കേസ്കൊടുക്കില്ല ലാഭം കിട്ടിയത് എനിക്ക്;ഔസേപ്പച്ചന്‍.
മമ്മൂട്ടിയുടെ പഴയ സിനിമ കാതോട് കാതോരത്തിലെ പാട്ടിന് ചാക്കോച്ചന്‍ ചുവടുവെച്ചത് വൈറലായിരുന്നു.കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലാണ് ദേവദൂതര്‍ പാടി എന്ന പാട്ട് റിമേക്ക് ചെയ്തത്..ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ വേറിട്ട ഗെറ്റപ്പും അഭിനയ രീതിയുമെല്ലാം ശ്രദ്ധേയമായിരുന്നു.
ഒ.എന്‍.വി കുറുപ്പിന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഒറിജിനല്‍ പാട്ടിന് ഈണം നല്‍കിയത്. പാട്ടിന്റെ പേരില്‍ താന്‍ കേസ് കൊടുക്കില്ലെന്നും സത്യത്തില്‍ ലാഭം കിട്ടിയത് തനിക്കാണെന്നും പറയുകയാണ് ഔസേപ്പച്ചന്‍.
ഔസേപ്പച്ചന്റെ വാക്കുകൾ ഇങ്ങനെ
‘എന്തായാലും പടത്തിന്റെ പേര് പോലെ കേസ് കൊടുക്കാന്‍ ഞാന്‍ ഇല്ല. പാട്ട് വീണ്ടും ഉപയോഗിച്ചു. വളരെ നല്ല രീതിയില്‍ ജനങ്ങളിലേക്ക് എത്തിച്ചത് നന്ദിയോടെയാണ് ഞാന്‍ ഓര്‍ക്കുന്നത്. 1985ലാണ് പാട്ട് റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്. അന്ന് പില്‍ക്കാലത്ത് ലെജന്‍സായി മാറിയ ഒരുപാട് സംഗീതജ്ഞര്‍ അതിന്റെ പുറകില്‍ ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. അന്ന് ഞങ്ങള്‍ അത് എ.വി.എമില്‍ വച്ച് റെക്കോര്‍ഡ് ചെയ്യുന്നത് 50ഓളം ഓര്‍ക്കസ്ട്ര വച്ചിട്ടാണ്.
റെക്കോഡ് ചെയ്തു കഴിഞ്ഞപ്പോള്‍ തന്നെ പാട്ട് എല്ലാവര്‍ക്കും ഇഷ്ടമായി. ദാസേട്ടനാണ് പാട്ട് പാടിയിരിക്കുന്നത്. അതുകഴിഞ്ഞു ഷൂട്ട് ഒക്കെ കഴിഞ്ഞതിന് ശേഷം ഭരതേട്ടന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു നമുക്ക് ഒരിക്കല്‍ കൂടി ആ പാട്ട് റെക്കോര്‍ഡ് ചെയ്യണമെന്ന്. അദ്ദേഹത്തിന്റെ സിനിമക്ക് അനുസരിച്ചുള്ള പാട്ടിന് വേണ്ടി അത് മാറ്റി ചിന്തിച്ചതായിരിക്കാം, നമുക്കറിയില്ലല്ലോ. ഭരതേട്ടന്റെ അപാരമായ കഥപറച്ചിലിലൂടെ ആ പാട്ട് ജനങ്ങളുടെ ഹൃദയത്തിലേക്ക് കയറി. ഈ പാട്ട് ഹിറ്റായി. പക്ഷെ ഇന്നിപ്പോള്‍ ആ പാട്ട് ഒരു ഗാനമേള മൂഡില്‍ ഒന്നും തന്നെ മാറ്റാതെ വളരെ വൃത്തിയായി ഒരു നോട്ടും തെറ്റാതെ ചെയ്തിട്ടുണ്ട്. ബിജു നാരായണന്‍ നന്നായി പാടി.
ഡാന്‍സ് എന്തുമായിക്കൊള്ളട്ടെ, ഉത്സവപ്പറമ്പില്‍ ആഘോഷിക്കാന്‍ വന്ന ഒരു വ്യക്തി തന്റെ മനസിലെ താളവും ഭാവവും വച്ച് അതില്‍ ആസ്വദിച്ച് ഡാന്‍സ് ചെയ്തു. നന്നായി ഡാന്‍സ് ചെയ്യുന്നവര്‍ക്ക് ചാക്കോച്ചന്‍ ചെയ്യുന്നത് പോലെ ചെയ്യാന്‍ പറ്റില്ല. നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഒരു താളബോധമുണ്ട്. എന്നാല്‍ കുടിച്ചുകഴിയുമ്പോള്‍ ഈ താളം വളരെ പതിയെ ആകും. അത് ശരീര ഭാഷയില്‍ ചാക്കോച്ചന്‍ ഗംഭീരമായി ചെയ്തു. പാട്ട് വളരെ സത്യസന്ധമായാണ് ചെയ്തിരിക്കുന്നത്.”