ഗാനങ്ങളുടെ രാജശിൽപി എം.കെ. അർജുനൻ മാസ്റ്റര്‍

നിത്യഹരിത ഗാനങ്ങളുടെ രാജശിൽപി എം.കെ. അർജുനൻ വിടപറഞ്ഞിട്ട് 5 വർഷം

മലയാളിയിൽ പ്രണയം നിറച്ച മലയാള സിനിമാ സംഗീത ലോകത്തിന് അനശ്വരങ്ങളായ നിരവധി ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് എം.കെ.അർജുനൻ.മാധുര്യം നിറഞ്ഞ നിരവധി ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച അർജ്ജുൻ മാസ്റ്റർ, ഇരുനൂറിലധികം ചിത്രങ്ങളിലായി ആയിരത്തിലധികം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.

1936 മാർച്ച് 1ന് ഫോർട്ടു കൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും 14 മക്കളിൽ ഏറ്റവും ഇളയവനായാണ് അർജ്ജുനൻ ജനിക്കുന്നത്. അർജ്ജുനന് 6 മാസം പ്രായമുള്ളപ്പോൾ അച്ഛൻ മരിച്ചു. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു അർജ്ജുനൻ മാസ്റ്ററിന്റേത്. വീട്ടിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അർജ്ജുനനേയും അദ്ദേഹത്തിന്റെ ജേഷ്ഠൻ പ്രഭാകരനേയും അമ്മ പഴനിയിലെ ജീവകാരുണ്യ ആനന്ദാശ്രാമത്തിൽ അയച്ചു. അവിടെ വെച്ച് ആശ്രമാധിപനായ നാരായണസ്വാമിയാണ് അർജ്ജുനന്റെ പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞത്. നാരായണസ്വാമി എർപ്പെടുത്തിയ സംഗീതാധ്യാപകന്റെ കീഴിൽ 7 വർഷം സംഗീതം അഭ്യസിച്ചു. പഴനിയിലെ ആശ്രമത്തിൽ അന്തേവാസികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഫോർട്ടുകൊച്ചിയിലേയ്ക്ക് മടങ്ങി. സംഗീതകച്ചേരികൾ നടത്തിയും കൂലിവേല ചെയ്തും നടന്ന കൗമാരത്തിൽ സംഗീതപഠനം തുടരണമെന്നു മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അതിനു കഴിഞ്ഞില്ല. പകരക്കാരനായാണ് അർജ്ജുൻ ആദ്യമായി നടകത്തിന് സംഗീതം പകരുന്നത്. പള്ളിക്കുറ്റം എന്ന നാടകത്തിന് സംഗീതം പകർന്നുകൊണ്ടാണ് എം കെ അർജ്ജുനൻ മാസ്റ്റർ തന്റെ സംഗീത സംവിധാനം ആരംഭിക്കുന്നത്. തുടർന്ന് കുറ്റം പള്ളിക്ക് എന്ന നാടകത്തിനും സംഗീതം പകർന്നു.

അതിന് ശേഷം ചങ്ങനാശ്ശേരി ഗീത, പീപ്പിൾസ് തിയറ്റർ, ദേശാഭിമാനി തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്രം, KPAC തുടങ്ങിയ നാടക സമിതികളിൽ പ്രവർത്തിച്ച അദ്ദേഹം 300 ഓളം നാടകങ്ങളിലായി ഏകദേശം 800 ഓളം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. നാടകരംഗത്തു പ്രവർത്തിക്കവേ, ദേവരാജൻ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് അർജ്ജുനൻ മാസ്റ്ററിന്റെ ജീവിതത്തിലെ മറ്റൊരു അധ്യായം തുടങ്ങുന്നത്. ദേവരാജൻ മാഷിനു വേണ്ടി നിരവധി ഗാനങ്ങൾക്ക് അദ്ദേഹം ഹാർമോണിയം വായിച്ചു.

1968ൽ ‘കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെയാണ് സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്. ചിത്രത്തിലെ മാനത്തിൻ മുറ്റത്ത്…..ഹൃദയമുരുകീ നീ…. എന്നീ ഗാനങ്ങൾ ശ്രദ്ധേയങ്ങളായി തുടർന്ന് നിരവധി ചിത്രങ്ങൾക്ക് ഈണം നൽകി. വയലാർ, പി. ഭാസ്‌കരൻ, ഒ. എൻ. വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ശ്രീകുമാരൻ തമ്പി അർജ്ജുനൻ ടീമിന്റെ ഗാനങ്ങൾ വളരെയേറെ ജനപ്രീതി നേടി. എ ആർ റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ച് തുടങ്ങിയത് അർജ്ജുനൻ മാസ്റ്ററുടെ കീഴിലായിരുന്നു. വെളളാരം കുന്നിലെ വെള്ളിമീനുകള്‍ എന്ന ചിത്രത്തിനു വേണ്ടി മുത്താര കൊമ്പത്തെ….,മഴമുകിലാൽ നിറയും മനസ്സിൽ….,കൈ തൊഴുന്നേ നാഥേ….മരണം വന്നു വിളിക്കുമ്പോൾ…. എന്നീ ഗാനങ്ങൾക്കാണ് അവസാനമായി സംഗീതം നൽകിയത്. 2020 ഏപ്രിൽ 6-ന് അന്തരിച്ചു.

കടപ്പാട് : വിവിധ മാധ്യമങ്ങൾ.

All reactions:

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!