വെറ്റിലകൃഷി
കുറഞ്ഞ മുതല്‍ മുടക്കില്‍ ലാഭം നേടാവുന്ന കൃഷിയാണ് വെറ്റിലകൃഷി. ഇല രൂപത്തില്‍ ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനം വെറ്റില.പുരാതനകാലം മുതല്‍ക്കു തന്നെ ഇന്ത്യയില്‍ കൃഷി ചെയ്തു വരുന്ന ഒരു വിളയാണിത്. ‘പൈപ്പെറേസീ’ കുടുംബത്തില്‍പ്പെട്ട വെറ്റില ഔഷധമൂല്യമുള്ള ഒരു വള്ളിച്ചെടിയാണ്. വെറ്റിലയുടെ ഇല മുറുക്കാന്‍, പാന്‍ എന്നിവയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നു. വെറ്റിലയിനങ്ങള്‍ പലതരത്തില്‍ ഉണ്ട്. മുറുക്കാന്‍ മാത്രമല്ല ഔഷധ നിര്‍മ്മാണത്തിനും വെറ്റില ഉപയോഗിക്കുന്നു. ശ്വാസകോശ സംബന്ധമായ തകരാറുകള്‍ക്ക് വെറ്റില നല്ലൊരു ഔഷധമാണ്. പ്രമേഹത്തെ പ്രതിരോധിക്കാനുള്ള കഴിവ് വെറ്റിലയ്ക്ക് ഉണ്ടന്നാണ് പഠനങ്ങള്‍ പറയുന്നത്. ശക്തമായ തലവേദനയ്ക്ക് വെറ്റില ഔഷധമായി ഉപയോഗിക്കുന്നു. വെറ്റിലനീരും ശുദ്ധീകരിച്ച വെളിച്ചെണ്ണ പോലുള്ള ഏതെങ്കിലും എണ്ണ ചേര്‍ത്ത് പുരട്ടുന്നത് നടുവേദനയ്ക്ക ആശ്വാസം നല്‍കുന്നു.
ഈ ചെടിയുടെ ജډദേശം മലയായും സിംഗപ്പൂരുമാണ്. ഇന്ത്യയില്‍ ഉഷ്ണമേഖലാപ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും കൃഷിചെയ്തു വരുന്നു. കേരളത്തില്‍ ഉള്‍നാടന്‍ പ്രദേശങ്ങളിലാണ് ഇതിന്‍റെ കൃഷി കൂടുതലായി കണ്ടുവരുന്നത്. ഉയര്‍ന്ന കരപ്പാടങ്ങളിലും, താഴ്ന്ന സ്ഥലങ്ങളിലും ഇത് വളര്‍ത്താം. അടയ്ക്കാത്തോട്ടങ്ങളിലും, തെങ്ങിന്‍ തോപ്പുകളിലും, ഇടവിളയായാണ് ഇത് സാധാരണ കൃഷിചെയ്തുവരുന്നത്. മെയ് ജൂണ്‍മാസത്തിലും (ഇടവക്കൊടി) ഓഗസ്റ്റ് സെപ്തംബര്‍ മാസത്തിലും (തുലാക്കൊടി) എങ്ങനെയാണ് വെറ്റില കൃഷി ചെയ്യുന്നത്.
വെറ്റില കൃഷിചെയ്യുന്ന രീതി രാജി എന്ന വീട്ടമ്മ നമുക്ക് പരിചയപ്പെടുത്തുന്നു. ആദ്യമായി നമ്മള്‍ വെറ്റില ചെടി നടുവാനായി അനുയോജ്യമായ സ്ഥലം കണ്ടെത്തണം. നല്ല സൂര്യപ്രകാശം കിട്ടുന്നിടത്തായിരിക്കണം വെറ്റിലകൃഷിചെയ്യേണ്ടത്. വെറ്റില തൈയുടെ എണ്ണത്തിന് അനുസരിച്ച് തടം കോരുക തടങ്ങള്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലമുണ്ടായിയിക്കും. കാല്‍മുട്ടിനോപ്പം ആഴവും കാണും. തടത്തിന്‍റെ വക്കുകള്‍ മഴവെള്ളം തടത്തില്‍ ഒലിച്ചു പോവാതിരിക്കാന്‍ ചതുക്കുകള്‍ ഉണ്ടാക്കി ‘നിലം തല്ലി’ കൊണ്ട് അടിച്ചുറപ്പിച്ചിരിക്കും.
