‘ചര്‍മ്മം പട്ട്പോലെ ‘; വീട്ടില്‍ തയ്യാറാക്കാം ഫേസ്മിസ്റ്റ്
ചർമം ഹൈഡ്രേറ്റ് ചെയ്യാനും ഫ്രഷ് ആക്കാനുമുള്ള മാര്‍ഗ്ഗമാണ് ഫെയ്സ് മിസ്റ്റ്. –ചർമത്തിന്റെ എനർജി ബൂസ്റ്റർ എന്ന് പറയുന്നതില്‍ തെറ്റില്ലെന്നാണ് ബ്യൂട്ടിസെപെഷ്യലിസ്റ്റുകളുടെ അഭിപ്രായം.
വിവിധ ബ്രാൻഡുകളുടെ ഫെയ്സ് മിസ്റ്റുകൾ വിപണിയിൽ ലഭ്യമാണെങ്കിലും കെമിക്കലുകൾ ഒഴിവാക്കി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഇവ തയാറാക്കാം. ഒരു സ്പ്രേയിങ് ബോട്ടിൽ മാത്രം കരുതിയാൽ മതി. ഫ്രിജിൽ സൂക്ഷിച്ചാൽ 10 ദിവസം വരെ കേടുകൂടാതെ ഉപയോഗിക്കാം.
കോക്കനട്ട് ആൻഡ് അലോ മിസ്റ്റ്
ചർമത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കുന്ന സൈറ്റോകൈനിൻ തേങ്ങാവെള്ളത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലാത്തരം ചർമത്തിനും യോജിച്ചതാണ് അലോവേര. തുല്യ അളവിൽ തേങ്ങാവെള്ളവും അലോവേര ജെല്ലും ഒരു ടേബിൾ സ്പൂൺ ആൽമണ്ട് ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് സ്പ്രേയിങ് ബോട്ടിലേക്കു മാറ്റി ഉപയോഗിക്കാം.
കുക്കുംബർ മിസ്റ്റ്
ചർമത്തിന് ഫ്രഷ്നസ് നൽകുന്നതിൽ പ്രസിദ്ധമാണ് വെള്ളരിക്ക. ഒരു വെള്ളരിക്ക തൊലി കളഞ്ഞ് അൽപം വെള്ളം ചേർത്ത് അരെച്ചടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ നാരങ്ങാ നീരും ഒരു ടീസ്പൂൺ ആലോവേര ജെല്ലും ആവശ്യത്തിന് റോസ് വാട്ടറും ചേർത്ത് നന്നായി യോജിപ്പിക്കുക.
വരണ്ട ചർമമുള്ളവർക്ക് നാരങ്ങാ നീര് ഒഴിവാക്കാം. വെള്ളരിക്ക ജ്യൂസ് മാത്രമായി ഉപയോഗിക്കുന്നതും ഫലം നൽകും