“RRR”ചിത്രത്തിന്റെ ട്രെയിലർ പുറത്ത്; ബാഹുബലിയേക്കാള്‍ മികച്ച ചിത്രമായിരിക്കുമെന്ന് പ്രേക്ഷകപ്രതികരണം
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് RRR (രുധിരം, രണം, രൗദ്രം ) എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.ബാഹുബലിയേക്കാൾ മികച്ച ഒരു ചിത്രമായിരിക്കുമെന്നാണ് ട്രെയിലർ കണ്ടതിനുശേഷം സിനിമാപ്രേമികൾ പറയുന്നത്. നിരവധി മാസ്സ് രംഗങ്ങൾ കൊണ്ട് കോർത്തിണക്കിയ ട്രെയിലർ കാണികളിൽ ആകാംക്ഷ ജനിപ്പിക്കുന്നു. ഒപ്പം തെലുങ്കാനയിലെ ആദിവാസി ജനങ്ങളുടെ പോരാട്ടത്തിന്റെ കഥ പറയുന്നതുകൊണ്ട് തന്നെ ഓരോ രംഗങ്ങളും നമ്മെ വൈകാരികമായി സ്പർശിക്കുന്നുണ്ട്.
ബാഹുബലിക്ക് ശേഷം രാജമൗലി യുടെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് RRR. 450 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ രാംചരണും ജൂനിയർ എൻ ടി ആറുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.1920 കളിൽ തെലുങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അല്ലൂരി സീതരാമ രാജു, കൊമരം ഭിം എന്നീ സ്വാതന്ത്ര്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.അല്ലൂരി സീതാരാമ രാജുവായി രാംചരണും കൊമരം ഭിംമായി ജൂനിയർ എൻടി ആറും വേഷമിടുന്നു. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, തമിഴ് നടൻ സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു .
ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയഭട്ട് അവതരിപ്പിച്ചിരിക്കുന്നത്. രാംചരണിന്റെ നായികയായിട്ടാണ് ആലിയഭട്ട് വരുന്നത്. പ്രശസ്ത ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജർ ജോൺസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റിലീസിന് മുൻപ് തന്നെ 325 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയതെന്ന് അണിയറപ്രവർത്തകർ പറയുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി,കന്നഡ,മലയാളം എന്നീ ഭാഷകൾക്ക് പുറമേ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. ചായാഗ്രഹണം : കെ.കെ സെന്തിൽ കുമാർ, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൽ, കഥ : വി. വിജയേന്ദ്ര പ്രസാദ്, സംഗീതം : കീരവാണി, വിഎഫ്എക്സ് വി : ശ്രീനിവാസ് മോഹൻ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കോസ്റ്റ്യൂം : രാമ രാജമൗലി, നിർമ്മാണം :ഡിവിവി ദാനയ്യ. 2022 ജനുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.