പടര്‍ന്നു കയറുന്ന വള്ളിചെടിയായതുകൊണ്ടുതന്നെ വെറ്റില പറിക്കാനുള്ള സൗകര്യത്തിനുവേണ്ടി ഇവയെ അധികം ഉയരത്തിലേക്ക് പടര്‍ത്താറില്ല. ഏറിയാല്‍ ഒരു ഏണിപ്പാട് (ഒരു മുളയുടെ ഏണിയുടെ നീളം അതായത് ഏകദേശം ആറേഴു മീറ്റര്‍). ഇളംകൊടിയിലെയോ മുതുകൊടിയിലെയോ താഴേക്കു തൂങ്ങിനില്‍ക്കുന്ന നിലതെത്തെത്താറായ ആരോഗ്യമുള്ള തണ്ടുകള്‍ മുകളില്‍വെച്ചു മുറിച്ചെടുത്ത് വെറ്റിലകള്‍ നുള്ളിക്കളഞ്ഞ് 5 മുട്ടുകള്‍ വീതമുള്ള കഷണങ്ങളാക്കി അതിന്‍റെ 3 മുട്ടുകള്‍ മണ്ണിനടിയിലും 2 മുട്ടുകള്‍ മണ്ണിനു പുറത്തുമായിട്ടാണ് ഇവ നടാറ്. ഒരു തടത്തില്‍ നാല് തണ്ടുകള്‍ വീതം. നട്ടുകഴിഞ്ഞാല്‍ തടത്തില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്താന്‍ മൂന്നുനേരം നനച്ചുകൊടുക്കണം. പത്തുപതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ തളിര്‍ വരാന്‍ തുടങ്ങും. തടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കരുത് . പടരാന്‍ വേണ്ടി ഒരാള്‍ പൊക്കത്തില്‍ ഉള്ള അധികം വണ്ണം ഇല്ലാത്ത മുളക്കഷണങ്ങള്‍ കുത്തിക്കൊടുക്കണം.
ജൈവവള പ്രയോഗമാണ് വെറ്റിലയ്ക്ക് നടത്തേണ്ടത്. ചാണകവും പച്ചിലയും കടലപിണ്ണാക്കുമാണ് വെറ്റിലയ്ക്ക് ഇടുന്ന വളങ്ങള്‍. സാധാരണയായി രണ്ടുതരത്തിലാണ് കൃഷി ചെയ്തുവരുന്നത്. കൂട്ടകൊടി, കവുങ്ങുമേല്‍ കൊടി. അടയ്ക്കാമരത്തില്‍ കൃഷിചെയ്യുന്നതിനെയാണ് കവുങ്ങ്മേല്‍ കൊടി എന്നു പറയുന്നത്. വെറ്റിലകൃഷി വീടിന് ഐശ്വര്യം നല്‍കുമന്നാണ് കര്‍ഷകര്‍ പറയുന്നത്. ചെറിയ തളിരിലകള്‍ വരാന്‍ തുടങ്ങിയാല്‍ ചാണകം കലക്കി ഒഴിച്ചുകൊടുക്കണം.രണ്ടു മാസം കൂടുമ്പോഴെങ്കിലും പച്ചിലകളും ചാണകവും ഇട്ടുകോടുക്കണം.ചെടി വലുതായാല്‍ ദിവസവും രാവിലെയും വൈകുന്നേരവും നനച്ചുകൊടുക്കണം.ശരിയായി പരിപാലിച്ചാല്‍ നല്ല സാമ്പത്തിക ലാഭം നേടിത്തരുന്ന കൃഷിയാണ് വെറ്റില.