അവതാളം

കൈയടികൾ മനസിന്റെ യവനികയിൽ ഇപ്പോഴും മുഴങ്ങി കേൾക്കുന്നുണ്ട്…കഴിഞ്ഞ ഒരു കൊല്ലമായി തിരിച്ചടികൾ മാത്രമാണ് ജീവിതത്തിൽ. മൂന്ന് പതിറ്റാണ്ട് കാലത്തോളമായി കലാകാരനായി ജീവിക്കാൻ തോന്നിയത് തെറ്റായി എന്ന് മനസ് പറയുന്നത് പോലെ.

ഭാര്യയുടെയും മക്കളുടെയും മുഖത്ത് നോക്കാൻ പോലും ആത്മവിശ്വാസം ഇല്ലാതായിരിക്കുന്നു. ഉത്സവ സീസണുകളെ പ്രതീക്ഷിച്ചു വാങ്ങിയ വാദ്യോപകരണങ്ങളുടെ ലോണടച്ച കാലം മറന്നു….വീടിന്റെ ലോണും മുടങ്ങി കിടക്കുകയാണ്..ഇപ്പൊ ഇപ്പൊ അടുക്കള പോലും പുകയാത്ത അവസ്ഥ.

റോഡിൽ പൊരിവെയിലത്ത്നിന്ന് ഉപ്പേരി വിറ്റുകിട്ടുന്ന കാശിനാണ് ഇപ്പോൾ ഉപജീവനം. അതും മനസലിഞ്ഞു ആരെങ്കിലും വാങ്ങിയാലായി.ആഹ്ലാദവും വാശിയും ഒക്കെ നിറഞ്ഞ ഉത്സവ സമാനമായ മറ്റു പലതും നടക്കുന്നതും കണ്ടു. ഇനി എത്രകാലം… ജീവിതം അവസാനിപ്പിക്കാൻ ആവുകയില്ലല്ലോ..മക്കളെ ഒരു കരയ്ക്ക് എത്തിക്കുന്നത് വരെ..

നാളെയാണ് വീടിന്റെ ജപ്‌തി…തോൽക്കാൻ ഉദ്ദേശിച്ചിട്ടില്ല…പാടുത വലിച്ചു കെട്ടിയ കൂരയിലേക്ക് ഇന്നേ മാറുകയാണ്.

ജി.കണ്ണനുണ്ണി

Leave a Reply

Your email address will not be published. Required fields are marked *