ചിത് വാന്‍ നാഷണല്‍ പാര്‍ക്കിലേക്കൊരു യാത്ര
ജിത്തു വിജിത്ത്
നേപ്പാളിലെ ആദ്യത്തെ നാഷണല്‍ പാര്‍ക്ക്, 1973 ല്‍ സ്ഥാപിതമായ ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ച അതിമനോഹരമായ വന്യജീവി സംരക്ഷണ കേന്ദ്രം. നാരായണി നദിയുടെ വരദാനമായി മക്കവന്‍പൂരില്‍ സ്ഥിതി ചെയ്യുന്ന ഈ വനമേഖല സമുദ്രനിരപ്പില്‍ നിന്ന് 2674 അടി ഉയരത്തിലാണ്.
കടുവകളുടെയും, പുള്ളിപുലികളുടെയും, കരടികളുടെയും വിവിധതരം മാനുകളുടെയും, കുരങ്ങുകളുടെയും, നാനാജാതി പക്ഷികളുടെയും, ചീങ്കണ്ണികളുടെയും മുതലകളുടെയും, വര്‍ണ്ണ വൈവിധ്യങ്ങളായ ശലഭങ്ങളുടെയും, എണ്ണിയാല്‍ ഒടുങ്ങാത്ത ജീവജാലങ്ങളുടെയും, സൂക്ഷമജീവികളുടെയും എല്ലാത്തിനുമുപരി ഒറ്റക്കൊമ്പന്‍ കണ്ടാമൃഗത്തിന്‍റെയും വിഹാരകേന്ദ്രം.
നേപ്പാള്‍ യാത്രയുടെ നാലാം ദിവസമാണ് കഠ്മണ്ഡുവില്‍ നിന്ന് ചിത് വാനിലേക്ക് യാത്ര തിരിച്ചത്. ഹിമാലയന്‍ റോഡുകളിലൂടെ ചുറ്റിവളഞ്ഞു വന്‍ മലനിരകളുടെ ഭംഗിയും അഗാധമായ ഗര്‍ത്തങ്ങളുടെയും വന്യതയും ആസ്വദിച്ചു ചിത് വാനില്‍ എത്തിയപ്പോള്‍ വൈകുന്നേരം നാല് മണി കഴിഞ്ഞിരുന്നു. പതിവുപോലെ സൂര്യന്‍ അസ്തമയ ലക്ഷണങ്ങള്‍ കാണിച്ചുകൊണ്ടിരുന്നു.
നാരായണി രപ്തി നദി രണ്ടായി പിരിയുന്നടുത്താണ് വിശാല്‍ ബായി ഞങ്ങളുടെ വിശ്രമം തയ്യാറാക്കിയിരിക്കുന്നത്. ബാഗ് എല്ലാം വണ്ടിയില്‍ തന്നെ വെച്ചു സായാഹ്നം ആസ്വദിക്കാന്‍ ഞങ്ങള്‍ പുറത്തേക്കിറങ്ങി. നദിയുടെ തീരത്തായി സഞ്ചാരികള്‍ക്കായി ധാരാളം ഹോട്ടലുകളും, ഇരിപ്പിടങ്ങളും പിന്നെ എവിടെ നോക്കിയാലും മദ്യഷോപ്പുകളും.
ഇവയിലൊന്നും കണ്ണുടക്കാതെ ഞാനും പെണ്ണും നദിയുടെ ഓരം ചേര്‍ന്നു നടന്നുപോകവേ, ദൂരത്തായി നദിയിലൂടെ വള്ളത്തില്‍ സഞ്ചരിക്കുന്നതിനു ടോക്കണ്‍ എടുക്കുന്ന സ്ഥലമെത്തി. ധാരാളം സഞ്ചാരികള്‍ വഞ്ചിയില്‍ നദിയുടെ വിരിമാറിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു. എല്ലാവരും ചെയ്യുന്ന കാര്യങ്ങളില്‍ അത്ര തല്‍പരര്‍ അല്ലാത്തതിനാല്‍ നദിയുടെ വശം ചേര്‍ന്നു ഞങ്ങള്‍ മുന്നോട്ട് നടന്നു.
