അവര്‍നേടി!!!!! ലോകം തിരിച്ചറിഞ്ഞു പെണ്‍പടയുടെ കരുത്ത്…

വനിതാ ലോകകപ്പ് ഇന്ത്യയ്ക്ക്

ക്രിക്കറ്റ് ലോകം കീഴടക്കി ഇന്ത്യന്‍ വനിതകള്‍. വനിതാ ലോക കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക് സ്വന്തം. ഇന്നലെ നടന്ന ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പിച്ചാണ് വനിതാ ലോക കപ്പ് ക്രിക്കറ്റ് കിരീടത്തില്‍ ഇന്ത്യ കന്നി മുത്തമിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 87 റണ്‍സെടുത്ത ഷെഫാലി വര്‍മയുടേയും 45 റണ്‍സെടുത്ത സ്മൃതി മന്ദാനയുടേയും 58 റണ്‍സെടുത്ത ദീപ്തി ശര്‍മയുടേയും കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു.

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 101 റണ്‍സെടുത്ത ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്ത് ഏറെ പ്രതീക്ഷ നല്‍കിയെങ്കിലും 246 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 5 വിക്കറ്റെടുത്ത ദീപ്തി ശര്‍മയാണ് അവരുടെ നടുവൊടിച്ചത്. 87 റണ്‍സും 2 വിക്കറ്റുമെടുത്ത ഷെഫാലി വര്‍മയാണ് കളിയിലെ താരം. ടൂര്‍ണമെന്റിലുടനീളം ബാറ്റിംഗിലും ബൗളിങ്ങിലും നിര്‍ണായകമായ പ്രകടനം കാഴ്ച വെച്ച ദീപ്തി ശര്‍മയാണ് ടൂര്‍ണമെന്റിന്റെ താരം.

ഷഫാലി വര്‍മ പകരം വയ്ക്കാനില്ലാത്ത പകരക്കാരി

വനിതാ ലോക കപ്പ് ക്രിക്കറ്റ് ഫൈനലില്‍ 87 റണ്‍സും 2 വിക്കറ്റുമെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ച് കളിയിലെ താരമായി മാറിയ ഷഫാലി വര്‍മ ഈ ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കപ്പെട്ടയാളായിരുന്നു. മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമാണ് ഷഫാലിക്ക് തിരിച്ചടിയായത്. എന്നാല്‍ സെമിക്ക് മുമ്പ് പരിക്കേറ്റ പുറത്തായ പ്രതിക റാവലിന് പകരക്കാരിയായാണ് ഷഫാലി ടീമിലെത്തിയത്. പ്രതികയ്ക്ക് സംഭവിച്ചതുപോലെ ഒരു കായികതാരത്തിനും സംഭവിക്കരുതെന്നും, പക്ഷേ ദൈവം ചിലത് ചെയ്യാനാണ് എന്നെ ഇങ്ങോട്ടയച്ചതെന്നുമാണ് പ്രതികയ്ക്ക് പകരം ടീമിലെത്തിയപ്പോള്‍ ഷഫാലി പറഞ്ഞത്. അത് അന്വര്‍ഥമാക്കുന്നതായിരുന്നു ഷഫാലിയുടെ ഫൈനലിലെ പ്രകടനം. കലാശപ്പോരില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഷഫാലി ചരിത്രമെഴുതി. ലോകകപ്പ് മാത്രം നേടിയല്ല, ഫൈനലിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം കൂടി സ്വന്തമാക്കിയാണ് ഷഫാലി മടങ്ങുന്നത്. അതും തിരിച്ചുവന്ന രണ്ടാം മത്സരത്തില്‍ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!