന്‍ ഹാസ്യ രീതിയിലാണ് ശില്‍പങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ശില്‍പങ്ങളില്‍ നിറങ്ങള്‍ ചാലിക്കാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹം ഫൈബര്‍ ഗ്ലാസ്സിലാണ് കൂടുതലും ശില്‍പങ്ങള്‍ ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയെ സമകാലിക രാഷ്ട്രീയ പ്രതിബിംബവുമായി ബന്ധപ്പെടുത്തിയാണ് ആലപ്പുഴ സ്വദേശി വി. എസ്. ബ്ലോഡ്‌സൊ കലാപ്രദര്‍ശന വേദിയില്‍ എത്തിയിട്ടുള്ളത്. 19 തൂണുകളില്‍ വാ മൂടികെട്ടിയ മനുഷ്യ മുഖങ്ങള്‍ 2005 മുതല്‍ ബ്ലോഡ്‌സൊയുടെ മനസ്സിലുള്ള ആശയമായിരുന്നു. പഴയ കാലം, സ്വാതന്ത്ര്യം, നിയമങ്ങള്‍ എന്നിവയെല്ലാം ഇതിലുണ്ട്.


കേര വൃക്ഷത്തിന്റെ തനതായ ഒരു ഇടപെടല്‍ കേരളത്തിന്റെ സംസ്‌കാര വികസനത്തിലുണ്ട്. ഈ സംസ്‌കാരത്തെ തന്റെ ക്യാമറ കണ്ണിലൂടെ പകര്‍ത്തി ലോക ശ്രദ്ധ നേടുകയാണ് കാജല്‍ ദത്ത് എന്ന കലാകാരി. പ്രളയത്തെ അതിജീവിച്ച വ്യക്തികളുടെ ചിത്രങ്ങളും പ്രളയം വിഴുങ്ങിയ കുട്ടനാടന്‍ പാടങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലെ കാഴ്ചകളും കാജല്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.

ആലപ്പുഴയിലെ ആളുകളെയും സ്ഥലങ്ങളെയും ചിത്രീകരിക്കുന്ന സുനില്‍ ലൈനസ് ഡേയുടെ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ലക്ഷ്മി മാധവന്റെ ബാലരാമപുരം കൈത്തറിയില്‍ നെയ്തെടുത്ത കലാസൃഷ്ടി പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഫെമിനിസം, ലിംഗ വിവേചനം, തുല്യത തുടങ്ങിയ വിഷയങ്ങള്‍ വാക്കുകളിലും വരികളിലുമായി മലയാളത്തിലും ഇംഗ്ലീഷിലുമായി സൃഷ്ടിച്ചിരിക്കുകയാണ് ലക്ഷ്മി മാധവന്‍. പരമ്പരാഗത തൊഴിലാളികള്‍ നെയ്തെടുത്ത ഇഴ അടുപ്പം കൂടുതലുള്ള ബാലരാമപുരം കൈത്തറിയിലെ കസവുമുണ്ടിലാണ് ലക്ഷ്മി മാധവന്റെ കലാസൃഷ്ടി. മനുഷ്യന്റെ മനോഭാവങ്ങളും അവര്‍ നേരിടുന്ന വെല്ലുവിളികളും ഇതില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ടെന്ന് ലക്ഷ്മി മാധവന്‍ പറയുന്നു.ന്യൂ മോഡല്‍ സൊസൈറ്റി ബില്‍ഡിംഗ്, പോര്‍ട്ട് മ്യൂസിയം, കയര്‍ കോര്‍പ്പറേഷന്‍ മന്ദിരം തുടങ്ങി അഞ്ച് വേദികളിലായി ഒരു ലക്ഷം ചതുരശ്ര അടിയിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.


ആലപ്പുഴയ്ക്ക് പുറമേ എറണാകുളം ദര്‍ബാര്‍ ഹാളും പ്രദര്‍ശന വേദിയാണ്.സി.ഐ.എ, അങ്കിള്‍ എന്നീ ചിത്രങ്ങളിലെ നായികയായ കാര്‍ത്തികയും ചിത്രങ്ങളും കൊളാഷും ഒരുക്കി പ്രദര്‍ശനത്തിന്റെ ഭാഗമായി.മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി തോമസ്, ചലച്ചിത്രതാരം വിനയ് ഫോര്‍ട്ട്, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍, സ്പീക്കര്‍ എം.ബി രാജേഷ് തുടങ്ങി പ്രഗത്ഭരുടെ ഒരു നീണ്ട നിര തന്നെ ഈ പ്രദര്‍ശനം കാണാന്‍ എത്തി. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 18 ന് ആരംഭിച്ച പ്രദര്‍ശനം കോവിഡ് കാരണങ്ങളാല്‍ ഇടയ്ക്ക് നിര്‍ത്തി വെച്ചിരുന്നു. ആഗസ്റ്റില്‍ പുനഃരാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *