ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ… മോഹന്‍ലാലിന് അറുപത്തിമൂന്നാം പിറന്നാള്‍

ഇന്ന് മെയ്യ് 21 അഭിനയകുലപതി മോഹന്‍ലാലിന് അറുപത്തി മൂന്നാം പിറന്നാള്‍. ഒരു കള്ളച്ചിരിയുമായെത്തി തോളുചരിച്ച് അദ്ദേഹം മലയാളത്തിന്‍റെ പ്രീയ നടനായി നടന്നുകയറിയത് വളരെവേഗമായിരുന്നു. വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് എഴുത്തുകാരനും സംവിധായകനും സങ്കല്പിച്ചതിനപ്പുറത്തേക്ക് കഥാപാത്രമായി ഇഴുകിചേര്‍ന്ന് അഭിനയിച്ച് ഫലിപ്പിക്കാന്‍ മോഹന്‍ലാലതിന് അനായാസം സാധിക്കും.

തന്‍റെ ആദ്യ സിനിമ തിരനോട്ടത്തിലൂടെ വന്ന് മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി ആദ്ദേഹം മാറുകയായിരുന്നു . രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി.

1960 മേയ് 21 ന് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായി മോഹൻലാൽ ജനിച്ചു. മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്ത് മുടവൻമുഗളിലെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം.

സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഭാരത് സിനി ഗ്രൂപ്പ് എന്ന നിർമ്മാണകമ്പനിയുടെ ‘തിരനോട്ടം’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. 1978ൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഒരു ഹാസ്യവേഷമായിരുന്നു മോഹൻലാൽ കൈകാര്യം ചെയ്തത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ ചിത്രം റിലീസ് ചെയ്തില്ല. 1980ൽ ലാലിന്റെ ഇരുപതാമത്തെ വയസിൽ പുറത്തിറങ്ങിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രം മോഹൻലാലിന്റെ ജീവിതഗതി മാറ്റിമറിച്ചു. തുടർന്നങ്ങോട്ട് മോഹൻലാലിന്റെ ജൈത്രയാത്ര തുടരുകയായിരുന്നു. 1983 ൽ ഇരുപത്തിയഞ്ചോളം പടങ്ങളിലാണ് മോഹൻലാൽ അഭിനയിച്ചത്. വില്ലനായി വന്ന ലാൽ പിന്നീട് നായകനായി മാറുകയായിരുന്നു.

മലയാളസിനിമയുടെ സുവർണകാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്ന എൺപതുകളും തൊണ്ണൂറുകളും മോഹൻലാൽ എന്ന താരത്തിന്റെ കരിയറിലെയും ശ്രദ്ധേയ വർഷമാണ്. സത്യൻ അന്തിക്കാട്, ലോഹിതദാസ്, സിബിമലയിൽ, ശ്രീനിവാസൻ, ഫാസിൽ, ഐ വി ശശി എന്നിങ്ങനെ അക്കാലത്തെ മികച്ച സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കുമൊപ്പം മോഹൻലാൽ ഒന്നിച്ചപ്പോൾ പിറന്നത് മലയാളി എന്നും ഓർത്തിരിക്കുന്ന അതിമനോഹരമായ ഒരുപിടി ചിത്രങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *