വാക്സിൻ പേടി: ആരോഗ്യ പ്രവർത്തകരുടെ കണ്ണ് വെട്ടിച്ച് പെൺകുട്ടി മരത്തിൽ കയറി
രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്സിൻ നൽകി കോവിഡിൽ നിന്നും അവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവണ്മെന്റും ആരോഗ്യ മേഖലയും പ്രവർത്തിക്കുന്നത്. പലയിടങ്ങളിലും ആരോഗ്യപ്രവർത്തകർ വളരെ പണിപ്പെട്ടാണ് വാക്സിൻ നൽകിവരുന്നത്. ഇപ്പോഴിതാ വാക്സിൻ എടുക്കുന്ന പേടിയിൽ മരത്തിൽ കയറിയ പെൺകുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മദ്ധ്യപ്രദേശിലെ ഛത്തർപൂരിൽ നിന്നാണ് വീഡിയോ പകർത്തപ്പെട്ടിരിക്കുന്നത്.
വാക്സിൻ നൽകാനായി ആരോഗ്യപ്രവർത്തകർ എത്തിയപ്പോൾ അവരുടെ കണ്ണിൽ നിന്നും രക്ഷപ്പെടാനായി മരത്തിൽ കയറി ഇരിക്കുന്ന പെൺകുട്ടിയാണ് വീഡിയോയിൽ. പതിനെട്ട് വയസ്സാണ് പെൺകുട്ടിയുടെ പ്രായം. എന്നാൽ ഇവരുടെ പിറകെ വാക്സിൻ സിറിഞ്ചുമായി വരുന്ന ആരോഗ്യപ്രവർത്തകരേയും വീഡിയോയിൽ കാണാം. വാക്സിനേക്കുറിച്ച് കൃത്യമായ അവബോധം ജനങ്ങളിൽ നൽകിയട്ടില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കോവിഡിന്റെ മൂന്നാം തരംഗമാണ് രാജ്യത്ത് ഇപ്പോൾ. പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നു. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസും നൽകാൻ തുടങ്ങിയിട്ടുണ്ട്. ആകെ ജനസംഖ്യയുടെ പകുതിയിലധികം പേരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു എന്നാണ് ഔദ്യോഗിക കണക്ക്. അപ്പോഴും ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്തവരും രാജ്യത്ത് ഉണ്ട്.