‘വയനാട്ടിലെ അത്ഭുതം’ മാനിക്കാവ് ശിവൻ ക്ഷേത്രം

       6000 വർഷത്തിലധികം പഴക്കം കല്‍പ്പിക്കപ്പെടുന്ന ,,,വയനാട് ജില്ലയിൽ ചൂതുപാറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മാനികാവ് ക്ഷേത്രത്തിൽ സ്വാഭാവികമായി രൂപപ്പെട്ട ശിവലിംഗമാണുള്ളത്.മഹാമുനി കാവായി അറിയപ്പെട്ടിരുന്ന ഈ സ്ഥലം കാലാന്തരങ്ങളിൽ  ' 'മാനിക്കാവാ' യി മാറുകയായിരുന്നു.

ക്ഷേത്രത്തിന്റെ കിഴക്കു വശത്തുള്ള കാടിന്റെ ഉൾഭാഗത്ത് നിന്നും വരുന്ന തീർഥ ജലപ്രവാഹം സ്വയംഭൂ ലിംഗത്തെ സദാസമയവും അഭിഷേകം ചെയ്യുന്നു. ഈ ജലപ്രവാഹം വർഷങ്ങളായി നിലക്കാതെ പ്രവഹിക്കുന്നതാണെന്നാണ് വിശ്വാസം.

1986-ലെ കടുത്ത വരൾച്ചയിൽ പോലും ജലപ്രവാഹത്തിന് യാതൊരു മുടക്കവുമുണ്ടായില്ലെന്ന് പഴമക്കാർ പറയുന്നു. മഴക്കാലത്തും കുത്തൊഴുക്കുകളില്ലാതെ തെളിമയാർന്ന ജലമാണ് ശിവലിംഗത്തിൽ പതിക്കുക. അഭിഷേകശേഷം ഈ ജലം കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി സമീപവാസികൾ ഉപയോഗിക്കുന്നുണ്ട്. മുപ്പതേക്കർ കാടിനോടു ചേർന്നാണു ക്ഷേത്രം.
കാടിനുള്ളിൽ അഞ്ചേക്കർ ചതുപ്പാണ്.കാത്തുസൂക്ഷിക്കുന്നതിനുള്ള സമ്മാനമായി കാട് തിരികെ നൽകുന്നത് ഏതു വേനലിലും വറ്റാത്ത അരുവി. ഈ അരുവിയിലെ വെള്ളം ചെറിയ പാത്തിയിലൂടെ ശ്രീകോവിലിലേക്ക് ഒഴുകി പുറത്തേക്കു പോകുന്നു. ഈ ജലപ്രവാഹം ഇതുവരെ മുറിഞ്ഞതായി പഴമക്കാർക്കു പോലും ഓർമയില്ല.


മാനികാവ് സ്ഥിതിചെയ്യുന്ന ചുതുപാറയിലും പരിസരത്തും വെള്ളത്തിന് ഇതുവരെ ക്ഷാമം ഉണ്ടായിട്ടില്ല .ഔഷധഗുണമുള്ളതും അപൂർവങ്ങളുമായ മൂവായിരത്തോളം വൃക്ഷത്തൈകൾ ക്ഷേത്രത്തോടു ചേർന്നു വച്ചുപിടിപ്പിച്ചിട്ടുണ്ട്.ഭാരതത്തിലെതന്നെ സുപ്രധാന സ്വയംഭൂ ശിവലിംഗങ്ങളിലൊന്നാണ് ഇവിടെയുള്ളതെന്ന് ഹരിദ്വാറിൽ നിന്നും ഹിമാലയത്തിൽ നിന്നുമുള്ള സന്യാസിവര്യന്മാർ സ്ഥിരീകരിച്ചിട്ടുണ്ട്.ജലപ്രവാഹത്തെകുറിച്ച്‌ പഠിക്കുന്നതിനും ക്ഷേത്രസംബന്ധമായ വിവരങ്ങൾ ശേഖരിച്ച്‌ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുമായി യുനെസ്കോ സംഘം വൈകാതെ ക്ഷേത്രം സന്ദര്‍ശിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.


മഹാമുനിമാരുടെ നിരന്തരമായ തപസുകൊണ്ട് സംപ്രീതനായ മഹാദേവൻ പശ്ചിമഘട്ടത്തിലെ ഈ കാനനമധ്യത്തിൽ ഗംഗയോടൊത്ത് സ്വയംഭൂവായി അവതരിച്ചു എന്നാണ് ഐതീഹ്യം.

Leave a Reply

Your email address will not be published. Required fields are marked *