ആ നടത്തം ജീവിതത്തിലെ മനോഹരമായ ഓര്‍മ്മകളിലേക്കാണെന്നു ഒരിക്കലും കരുതിയിരുന്നില്ല. ആന സവാരിക്കായി പാര്‍പ്പിച്ചിരുന്ന ചങ്ങലക്ക് ഇട്ട അഞ്ച് പിടിയാനകളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. കുറച്ചുകൂടി മുന്നോട്ട് നടന്നപ്പോള്‍ ധാരാളം സഞ്ചാരികള്‍ കൂടി നില്‍ക്കുന്നതു കണ്ടു. ചെന്ന് നോക്കുമ്പോള്‍ അതാ മുന്നില്‍ ഒരു ഒറ്റക്കൊമ്പന്‍ കണ്ടാമൃഗം. മൃഗങ്ങളെ അവരുടെ ആവാസ വ്യവസ്ഥയില്‍ കാണുന്നത്ര ആനന്ദം വേറൊന്നിനുമില്ലല്ലോ. ഇരുകാലികളെ വകവെക്കാതെ അവന്‍ പുഴയില്‍ ഇറങ്ങിയും കരയില്‍ കയറി പുല്ല് തിന്നും അവന്റെ രീതിയില്‍ മുന്നോട്ട്.
ആകാശത്തില്‍ കുങ്കുമ വര്‍ണ്ണങ്ങള്‍ വാരി വിതറാന്‍ തുടങ്ങിയിരുന്നു പ്രകൃതി. ആ വര്‍ണപ്രഭയില്‍ ഒറ്റക്കൊമ്പന്‍റെ ഗാംഭീര്യം വാക്കുകള്‍ക്കു അധീതം. ഫോട്ടോ എടുക്കാന്‍ ആളുകളുടെ തിക്കും തിരക്കും കൂടിയപ്പോള്‍ അ വിടെ നില്‍ക്കാന്‍ തോന്നിയില്ല. കുറച്ചുകൂടി മുന്നോട്ട് പോയപ്പോള്‍ നദിയുടെ ആഴം കുറഞ്ഞ ഭാഗത്തു ആറു മുതലകള്‍ വെയില്‍ കായുന്നുണ്ടായിരുന്നു. ജലരാജാക്കന്മാരെ ഒത്തിരിനേരം നോക്കി നിന്നു അവിടെയും ബഹളങ്ങള്‍ ആയപ്പോള്‍ പിന്നെയും മുന്നോട്ട് നടന്നു.
നടക്കുന്തോറും കാനനത്തിന്‍റെ വന്യത പ്രകടമായി തുടങ്ങി. അധികം പഴക്കമില്ലാത്ത ആനപിണ്ടങ്ങളും, കാട്ടുപോത്തിന്‍റെ കുളമ്പിന്‍ പാടുകളും അവരുടെ ചാണകവും. നദിയിലേക്ക് വെള്ളം കുടിക്കാന്‍ എത്തുന്ന ധാരാളം ചങ്ങാതിമാരുടെ കാലടികള്‍ കണ്ട് തുടങ്ങി. പുഴയുടെ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ അടിത്തട്ടുകള്‍ കാണാമായിരുന്നു. വലുതും ചെറുതുമായ ധാരാളം മീനുകളുടെ കളികള്‍ ബഹുരസമായിരുന്നു. സൂര്യപ്രകാശം കുറഞ്ഞു വന്നു, സൂര്യനെ കണ്ണുകൊണ്ട് കാണാവുന്ന തരത്തില്‍ ആയി, പേരറിയാക്കിളികള്‍ കൂടണയാന്‍ തലങ്ങും വിലങ്ങും പറക്കുന്നത് കാണാന്‍ തന്നെ എന്ത് മനോഹരം.
