വീണ്ടും മനം കവര്‍ന്ന് അർ‍ജുനും ശ്രീതുവും

ട്രെന്‍റിംഗ് ലിസ്റ്റില്‍ ഇടം പിടിച്ച് ‘മദ്രാസ് മലർ’

ബിഗ് ബോസ് താരങ്ങളായ അർ‍ജുനും ശ്രീതുവും പ്രധാന വേഷങ്ങളിലെത്തിയ ‘മദ്രാസ് മലർ’ തമിഴ് മ്യൂസിക്കൽ ഷോർട് ഫിലിം സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നു. സിനിമയെ വെല്ലുന്ന രീതിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന വീഡിയോ യൂട്യൂബിൽ പുറത്തിറങ്ങി 48 മണിക്കൂർ പിന്നിട്ടപ്പോള്‍ തന്നെ ആറര ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചെറിയൊരു ലവ് സ്റ്റോറിയുടെ അകമ്പടിയോടെ മനോഹരമായ രണ്ട് റൊമാന്‍റിക് ഗാനങ്ങളുമായി ഒരുക്കിയിരിക്കുന്ന വീഡിയോ 17 മിനിറ്റോളം ദൈർഘ്യമുള്ളതാണ്. മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയായിരുന്നു ‘മദ്രാസ് മലർ’ സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കിയത്. സിനിമാ രംഗത്ത് ഉള്ളവരടക്കം നിരവധിപേരാണ് ‘മദ്രാസ് മലർ’ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഒറ്റ ദിവസം കൊണ്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരിക്കുകയാണ് മദ്രാസ് മലർ. ജിസ് ജോയിയുടെ വോയ്സ് ഓവറോടെയാണ് വീഡിയോയുടെ തുടക്കം. അർജുനും ശ്രീതുവിനും പുറമെ തമിഴ് ബിഗ് ബോസ് താരം ആയിഷ സീനത്തും പ്രധാന വേഷത്തിലുണ്ട്. വിനീത് ശ്രീനിവാസൻ, ആര്യ ദയാൽ, അഭിജിത്ത് ദാമോദരൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

മനു ഡാവിഞ്ചി സംവിധാനം ചെയ്തിരിക്കുന്ന മ്യൂസിക്കൽ ഷോർട് ഫിലിമിന്‍റെ സ്ക്രിപ്റ്റ് നടൻ കോട്ടയം പ്രദീപിന്‍റെ മകൻ വിഷ്ണു ശിവപ്രദീപിന്‍റേതാണ്. പയസ് ഹെന്‍റ്രി, വൈശാഖ് രവി എന്നിവരാണ് നിർമ്മാതാക്കള്‍. മുകുന്ദൻ രാമൻ, ടിറ്റോ പി തങ്കച്ചൻ എന്നിവരുടെ വരികള്‍ക്ക് അജിത് മാത്യുവാണ് ഈണം നൽകിയിരിക്കുന്നത്. സിനോജ് പി അയ്യപ്പൻ, ആമോഷ് പുതിയാട്ടിൽ എന്നിവരാണ് ഛായാഗ്രഹണം.

ഒരു സിനിമ കാണുന്ന ഫീൽ ലഭിക്കുന്ന രീതിയിലാണ് മദ്രാസ് മലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിനകം ഇൻസ്റ്റഗ്രാം റീലുകളിലടക്കം ഇതിലെ ഈണങ്ങൾ വൈറലായി കഴിഞ്ഞിട്ടുണ്ട്. റീൽസിൽ ഇതിലെ ഗാനങ്ങൾക്ക് 18 ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടാനായിട്ടുമുണ്ട്. രണ്ടാം ഭാഗവും ഉണ്ടാകും എന്ന രീതിയിലാണ് ഷോർട് ഫിലിം അവസാനിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!