രജിത്ത് പകരുകയാണ് എല്‍ഇഡിയിലൂടെ പുതുവെളിച്ചം
സൂര്യ സുരേഷ്
വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കണമെന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞതുകൊണ്ടായില്ല. അതിനുളള മാര്‍ഗങ്ങള്‍ തേടണം. ഷോക്കടിപ്പിക്കുന്ന വൈദ്യുതിബില്‍ നമുക്ക് പലപ്പോഴും തലവേദനയുണ്ടാക്കാറുണ്ട്. ബില്‍ കൂടാനുളള കാരണങ്ങള്‍ ചിന്തിച്ച് കാടുകയറാറുണ്ടെങ്കിലും പ്രതിവിധികളൊന്നും ആലോചിക്കാറില്ല. എന്നാല്‍ ഊര്‍ജസംരക്ഷണത്തിനായി സമൂഹത്തിന് പുതിയ ചില പാഠങ്ങള്‍ പകര്‍ന്നുതരികയാണ് കോഴിക്കോട് പൊറ്റമ്മല്‍ സ്വദേശി രജിത്ത്. വൈദ്യുതി സംരക്ഷണം വ്യക്തികളില്‍ നിന്ന് തുടങ്ങണമെന്ന പക്ഷക്കാരനാണ് ഇദ്ദേഹം. കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുളള ബള്‍ബുകള്‍ നിര്‍മ്മിക്കാന്‍ എല്‍ഇഡി വിപ്ലവുമായി സജീവമായ രജിത്തിനെ പരിചയപ്പെടാം.
ബള്‍ബ്, ട്യൂബ് ലൈറ്റ്, ടി ബള്‍ബ്, ഇന്‍വര്‍ട്ടര്‍, എല്‍ഇഡി, സോളാര്‍ പാനല്‍, പാനല്‍ ലൈറ്റ്, സ്ട്രീറ്റ് ലൈറ്റ് , ഡിസ്പ്ലേ ബോര്‍ഡ്, എല്‍ഇഡി സ്റ്റാര്‍ തുടങ്ങി നിരവധി ഉല്പന്നങ്ങളുടെ നിര്‍മ്മാണങ്ങളെക്കുറിച്ച് ക്ലാസ്സെടുക്കാറുണ്ട് രജിത്ത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം നിരവധി പേര്‍ക്ക് ബള്‍ബ് നിര്‍മ്മാണത്തില്‍ രജിത്ത് പരിശീലനം നല്‍കാറുണ്ട്. ബള്‍ബ് നിര്‍മ്മാണത്തിലൂടെ ആളുകളെ സ്വയംപര്യാപ്തരാക്കാം. സ്ത്രീകളെ സംബന്ധിച്ചെടുത്തോളം സ്വയംതൊഴിലിനുളള മാര്‍ഗം കൂടിയാണിത്.
അസംസ്കൃതവസ്തുക്കള്‍ പരിശീലനത്തിന് ശേഷം രജിത്ത് തന്നെ നല്‍കാറുമുണ്ട്. ചെറിയ മുതല്‍മുടക്കില്‍ സംരംഭങ്ങള്‍ ആരംഭിക്കാമെന്ന് ഇദ്ദേഹം പറയുന്നു. 2002 മുതല്‍ ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന രജിത്ത് ഇതിനകം 40ലധികം കുടുംബശ്രീയൂണിറ്റുകള്ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. അതില്‍ മിക്കവാറും യൂണിറ്റുകള്‍ മികച്ച രീതിയില്‍ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണവുമായി മുന്നോട്ടുപോകുന്നുണ്ട്. നേരത്തെ കോഴിക്കോട് ജില്ലാ ജയിലിലെ തടവുകാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. മറക്കാനാവാത്ത ഒരനുഭവമായിരുന്നു അതെന്ന് രജിത്ത് പറയുന്നു.
ഒരു സുഹൃത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് രജിത്ത് എല്‍ഇഡി എമര്‍ജന്‍സി ലാമ്പ് നിര്മ്മാണത്തക്കുറിച്ച് ക്ലാസ്സുകള്‍ എടുത്തുതുടങ്ങുന്നത്. ഒരു കുടുംബശ്രീ യൂണിറ്റിന് വേണ്ടിയാണ് ആദ്യമായി ക്ലാസ്സെടുത്തത്. മികച്ച പ്രതികരണം ലഭിച്ചതോടെ കേരളത്തിനകത്തും പുറത്തുമായി കൂടുതല്‍ ക്ലാസ്സുകള്‍ക്കായി ആളുകള്‍ വിളിച്ചുതുടങ്ങി. 2014-15 കാലഘട്ടത്തിലാണ് വഴിത്തിരിവുണ്ടായത്. യൂട്യൂബില്‍ ക്ലാസ്സിന്റെ വീഡിയോ അപ്ലോഡ് ചെയ്തതോടെ വിദേശത്തുനിന്നടക്കം നിരവധി പേര് വിളിച്ചുതുടങ്ങി.