ജനവാസ മേഖലയില്‍ നിന്നകന്നു ഞങ്ങള്‍ ഇപ്പോള്‍ അതിമനോഹരമായ പച്ചപ്പിന്‍റെ നാടുവിലാണെന്നറിഞ്ഞപ്പോള്‍ മനസിനും ശരീരത്തിനും ഇത് വരെ ഇല്ലാത്ത ഊര്‍ജ്ജം. ഇരുള്‍ വീഴാന്‍ തുടങ്ങിയപ്പോള്‍ നദിയുടെ ഓരത്തു വിശാലമായ പുല്‍മേടില്‍ ഞങ്ങള്‍ ഇരുന്നു. നദിയുടെ അപ്പുറത്തും ഇപ്പുറത്തും നിബിഡമായ വനം. ഞങ്ങള്‍ ഇരിക്കുന്നതിന്‍റെ മുമ്പില്‍ കാനന ചങ്ങാതിമാര്‍ വെള്ളം കുടിക്കാന്‍ വരുന്ന സ്ഥലമാണ്. വര്‍ത്തമാനവും പറഞ്ഞ് നദിയുടെ ഒഴുക്കും, പക്ഷികളുടെ പറക്കലും, തുമ്പികളുടെ നൃത്തവും കണ്ടി ഇരിക്കവേ ഒരു ഒറ്റക്കൊമ്പന്‍ ഞങ്ങളുടെ മുന്നിലൂടെ നദിയില്‍ നിന്ന് കരയിലേക്ക് കയറി കാടകങ്ങളിലേക്ക് ആഴ്ന്നുപോയി.
വെളിച്ചം കുറഞ്ഞുകൊണ്ടിരുന്നെങ്കിലും വ്യക്തമായി തന്നെ എല്ലാം കാണാം. നദിയുടെ അപ്പുറത്തു കൂടി ദൂരെ നിന്നും ഒരു പന്നിയും അവളുടെ നാലു മക്കളും വെള്ളം കുടിക്കാന്‍ വരുന്നത് കാണാം. ഇപ്പോള്‍ ഞങ്ങള്‍ ഇരിക്കുന്ന കരയില്‍ അഞ്ചുപേര്‍ മാത്രം. ഫ്രാന്‍സില്‍ നിന്ന് വന്ന ഒരാളും മുടിയൊക്കെ ഡ്രഡ്‌ലോക്ക് ചെയ്ത ഒരു നീഗ്രോ ചേട്ടനും കൂട്ടുകാരനും പിന്നെ ഞാനും എന്റെ പെണ്ണും. ആ അസ്തമയ വിസ്മയത്തില്‍ കാടിനോട് അലിഞ്ഞു വിവിധ കാനനസംഗീതം ആസ്വദിച്ചു ഇരിക്കവേ ഒരു പുള്ളിമാനും വെള്ളം കുടിക്കുവാനായി എത്തി.
മുന്നില്‍ വളര്‍ന്ന പച്ചപ്പുകള്‍ ഞങ്ങളെ മറച്ചു പിടിച്ചിരുന്നു.
പന്നിയും പിള്ളേരും വെള്ളം കുടിച്ചുകൊണ്ടിരിക്കവേ കാടിന് ആകയൊരു മാറ്റം. കുരങ്ങച്ചന്മാരുടെയെല്ലാം കോളുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. പുള്ളിമാന്‍ ചെവികൂര്‍പ്പിച്ച് പ്രത്യേക രീതിയില്‍ ശബ്ദം പുറപ്പെടുവിക്കാന്‍ തുടങ്ങി. കുരങ്ങച്ചാരുടെ സന്ദേശങ്ങള്‍ ഏറ്റുപിടിച്ചു പക്ഷികളും കാടിന്റെ സന്ദേശങ്ങളെ അന്തരീക്ഷമാകെ അലയടിപ്പിച്ചു. അധികം ദൂരത്തില്‍ അല്ലാതെയിരിക്കുന്ന ഞാനും നീഗ്രോ ബ്രേയും ഒരുമിച്ചു വെള്ള ടീ ഷര്‍ട്ട് ഊരിയതും പരസ്പരം നോക്കി ചിരിച്ചതും കാടിനെ കുറിച്ച് ചെറിയ അറിവുകള്‍ ആരില്‍നിന്നൊക്കെയോ കിട്ടിയതുകൊണ്ടാണ്. ശത്രു വരുന്നത് തിരിച്ചറിഞ്ഞു. ഭയചകിതനായ മാനിന്റെ ചേഷ്ടകളില്‍ നിന്നും ഒടിയുന്ന മരച്ചില്ലകളില്‍ നിന്നും ഒരു കാര്യം മനസിലായി വരുന്ന അതിഥി ചെറിയ ആളല്ല.
