മണ്ണിലേക്കിറങ്ങി വന്ന താരങ്ങൾ ഷാജിപട്ടിക്കര എഴുതുന്നു.

മലയാള സിനിമയിലെ രണ്ട് അഭിമാനതാരങ്ങളാണ് ജോജു ജോർജ്ജും, ടൊവിനോ തോമസും.

ഇരുവരും വളരെ കഷ്ടപ്പെട്ട്, സിനിമയുടെ വിശാല ലോകത്ത് തന്‍റേ തായ ഇടം കണ്ടെത്തിയവരാണ്. അതുകൊണ്ടുതന്നെ മാനുഷിക മൂല്യങ്ങൾ കൈമോശം വന്നിട്ടില്ലാത്തവരുമാണ്.

കഴിഞ്ഞ രണ്ട് പ്രളയകാലത്തും, ദുരിതമനുഭവിക്കുന്നവരുടെ ഇടയിലേക്കിറങ്ങിച്ചെന്ന് സേവന പ്രവർത്തനങ്ങൾ നടത്തിയ ഇവരെ നമ്മൾ കണ്ടിരുന്നു. ഇവരുടെ നന്മയെ അന്നേ നമ്മൾ തിരിച്ചറിഞ്ഞിരുന്നു.

ഇപ്പോൾ ഈ കൊറോണക്കാലത്തും തങ്ങളാലാവുന്ന സഹായങ്ങളുമായി ഇരുവരും മുന്നിൽ തന്നെയുണ്ടായിരുന്നു.
സ്വന്തം തൊഴിൽ മേഖലയുൾപ്പെടെ അരക്ഷിതാവസ്ഥയിലാണെന്ന തിരിച്ചറിവിലും, മറ്റുള്ളവരുടെ വിശപ്പകറ്റാനും, വീണു പോയവർക്ക് താങ്ങൊരുക്കാനും ഇരുവരുമുണ്ടായിരുന്നു.
ഇരുവരുടെയും പ്രവർത്തനങ്ങളെ മലയാളികൾ ഒന്നടങ്കം അംഗീകരിക്കുകയും ചെയ്തിരുന്നു. തീർച്ചയായും പ്രശംസനീയം തന്നെ.

ഇപ്പോഴിതാ മാതൃകാപരമായ മറ്റൊരു തീരുമാനവുമായി ഇരുവരും വീണ്ടും ശ്രദ്ധ നേടുകയാണ്. ജീവിതം വഴിമുട്ടി നിൽക്കുന്ന ഈ സാഹചര്യത്തിൽ പാടേ നിലച്ചുപോയ തൊഴിൽ മേഖലയാണ് സിനിമ.

ഒട്ടനവധി കുടുംബങ്ങളാണ് പട്ടിണിയിലായിപ്പോയത്.
മരുന്നു വാങ്ങാൻ പോലും കഷ്ടപ്പെടുന്ന നിരവധിപ്പേരുണ്ട്. അവർക്കൊക്കെ ആശ്വാസം പകരുന്നതായിരുന്നു നിയന്ത്രണങ്ങളോടെയാണെങ്കിലും ചിത്രീകരണം തുടങ്ങാനുള്ള അനുമതി.


ലൊക്കേഷനിലെ അംഗസംഖ്യ കുറയുമെങ്കിലും, കുറച്ച് പേർക്കെങ്കിലും തൊഴിലിടങ്ങളിലേക്ക് തിരിച്ചുവരാൻ ആ തീരുമാനം വഴിവച്ചു. പക്ഷേ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്ത് വൻ മുതൽ മുടക്കിൽ ചിത്രങ്ങളെടുക്കുക എന്നത് നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ പോലുമാവാത്ത കാര്യമാണ്.

താരങ്ങളുടെ ഉയർന്ന പ്രതിഫലമാണ് പ്രധാനം.അതുകൊണ്ടുതന്നെ പ്രതിഫലം കുറയ്ക്കണം എന്ന് നിർമ്മാതാക്കളുടെ സംഘടന താരങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ആ അഭ്യർത്ഥന ശിരസ്സാ വഹിച്ച്, മാതൃകാപരമായ തീരുമാനമാണ് ഇപ്പോൾ ജോജുവിൻ്റേയും, ടൊവിനോയുടെയും ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

ജോജു തന്‍റെ പ്രതിഫലത്തിൽ നിന്നും ഇരുപത് ലക്ഷം രൂപയോളം വെട്ടിക്കുറച്ചപ്പോൾ,
ചിത്രം റിലീസ് ചെയ്തതിന് ശേഷം തൻ്റെ പ്രതിഫലം തന്നാൽ മതി എന്ന നിലപാടിലാണ് ടൊവിനോ.

എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഈ തീരുമാനത്തെ.
പാടേ നിലച്ചുപോയ ഒരു തൊഴിൽ മേഖല ചലിച്ചു തുടങ്ങുമ്പോൾ അതിന് ഒരു കൈത്താങ്ങാണ് അവരുടെ ഈ തീരുമാനം.

സിനിമാ മേഖലയ്ക്ക് ആകെ ഉണർവ്വേകുന്ന ഈ തീരുമാനം മറ്റുള്ളവർ കൂടി മാതൃകയാക്കിയിരുന്നുവെങ്കിൽ പഴയതിനേക്കാൾ ശക്തമായി ഈ തൊഴിൽ മേഖലയും സജീവമാകും എന്ന കാര്യത്തിൽ സംശയമേയില്ല.

ഷാജി പട്ടിക്കര.

Leave a Reply

Your email address will not be published. Required fields are marked *