മക്കളായ അഞ്ജിമ, അനന്യ എന്നിവര്‍ക്കും സഹോദരന്റെ മക്കള്‍ക്കുമെല്ലാം ലോക്ഡൗണ്‍ കാലത്ത് എല്‍ഇഡി ബള്‍ബ് നിര്‍മ്മാണത്തില്‍ രജിത്ത് പരിശീലനം നല്‍കിയിരുന്നു. ഇത്തരത്തില്‍ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുകയായിരുന്നു. ലോക്ഡൗണ്‍ സമയത്ത് സമൂഹത്തിന് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലായിരുന്നു ഇത്.
പുതിയ ഉത്പന്നങ്ങള്‍ ഇറങ്ങിയാല്‍ അവയെപ്പറ്റി കൂടുതല്‍ അറിയാനും മനസ്സിലാക്കാനും രജിത്ത് ശ്രമിക്കാറുണ്ട്. കോഴിക്കോട് പൊറ്റമ്മലില്‍ മൊബൈല്‍ഫോണ്‍ സര്‍വ്വീസ് സെന്റര്‍ നടത്തുകയാണ് രജിത്ത്. മലബാറിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് സെന്റര്‍ ആണിതെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക്സ് ഡിപ്ലോമ പൂര്‍ത്തിയാക്കിയശേഷം 1994 ലാണ് കട തുടങ്ങുന്നത്. അന്ന് ടിവി, വിസിആര്‍ എന്നിവയുടെ റിപ്പയറിങ് ജോലികള്‍ മാത്രമാണ് ചെയ്തിരുന്നത്. 96-97 കാലഘട്ടത്തിലാണ് കേരളത്തില്‍ മൊബൈല്‍ വന്നുതുടങ്ങിയത്. വിദേശത്തുനിന്നെത്തിയ ഒരാളാണ് മൊബൈല്‍ റിപ്പയറിങ്ങിനായി കടയിലെത്തിയത്. കേടായ ഫോണ്‍ നന്നാക്കിയ ശേഷം രജിത്ത് ഒരു കാര്യം മനസ്സിലുറപ്പിച്ചു.
മൊബൈല്ഫോണിനെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കണം. അങ്ങനെ ചെന്നൈയിലും ബാംഗ്ലൂരിലുമെല്ലാം ഇതുമായി ബന്ധപ്പെട്ട ക്ലാസ്സുകളില്‍ പങ്കെടുത്ത് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി. തിരിച്ചെത്തിയശേഷം കടയില്‍ മൊബൈല്‍ സര്‍വ്വീസിങ്ങും തുടങ്ങി. മൊബൈല്‍ ഫോണ്‍ വ്യാപകമായിത്തുടങ്ങിയതോടെ തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുളളവര്‍ മൊബൈല്‍ നന്നാക്കാനായി ഇവിടെയെത്തിത്തുടങ്ങി.
വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ രജിത്ത് വലിയൊരു മൊബൈല്‍ഫോണ്‍ ശേഖരത്തിന്റെ ഉടമയുമായി. സ്പെയര്‍പാട്സ് കിട്ടാത്തതിനാല്‍ ഉപേക്ഷിച്ചതും സെക്കന്‍ഡ് ഹാന്‍ഡായി വില്‍ക്കുന്നതിനായി വാങ്ങിയതുമായ 3500 ലധികം മൊബൈല്‍ ഫോണുകള്‍ ഇപ്പോള്‍ രജിത്തിന്റെ ശേഖരത്തിലുണ്ട്. താത്പര്യമറിയുന്ന സൃഹൃത്തുക്കള്‍ ചിലപ്പോള്‍ മൊബൈല്‍ഫോണ്‍ സമ്മാനമായി നല്‍കാറുമുണ്ട്.
മോട്ടറോള പുറത്തിറക്കിയ സ്ട്രൊനയാണ് കൂട്ടത്തില്‍ ഏറ്റവും പഴക്കംചെന്നത്. സോണി, എറിക്സണ്, ഷാര്‍പ്പ് എന്നീ കമ്പനികള്‍ പുറത്തിറക്കിയ നിലവില്‍ വിപണിയിലില്ലാത്ത മൊബൈല്‍ ഫോണുകളും ഇദ്ദേഹത്തിന്റെ കൈയ്യിലുണ്ട്. മൊബൈല്‍ ഫോണ്‍ നന്നാക്കി നല്‍കുന്നതിനുപുറമെ നന്നാക്കാന്‍ പഠിപ്പിക്കുന്നുമുണ്ട് രജിത്ത്. ഇത്തവണ ഓണത്തിന് മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ച് തീര്‍ത്ത പൂക്കളം ഏറെ ശ്രദ്ധ നേടിയിരുന്നു. മൊബൈല്‍ ഫോണ്‍ ശേഖരവുമായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടാനുളള ശ്രമത്തിലാണിപ്പോള്‍. എല്ലാത്തിനും പിന്തുണയുമായി ഭാര്യ മജിഷയും മക്കളും രജിത്തിനൊപ്പമുണ്ട്.