സീന്‍ കോണ്ട്ര എന്ന് തിരിച്ചറിഞ്ഞ പന്നിയും പുള്ളേരും മാനിനോട് എന്തെക്കെയോ പറഞ്ഞിട്ട് വാലും കറക്കി ഓടി മറഞ്ഞു. ഇപ്പോള്‍ പ്രകാശം നന്നേ കുറവാണ് എങ്കിലും ആള്‍പൊക്കമുള്ള പച്ചപ്പുല്ല് അനങ്ങുന്നത് കണ്ടപ്പോള്‍ മാനിലേക്ക് അവന്റെ ദൂരം ഏകദേശം മുപ്പത് മീറ്റര്‍, പുല്ലിന്റെ വിടവിലൂടെ ഞങ്ങള്‍ക്ക് കാണാം ഒരു സവര്‍ണ്ണനിറം മാനിലേക്ക് നടന്നടുക്കുന്നത്.
എന്റെ മുതുകില്‍ ചാരി കിടന്നുകൊണ്ടായിരുന്നു നീഗ്രോ ബ്രോ ഫോട്ടോ നോക്കിയത്. ഭാഷ അറിയില്ലേലും ഞങ്ങള്‍ ഒത്തിരി സംസാരിച്ചു. ലോകത്തില്‍ മഹാഭാഗ്യം ഉള്ളവരാണ് ഞങ്ങള്‍ എന്ന് അയാള്‍ പറഞ്ഞപ്പോള്‍ മനസ്സ് നിറയെ കാടിന്റെ നിയമങ്ങള്‍ ആയിരുന്നു.
സമയം ഒത്തിരി കഴിഞ്ഞിരിക്കുന്നു. മൊബൈലിന്റെ ഫ്‌ളാഷ് വെളിച്ചത്തില്‍ ഞങ്ങള്‍ തിരിച്ചു നടക്കുമ്പോള്‍ ആകാശത്ത് ധാരാളം നക്ഷത്രങ്ങള്‍ മിന്നി തുടങ്ങിയിരുന്നു. ആറു മണിക്ക് കാറില്‍ നിന്ന് ഇറങ്ങിയ സ്ഥലത്ത് എത്തണമെന്നാണ് വിശാല്‍ ബായി പറഞ്ഞിരുന്നത്. താമസിച്ചപ്പോള്‍ ഞങ്ങളെ കാണാതെ സഹയാത്രികള്‍ ആയ ബുള്‍ബുളും രാംദാസ് മാഷും ഹോട്ടലിലേക്ക് പോയിരുന്നു.
ഞങ്ങള്‍ പാര്‍ക്കിങ്ങില്‍ വന്ന് നോക്കിയപ്പോള്‍ കാറ് കാണാതെ കുണ്ഠിതപ്പെട്ടു. കുറച്ചു മുന്നോട്ട് നടന്നപ്പോള്‍ ദാണ്ടെ വരുന്നു വിശാല്‍ജീ ഞങ്ങളെ വിളിക്കാനായി. കാറിന്റെ മുമ്പിലത്തെ സീറ്റില്‍ തന്നെ ഞങ്ങള്‍ രണ്ടപേരും കയറി ഭായിയുടെ വിശേഷങ്ങളും പങ്കുവെച്ചു റൂമിലെത്തി.