അഭിനയത്തിന്‍റെ രസതന്ത്രം അറിഞ്ഞ നടൻ പ്രൊഫ. നരേന്ദ്ര പ്രസാദ്
അവനെ സൂക്ഷിക്കണം. അവന്റെ കണ്ണുകളിലെന്തോ കത്തുന്നു. വാക്കുകൾക്ക് സൂചിമുനയുടെ മൂർച്ച…
ചാത്തൻമാരുടെ മുഖപ്രസാദം വറ്റിയിരിക്കുന്നു… മോഹൻലാലിന് ഒത്ത വില്ലനായി എത്തിയ ആറാംതമ്പുരാനിലെ കൊളപ്പുള്ളി അപ്പൻ തമ്പുരാൻ. കണിമംഗലം ജഗന്നാഥന്റെ യാത്രകൾക്കു നേർക്കുനേർ വെല്ലുവിളി ഉയർത്തിയ നായകനൊപ്പം തന്നെ ആഘോഷിക്കപ്പെട്ട അപ്പൻ തമ്പുരാനായി നിറഞ്ഞാടിയ രാഘവക്കുറുപ്പ് നരേന്ദ്രപ്രസാദ് എന്ന ആർ. നരേന്ദ്ര പ്രസാദ്. മലയാള ചലച്ചിത്ര അഭിനേതാവ് എന്നതിലുപരി അധ്യാപകൻ – നാടകകൃത്ത് – സംവിധായകൻ – എഴുത്തുകാരൻ – സാഹിത്യ വിമർശകൻ – ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ മൂന്നര പതിറ്റാണ്ടോളം മലയാള സാഹിത്യ – സാംസ്കാരിക മേഖലകളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു. മലയാളത്തിലെ അഭിനയ പ്രതിഭകളുടെ മുൻഗണനാ പട്ടികയിൽ എപ്പോഴും ഇടംപിടിക്കുന്ന പ്രതിനായകൻ – സഹനായകൻ – കൊമേഡിയൻ – ക്യാരക്ടർ റോൾ എന്നിവയെല്ലാം അനായാസമായി കൈകാര്യം ചെയ്ത അതുല്യ നടൻ.
ഒരു വില്ലനാവശ്യമായ ശരീരഘടന ഇല്ലാതിരുന്നിട്ടു മലയാള സിനിമയിൽ വില്ലൻ എന്ന സങ്കൽപ്പത്തിന്റെ പര്യായമായി മാറിയത് അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ ഒന്നുകൊണ്ടു മാത്രമായിരുന്നു. ഗാംഭീര്യമുള്ള ശബ്ദം, സൂക്ഷ്മമായ ശബ്ദ നിയന്ത്രണം ഉചിതമായ ഭാവപ്രകടനം കൃത്യതയാർന്ന ശരീരചലനങ്ങൾ എന്നിവയിലധിഷ്ഠിതമായിരുന്നു അഭിനയശൈലി. പിൽക്കാല നടൻമാർക്ക് ഒരനുകരണ മാതൃക കൂടിയായിരുന്നു.
മേലേപ്പറമ്പിൽ ആൺവീട്, അലഞ്ചേരി തമ്പ്രാക്കൾ, അനിയൻ ബാവ ചേട്ടൻ ബാവ, ഭാഗ്യവാൻ മുതലായ ചിത്രങ്ങളിലെ ഹ്യൂമർ റോളുകളിലും രണ്ടാംഭാവം, ഉസ്താദ്, പൈതൃകം എന്നീ സിനിമകളിലെ സംഘർഷങ്ങൾ നേരിടുന്ന അച്ഛൻ റോളുകളും അദേഹം അവിസ്മരണീയമാക്കി. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ വി.രാഘവക്കുറുപ്പിൻ്റേയും ജാനകിയമ്മയുടേയും മകനായി 1946 ഡിസംബർ 26ന് ജനിച്ചു. ബിരുദ കാലഘട്ടം മുതൽക്കേ സമകാലികങ്ങളിലും മറ്റും സാഹിത്യ സൃഷ്ടികളുമായി സജീവമായിരുന്നു.
