ട്രെയിൻ

ജി. കണ്ണനുണ്ണി

മണിക്കൂറുകൾ പ്രതീക്ഷയോടെ കാത്തുനിന്നു വലഞ്ഞ മനുഷ്യക്കൂട്ടത്തിന് ആശ്വാസം പകർന്ന് നാലര മണിക്കൂർ വൈകിയെങ്കിലും ട്രെയിൻ ദുർഗന്ധവും പടർത്തി സ്റ്റേഷനിലേക്ക് ചീറിപ്പാഞ്ഞെത്തി.ജാതിവ്യവസ്ഥയിൽ പണ്ട് മനുഷ്യനെ മനുഷ്യൻ നാല് തട്ടുകളായി തിരിച്ചതു പോലെ ട്രെയിനിലും മൂന്ന് തരംതിരിവുകൾ. കൈയിൽ പൈസ ഏറ്റവും കുറഞ്ഞവന് ജനറൽ . അൽപ്പം പൈസയുള്ളവന് സെക്കൻ്റ് ക്ലാസ്. പൈസ കൂടുതൽ എടുക്കാൻ ഉള്ളവന് എ സി ക്ലാസ്സ് യാത്രകൾ.

ജീവിതവും ഒരു ട്രെയിൻ യാത്രപോലെ തന്നെയാണല്ലോ. യാത്രക്കിടയിൽ കണ്ട് മുട്ടുന്ന മനുഷ്യരുമായുള്ള സൗഹൃദവും , വാചകമടിയും, കയർക്കലും, ഹൃദയബന്ധവും,ഒറ്റപ്പെടലും,വായനയും ഒക്കെയായി ഇറങ്ങേണ്ട സ്റ്റേഷനിൽ എത്തും വരെയുള്ള യാത്ര. പച്ചയായ മനുഷ്യ ജീവിതങ്ങൾ ഏറെ കണ്ടു മുട്ടിയത് ജനറൽ കമ്പാർട്ടുമെൻ്റിലെ യാത്രകൾക്ക് ഇടയിലാണ്.

ഉള്ളതിലും ഉണ്ടെന്ന് കാണിച്ച് മറ്റുചിലർ സെക്കൻ്റ് ക്ലാസ് യാത്രയിൽ.മാസങ്ങൾ പകലന്തിയോളം ചോര നീരാക്കി അധ്വാനിച്ച പൈസ കൂട്ടിവച്ച് അങ്ങകലേ സ്വന്തം ദേശത്ത് പാർക്കുന്ന ഭാര്യയെയും മക്കളെയും കാണാൻ പോകുന്ന എല്ലും തോലുമായ മനുഷ്യർ ഇങ് ജനറൽ കമ്പാർട്ട്മെൻ്റിൽ. കിട്ടിയ മുകൾ കമ്പിയിൽ കയറിയൊതുങ്ങി മൂന്ന് ദിനം ഒരുപരാതിയുമില്ലാതെ യാത്രചെയ്ത് അവൻ വീട് പിടിക്കും.ഇടയ്ക്കിടയ്ക്ക് വിരുന്ന് വരുന്ന ദുർഗന്ധ നടുവിൽ നിർവികാരരായി ഇരുന്നുകൊണ്ട്.

നിന്നെപോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന ബൈബിൾ വചനം പോലെ അതിലൊരുവൻ കുടിച്ചപ്പോൾ ഈ ഉള്ളവന് ഒരു ചായ മേടിച്ച് തരാൻ മറന്നില്ല.ഇവിടെ ജോലിയില്ല എന്ന് പറഞ്ഞു അഭ്യസ്തവിദ്യരായി നമ്മൾ നടക്കുമ്പോൾ അവൻ്റെ ഗൾഫിലെത്തി കടലമ്മയുടെ മടിത്തട്ടിൽ ഒരുമാസം മരണത്തോട് മല്ലടിച്ച് നേടിയ മുപ്പതിനായിരം രൂപയുമായി സന്തോഷത്തോടെ നാട്ടിലേക്ക് പോവുകയാണ്.

പതിനഞ്ച് ദിനങ്ങളുടെ അവധി സന്തോഷങ്ങൾക്ക് ഒടുവിൽ അവൻ വീണ്ടുമെത്തും. ഇല്ലാത്ത പൊങ്ങച്ചങ്ങളുടെ കടം പേറി ജപ്തി ഭീഷണിയിൽ മറ്റൊരു മലയാളി സെക്കൻ്റ് ക്ലാസ് യാത്ര കഴിഞ്ഞ് പാതിചത്ത മനസോടെ സ്റ്റേഷനിൽ ഇറങ്ങി. ഇനി എനിക്കും ഇറങ്ങാതെ വയ്യ..സ്വന്തം കൂരയുടെ അടുത്തുള്ള സ്റ്റേഷനെത്തി.

എല്ലാ ബോഗിയിലെയും മനുഷ്യരുടെ മലമൂത്ര വിസർജനങ്ങൾ പേറി ട്രെയിൽ വീണ്ടും ചൂളം വിളിച്ച് ചീറിപ്പായുകയാണ് അസഹനീയമായ ദുർഗന്ധം വമിപ്പിച്ചു കൊണ്ട്.അടുത്ത സ്റ്റേഷൻ ലക്ഷ്യമാക്കി . സമയവും ട്രയിനും ആർക്ക് വേണ്ടിയും കാത്ത് നിൽക്കില്ലല്ലോ…അല്ലെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!