കണ്‍മണിയുടെ ജയത്തിന് തിളക്കമേറെ
ജന്മനാ കൈകളില്ല.. ഇല്ലാത്ത കഴിവിനെ കുറിച്ച് വേദനിച്ച് സമയം കളയാനൊന്നും കണ്‍മണിക്ക് നേരമില്ല. അവള്‍ തനിക്കാവും വിധം കഠിനമായി പരിശ്രമിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ വിജയം കണ്‍മണിയെ തേടിയെത്തുക തന്നെ ചെയ്തു.വൈകല്യങ്ങൾ ഒരു കുറവല്ലെന്ന് തെളിയിച്ച കൺമണിക്ക് കേരള സർവകലാശാലയുടെ ബാച്ച്‌ലർ ഓഫ് പെർഫോമിങ് ആർട്‌സിൽ (വോക്കൽ- ശാസ്‌ത്രീയ സംഗീതം) ഒന്നാം റാങ്ക്.
മാവേലിക്കര അറുന്നൂറ്റിമംഗലം അഷ്‌ടപദിയിൽ ശശികുമാറിന്റെയും രേഖയുടെയും മകളായ കൺമണി തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിലെ വിദ്യാർഥിനിയാണ്.
ജന്മനാ ഇരുകൈകളുമില്ലാത്ത കൺമണി പൂർണ വളർച്ചയില്ലാത്ത കാലുകൾ കൊണ്ട് ചിത്രം വരച്ചും പാട്ടു പാടിയും സമൂഹത്തിന്‍റെ അഭിനന്ദനം നേടിയിരുന്നു.. കാലുകൾ കൊണ്ടു ചിത്രം വരയ്ക്കാൻ മാത്രമല്ല സാധിക്കുക എന്നു നെറ്റിപ്പട്ടം നിർമിക്കാനും കഴിയുമെന്ന് കൺമണി തെളിയിച്ചു. പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അധ്യാപികയാണ് കൺമണിയിലെ കലാകാരിയെ തിരിച്ചറിഞ്ഞത്. കലോത്സവ വേദികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സമ്മാനങ്ങൾ വാരിക്കൂട്ടി.രാജ്യത്തിനകത്തും പുറത്തുമായി 500ലേറെ വേദികളിൽ സംഗീതക്കച്ചേരി അവതരിപ്പിച്ചും താൻ വരച്ച അഞ്ഞൂറിലേറെ ചിത്രങ്ങളുമായി പ്രദർശനം നടത്തിയും സിനിമയിൽ അഭിനയിച്ചും ശ്രദ്ധ നേടി.
ഡൽഹിയിൽ പാർലമെന്റ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരായ പ്രതിഭകളുടെ ദിവ്യകലാശക്തി പരിപാടിയിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ഒരേയൊരാൾ കൺമണിയാണ്. 2019 ൽ കേന്ദ്ര സർക്കാരിന്റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്‌കാരം രാഷ്‌ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി..
ശ്രീദേവ് രാജഗോപാൽ, വർക്കല സി. എസ്. ജയറാം, വീണ ചന്ദ്രൻ, പ്രിയംവദ എന്നിവരുടെ കീഴിലും കണ്‍മണി സംഗീതം അഭ്യസിക്കുന്നുണ്ട്..സ്വാതിതിരുനാൾ കോളേജിൽ തന്നെ ശാസ്‌ത്രീയ സംഗീതത്തിൽ എം.എ എടുക്കുക എന്നതാണ് തന്‍റെ അടുത്ത ലക്ഷ്യമെന്നും കൺമണി പറഞ്ഞു. മറ്റുള്ളവര്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്നതിനായി താന്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും ചിത്രീകരിച്ച് യൂട്യൂബില്‍ വീഡിയോയും ഇടാറുണ്ട്.
മണികണ്ഠനാണ് സഹോദരൻ