1967-ൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1989 മുതൽ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടറായ നരേന്ദ്രപ്രസാദ് വിരമിക്കും വരെ തൽസ്ഥാനത്ത് തുടർന്നു. 1980-കളിലാണ് നരേന്ദ്രപ്രസാദ് നാടക രംഗത്ത് സജീവമാകുന്നത്. അദ്ദേഹം സ്ഥാപിച്ച ‘നാട്യഗൃഹം’ എന്ന നാടകസംഘം കേരളത്തിലെ നാടക ചരിത്രത്തിലെ ഒരു പ്രധാന ഏടാണ്. നടൻ മുരളി ഉൾപ്പെടെയുള്ളവരെ ഉയർത്തിക്കൊണ്ടു വന്നത് ഈ നാടക സമിതിയായിരുന്നു. നാട്യഗൃഹത്തിൽ നരേന്ദ്രപ്രസാദ് 14 നാടകങ്ങൾ സംവിധാനം ചെയ്തു.
1985-ൽ നരേന്ദ്രപ്രസാദ് രചനയും സംവിധാനവും നിർവ്വഹിച്ച ‘സൗപർണ്ണിക’ എന്ന നാടകം കേരള സാഹിത്യ അക്കാദമി – സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ നേടി.ആദ്യകാലങ്ങളിൽ ചലച്ചിത്ര മേഖലയോട് അത്രതന്നെ ആഭിമുഖ്യം പുലർത്താതിരുന്ന നരേന്ദ്രപ്രസാദ് ശ്യാമപ്രസാദിന്റെ ‘പെരുവഴിയിലെ കരിയിലകൾ’ എന്ന ടെലിഫിലിമിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സാമ്പത്തിക ബാധ്യതകൾ മൂലം നാട്യഗൃഹം അടച്ചുപൂട്ടിയതിനു ശേഷം തൊണ്ണൂറുകളുടെ തുടക്കത്തിലാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്.
1989-ൽ ‘അസ്ഥികൾ പൂക്കുന്നു’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. അതിനും മുമ്പേ
ചിത്രം എന്ന സിനിമയിൽ പൂർണം വിശ്വനാഥനും ഭരതന്റെ ‘വൈശാലി’യിൽ ബാബു ആന്റണിയുടെ രാജാവിന്റെ കഥാപാത്രത്തിനും പത്മരാജന്റെ ‘ഞാൻ ഗന്ധർവ്വനിൽ’ അശരീരിയായതും അദ്ദേഹത്തിന്റെ ശബ്ദമായിരുന്നു.
ഏകലവ്യനിലെ സ്വാമി അമൂർത്താനന്ദ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നാഴിക്കല്ലായിരുന്നു. സവിശേഷമായ ശരീരഭാഷ കൊണ്ടും വ്യത്യസ്തമായ ശബ്ദവിന്യാസം കൊണ്ടും നരേന്ദ്ര പ്രസാദ് അമൂർത്താനന്ദക്ക് അനനുകരണീയമായ ഭാവതീക്ഷ്ണത നൽകി. ഒരു അഭിനേതാവ് എന്ന നിലയിൽ മാത്രം ആഘോഷിക്കപ്പെടേണ്ട വ്യക്തിത്വമല്ല നരേന്ദ്രപ്രസാദ്. ആധുനികതാ ഘട്ടത്തിൽ മികച്ച നിരൂപകനായി സ്ഥാനം നേടിയ അദ്ദേഹം ചലച്ചിത്ര മേഖലയിലെത്തിയതോടു കൂടി രചനകൾ കുറഞ്ഞു. അഭിനേതാവ് ആയിരുന്നില്ലെങ്കിൽ നിരൂപണ മേഖലയ്ക്ക് കൂടുതൽ സംഭാവനകൾ ലഭിച്ചേനേ. 2003 നവംബർ 3ന് അന്തരിച്ചു.
കൃതികൾ : അലഞ്ഞവർ അന്വേഷിച്ചവർ (നോവൽ), നിഷേധികളെ മനസിലാക്ക് (വിമർശനം), ജാതി പറഞ്ഞാൽ എന്തേ (വിമർശനം), സൗപർണ്ണിക (നാടകം).
കടപ്പാട് : വിവിധ മാധ്യമങ്ങൾ.

