നാലുനൂറ്റാണ്ടായി മദ്യവും മാസംവും കഴിക്കാത്ത ഗ്രാമവാസികള്‍
അപൂർവ ആചാരവുമായി അങ്ങ് ദൂരെ ഒരു അഡിഗുപ്പ. ആന്ധ്രാപ്രദേശില്‍ ഈ ഗ്രാമവാസികൾ മദ്യം, മാംസം, മുട്ട തുടങ്ങിയവ ഉപയോഗിക്കില്ല. കോഴി വളര്‍ത്തലിനും പൂര്‍ണ നിരോധനമുണ്ട്. ആരോഗ്യം നോക്കാനല്ല ഈ ചിട്ടവട്ടങ്ങൾ. നാനൂറ് കൊല്ലം നീണ്ട ചരിത്രമുണ്ട് ഈ ആചാരത്തിന് പിന്നില്‍.
അതീവ ധൈര്യവാനും ബലവാനുമായിരുന്ന അഡിഗുപ്പയായിരുന്നു ഈ ഗ്രാമം ഭരിച്ചിരുന്നത്. ഇദ്ദേഹത്തിന് മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടായിരുന്നു. രായദുര്‍ഗം പട്ടണത്തില്‍ ജീവിച്ചിരുന്ന അവരെ കാണാന്‍ എല്ലാ രാത്രിയിലും അഡിഗുപ്പ പോകുമായിരുന്നു. ഇക്കാര്യം ഇന്നത്തെ കര്‍ണാടകയിലുള്ള ചിത്രദുര്‍ഗയിലെ രാജാവ് ബുഡിഗെ ചിന്നയ്യ മനസിലാക്കി. അഡിഗുപ്പയെ ആക്രമിക്കാന്‍ പറ്റിയ സമയം ഇതാണെന്ന് അദ്ദേഹം ഉറപ്പിച്ചു.
അഡിഗുപ്പ കുന്നിനടിയിലുള്ള നിധി ശേഖരമായിരുന്നു ആക്രമണത്തിന് ചാലകശക്തിയായത്. ഭരണാധികാരിയെ ആക്രമിച്ച് ആ ഗ്രാമം സ്വന്തമാക്കി നിധി കൈക്കലാക്കാമെന്ന് ചിത്രദുര്‍ഗയിലെ രാജാവ് മനസില്‍ കുറിച്ചു. അഡിഗുപ്പയുടെ അംഗരക്ഷകരെ മദ്യവും മാംസവും നല്കി ബോധം കെടുത്തിയ ശേഷം ആക്രമണം നടത്തി നിധി കവരാനായിരുന്നു അദ്ദേഹത്തിന്റെ നീക്കം.
രാജാവിന്റെ നീക്കത്തെക്കുറിച്ച് ഗ്രാമദേവനായ രജൗല ദേവര സ്വാമി അഡിഗുപ്പയുടെ സ്വപ്നത്തിലെത്തി ധരിപ്പിച്ചു. ദൈവിക മുന്നറിയിപ്പ് കിട്ടിയതോടെ അഡിഗുപ്പ യുദ്ധത്തിന് തയാറായി. അദ്ദേഹം ചിത്രദുര്‍ഗയിലെ ചിന്നയ്യ രാജാവിനെയും സൈന്യത്തെയും ആക്രമിക്കുകയും ചിന്നയ്യയയെ കൊല്ലുകയും ചെയ്തു. ഇവരുടെ മൃതദേഹങ്ങള്‍ കുന്നിന് താഴെ സംസ്കരിക്കുകയും ചെയ്തു. ഇന്നും ഇവിടെ കാണുന്ന ശവകുടീരം പോലുള്ള ഘടനകള്‍ അവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ച ഇടങ്ങളാണെന്നാണ് വിശ്വാസം.
ഈ വിജയത്തിന് ശേഷം രാജാവ് രജൗല ദേവരസ്വാമിയുടെ പേരില്‍ ഒരു ഉഗ്രശാസനം പുറപ്പെടുവിച്ചു. എല്ലാ ഗ്രാമവാസികളും പൂര്‍ണമായും മദ്യം, ഇറച്ചി, മുട്ട എന്നിവ ഉപേക്ഷിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നും ഇത് പാലിക്കുമെന്ന് ഗ്രാമീണര്‍ പ്രതിജ്ഞ എടുത്തു. അന്നു തൊട്ടിങ്ങോട്ട് ഗ്രാമീണര്‍ ഇതനുസരിക്കുന്നു. ഇത് ലംഘിച്ചാൽ രോഗങ്ങളും ധനനഷ്ടവും അടക്കമുള്ള ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ഇവരുടെ വിശ്വാസം. ഈ പേടിയുള്ളത് കൊണ്ട് എല്ലാവരും ഈ നിയമം പിന്തുടരുന്നു. കുട്ടികള്‍ക്ക് പോലും അവരുടെ ഉച്ചഭക്ഷണത്തില്‍ മുട്ട നല്‍കുന്നില്ല. കുടുംബ ആഘോഷ വേളകളിലോ ഉത്സവകാലത്തോ പോലും ഇവര്‍ മദ്യവും ഉപയോഗിക്കില്ല.
എല്ലാ ഫെബ്രുവരിയിലും രജൗല ദേവരസ്വാമിയെയും രാജാവിനെയും ആദരിക്കാനായി ഉത്സവം നടത്താറുണ്ട്. മിക്ക ഗ്രാമീണരുടെയും പേരില്‍ രാജു ഉണ്ട്. തങ്ങളുടെ ഭരണാധികാരിയോടുള്ള ആദര സൂചകമായാണ് രാജാവ് എന്നര്‍ത്ഥം വരുന്ന രാജു പേരിനൊപ്പം ഇവര്‍ ചേര്‍ക്കുന്നത്.

